)
തിരുവനന്തപുരം: സംസ്ഥാനത്ത് ഡോക്ടറുടെ കുറിപ്പടിയില്ലാതെ കഫ് സിറപ്പ് വിൽക്കരുതെന്ന സർക്കുലറുമായി ഡ്രഗ്സ് കൺട്രോളർ. രണ്ട് വയസിൽ താഴെയുള്ള കുട്ടികൾക്ക് കഫ് സിറപ്പ് നൽകരുതെന്ന് മെഡിക്കൽ സ്റ്റോറുകൾക്ക് നിർദ്ദേശം നൽകി. ഇത് സംബന്ധിച്ച് സർക്കുലറും നൽകിയിട്ടുണ്ട്. കഫ് സിറപ്പ് വിൽപ്പന സംബന്ധിച്ച് കേന്ദ്ര സർക്കാരിന്റെ നിർദേശം വന്നതിന് പിന്നാലെയാണ് മരുന്ന് വ്യാപാരികൾക്കും ഫാർമിസിസ്റ്റുകൾക്കും ഡ്രഗ് കൺട്രോളർ സർക്കുലർ നൽകിയത്.
2 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഒരു കാരണവശാലും ചുമയ്ക്കോ ജലദോഷത്തിനോ കഫ് സിറപ്പ് നൽകരുതെന്നാണ് നിർദ്ദേശം. ഒന്നിലധികം മരുന്ന് ചേരുവകൾ ചേർത്തിട്ടുള്ള സംയുക്ത ഫോർമുലേഷനുകൾ ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. ഇത്തരത്തിലുള്ള മരുന്ന് കുറിപ്പടികളുമായി വരികയാണെങ്കിൽ ആ മരുന്ന് നൽകേണ്ടതില്ല. 5 വയസ്സിൽ താഴെയുള്ള കുട്ടികൾക്കാണ് ഇത്തരം മരുന്നുകൾ നൽകുന്നതെങ്കിൽ ഡോസേജിലും കാലയളവിലും കൃത്യമായ നിർദ്ദേശം നൽകിയിരിക്കിണമെന്നും സർക്കുലറിൽ പറയുന്നു. അംഗീകൃത നിർമാതാക്കളുടെ മരുന്ന് മാത്രമേ വിൽക്കാവൂ. പ്രിസ്ക്രിപ്ഷൻ ഇല്ലാതെ ഇത്തരം മരുന്നുകൾ വിൽക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പ് ഉണ്ട്.
അതേസമയം മധ്യപ്രദേശിൽ 11 കുട്ടികളുടെ മരണത്തിന് കാരണമായ കോൾഡ്രിഫ് കഫ് സിറപ്പിന്റെ 170 ബോട്ടിലുകളാണ് കേരളത്തിൽ നിന്ന് കണ്ടെടുത്തത്. ഇതിൽ 52 സാമ്പിളുകൾ സംസ്ഥാന ഡഗ് കൺട്രോളർ വകുപ്പ് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. തിരുവനന്തപുരം, എറണാകുളം, ഡ്രഗ് ടെസ്റ്റിംഗ് ലബോറട്ടറികളിലാണ് പരിശോധ നടത്തുന്നത്. അനുവദനീയമായതിൽ കൂടുതൽ ഡൈഎത്തിലീൻ ഗ്ലൈക്കോൾ സിറപ്പിലുണ്ടോ എന്നാണ് പരിശോധിക്കുന്നത്. കുട്ടികളുടെ മംരണത്തിനിടയാക്കിയതായി കരുതുന്ന SR 13 എന്ന ബാച്ച് കേരളത്തിൽ വില്പനയ്ക്ക് എത്തിച്ചിട്ടില്ലെന്നാണ് നിഗമനം.
സംസ്ഥാനത്ത് ഈ ബ്രാൻഡിന്റെ വിൽപ്പന നിരോധിച്ചിരുന്നു. കഫ് സിറപ്പ് വിൽപ്പന തടയുന്നതിന്റെ ഭാഗമായി ആശുപത്രി ഫാർമസികളിലും മെഡിക്കൽ സ്റ്റോറുകളിലും നടത്തുന്ന പരിശോധന തുടരും. കേരളത്തിന് പുറത്ത് നിന്നെത്തിക്കുന്ന മറ്റ് ബ്രാൻഡുകളുടെ സാമ്പിളുകളും പരിശോധിക്കുന്നുണ്ട്. കൂടാതെ കേരളത്തിൽ നിർമിക്കുന്ന 5 ബ്രാൻഡുകളുടെയും സാമ്പിളുകൾ ശേഖരിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.