Irfan death: `സുഹൃത്തുക്കൾ മയക്കുമരുന്ന് മണപ്പിച്ചു`; 17കാരൻറെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം, ഒരാൾ കസ്റ്റഡിയിൽ
Irfan death case: തലച്ചോറിലുണ്ടായ അമിത രക്തസ്രാവമാണ് ഇർഫാൻ മരിക്കാൻ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
തിരുവനന്തപുരം: തിരുവനന്തപുരത്ത് 17കാരനായ ഇർഫാൻ മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. സുഹൃത്തുക്കൾ മയക്കുമരുന്ന് നൽകിയതിനാലാണ് ഇർഫാൻ മരിച്ചതെന്ന് കുടുംബം പരാതി നൽകി. പെരുമാതുറ തെരുവിൽ വീട്ടിൽ സുൽഫിക്കർ-റജില ദമ്പതിമാരുടെ മകൻ ഇർഫാൻ ചൊവ്വാഴ്ച പുലർച്ചെയാണ് മരിച്ചത്.
തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് ഇർഫാനെ സുഹൃത്തുക്കൾ വീട്ടിൽ നിന്ന് വിളിച്ചു കൊണ്ടുപോയത്. രാത്രി 7 മണിയോടെ വീടിന് സമീപത്ത് ക്ഷീണിതനായ നിലയിൽ ഇർഫാനെ ഉപേക്ഷിച്ച് ഇവർ കടന്നു കളയുകയായിരുന്നു. ചില സുഹൃത്തുക്കൾ ചേർന്ന് എന്തോ മയക്കുമരുന്ന് മണപ്പിച്ചെന്ന് ഇർഫാൻ പറഞ്ഞിരുന്നുവെന്നും ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതോടെ മകനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്നും മാതാവ് റജില പറഞ്ഞു.
ALSO READ: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; തിരുവനന്തപുരത്ത് ദന്ത ഡോക്ടർ അറസ്റ്റിൽ
വീട്ടിലെത്തിയതിന് പിന്നാലെ ഇർഫാൻ ഛർദ്ദിക്കുകയും ബോധരഹിതനാകുകയും ചെയ്തു. ഇതോടെയാണ് വീട്ടുകാർ ഇർഫാനെ പുതുക്കുറിച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ഇർഫാൻ ലഹരി ഉപയോഗിച്ചതായി കുടുംബം ഡോക്ടറോടും പറഞ്ഞിരുന്നു. തുടർന്ന് ആശ്വാസം അനുഭവപ്പെട്ടതോടെ രാത്രി തന്നെ വീട്ടിലേയ്ക്ക് തിരികെ എത്തി. രണ്ട് മണിയോടെ ഇർഫാൻറെ ആരോഗ്യനില വീണ്ടും വഷളായി. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഇർഫാനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചൊവ്വാഴ്ച പുലർച്ചെയോടെ മരണപ്പെടുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ചൊവ്വാഴ്ച വൈകിട്ട് പെരുമാതുറ ജുമാ മസ്ജിദിൽ ഖബറടക്കി.
തലച്ചോറിലുണ്ടായ അമിത രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. അമിത ലഹരി ഉപയോഗമാണ് ഇതിന് കാരണമെന്നാണ് നിഗമനം. ആന്തരികാവയവങ്ങളുടെ ഫോറൻസിക് പരിശോധന റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത ലഭിക്കുകയുള്ളൂ. ഇർഫാൻറെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തിലെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൊട്ടാരംതുരുത്ത് സ്വദേശി ഫൈസൽ എന്നയാളാണ് പിടിയിലായത്. തിങ്കളാഴ്ച വൈകിട്ട് ഇർഫാനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയത് ഇയാളാണെന്ന് പോലീസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...