ലഘുലേഖ കൈവശം വച്ചു, 2 സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മാവോയിസ്റ്റ് ലഘുലേഖകള്‍ വിതരണം ചെയ്തെന്നരോപിച്ച് 2 സിപിഎം പ്രവര്‍ത്തകരെ പന്തീരങ്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കെതിരെ യുഎപിഎ ചുമത്തിയതായാണ് റിപ്പോര്‍ട്ട്.

Last Updated : Nov 2, 2019, 12:21 PM IST
ലഘുലേഖ കൈവശം വച്ചു, 2 സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കോഴിക്കോട്: മാവോയിസ്റ്റ് ലഘുലേഖകള്‍ വിതരണം ചെയ്തെന്നരോപിച്ച് 2 സിപിഎം പ്രവര്‍ത്തകരെ പന്തീരങ്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കെതിരെ യുഎപിഎ ചുമത്തിയതായാണ് റിപ്പോര്‍ട്ട്.

കോഴിക്കോട് പന്തീരാങ്കാവിൽ നിന്നാണ് അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവര്‍ അറസ്റ്റിലായത്. സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളാണ് ഇരുവരും. മാവോയിസ്റ്റ് ലഘുലേഖ കൈയ്യിൽ വച്ചതിനായിരുന്നു ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. 

അറസ്റ്റിലായ അലൻ മാവോയിസ്റ്റ് ലഘുലേഖകള്‍ വിതരണം ചെയ്തെന്നും ഇത്തരം ലഘുലേഖകള്‍ ഇയാളുടെ കൈയ്യിൽ നിന്ന് കണ്ടെടുത്തെന്നുമാണ് പോലീസിന്‍റെ വാദം. മഞ്ചിക്കണ്ടിയൽ പോലീസ് വെടിവെപ്പിൽ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതിൽ പ്രതിഷേധം അറിയിക്കുന്ന കുറിപ്പാണ് ഇവരുടെ കൈയ്യിൽ നിന്ന് കണ്ടെടുത്തതെന്നാണ് സൂചന. നിയമ വിദ്യാര്‍ത്ഥിയായ അലൻ ഷുഹൈബിന്‍റെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തിയിരുന്നു. 

അതേസമയം, അലൻ സിപിഎം അംഗമാണെന്നും നടന്നത് ഭരണകൂട ഭീകരതയാണെന്നും അലന്‍റെ പിതാവ് ഷുഹൈബ് പറഞ്ഞു. സജീവ എസ്എഫ്ഐ പ്രവര്‍ത്തകനുമാണ് അറസ്റ്റിലായ അലൻ എന്നാണ് റിപ്പോര്‍ട്ട്.

ഏതോ നോട്ടീസ് കൈയ്യിലുണ്ടെന്ന പേരിലാണ് മകനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും അലന് മാവോയിസ്റ്റുകളുമായി ബന്ധമില്ലെന്നും ശുഹൈബും അലന്‍റെ അമ്മ സബിതയും മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ വൈകിട്ടാണ് അലനെ അറസ്റ്റ് ചെയ്തതെങ്കലും പുലര്‍ച്ചെ നാലുമണിയോടെയാണ് വീട്ടിൽ റെയ്ഡ് നടന്നതെന്നും സബിത മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, താഹയെ അറസ്റ്റ് ചെയ്തത് പുലര്‍ച്ചെ രണ്ട് മണിക്കാണെന്ന് ബന്ധു പറഞ്ഞു. രണ്ട് മണിക്കൂര്‍ നീണ്ട പരിശോധനക്ക് ശേഷമാണ് അറസ്റ്റ് ചെയ്തത്.

അലന്‍റെ അറസ്റ്റിനെതിരെ വിവിധ യുവജന പ്രസ്ഥാനങ്ങള്‍ പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. വിവിധ പരിപാടികള്‍ക്കായി കോഴിക്കോടെത്തുന്ന മുഖ്യമന്ത്രിയെ അലന്‍റെ മാതാപിതാക്കള്‍ സന്ദര്‍ശിക്കുമെന്നാണ് സൂചന.

Trending News