യു.എ.പി.എ പിന്‍വലിക്കില്ല, മാവോവാദി ബന്ധത്തിന് തെളിവുകളുണ്ട്

മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റു ചെയ്ത സി.പി.എം പ്രവര്‍ത്തകരുടെ പേരില്‍ ചുമത്തിയ യു.എ.പി.എ പിന്‍വലിക്കില്ലെന്ന് ഉത്തര മേഖല ഐ.ജി അശോക് യാദവ്.

Sheeba George | Updated: Nov 2, 2019, 04:17 PM IST
യു.എ.പി.എ പിന്‍വലിക്കില്ല, മാവോവാദി ബന്ധത്തിന് തെളിവുകളുണ്ട്

കോഴിക്കോട്: മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റു ചെയ്ത സി.പി.എം പ്രവര്‍ത്തകരുടെ പേരില്‍ ചുമത്തിയ യു.എ.പി.എ പിന്‍വലിക്കില്ലെന്ന് ഉത്തര മേഖല ഐ.ജി അശോക് യാദവ്.

മണിക്കൂറുകള്‍ നീണ്ട യോഗത്തിന് ശേഷമാണ് ഉത്തരമേഖല ഐ.ജി സ്‌റ്റേഷന് പുറത്തെത്തി മാധ്യമങ്ങളെ കണ്ടത്. യു.എ.പി.എ നിലനില്‍ക്കുന്ന കേസാണെന്ന് ഐ.ജി വ്യക്തമാക്കി. പ്രതികളെ ഉടന്‍ കോടതിയില്‍ ഹാജരാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പോലീസിന്‍റെ കയ്യില്‍ കൃത്യമായ തെളിവുകളുണ്ട്‌. അതിന്‍റെ അടിസ്ഥാനത്തിലാണ് യു.എ.പി.എ ചുമത്തിയിരിക്കുന്നത്. യു.എ.പി.എ പിന്‍വലിക്കുന്ന കാര്യം ആലോചിച്ചിട്ടില്ല, അദ്ദേഹം പറഞ്ഞു.

യോഗത്തിനുശേഷം കമ്മീഷണറും ഐ.ജിയും ഉള്‍പ്പടെയുള്ളവര്‍ സ്റ്റേഷനില്‍ നിന്ന് മടങ്ങി. പ്രതികളെ വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോവുകയും തുടര്‍ന്ന് സെഷന്‍സ് കോടതിയില്‍ ഹാജരാക്കുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

മാവോയിസ്റ്റ് ലഘുലേഖകള്‍ വിതരണം ചെയ്തെന്നരോപിച്ചാണ് 2 സിപിഎം പ്രവര്‍ത്തകരെ പന്തീരങ്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍, ഇവര്‍ക്കെതിരെ യുഎപിഎ ചുമത്തിയതോടെ സിപിഐ നേതൃത്വം രംഗത്തെത്തി. തുടര്‍ന്ന് ഈ വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടുകയും വിശദീകരണം തേടുകയും ചെയ്തിരുന്നു. എന്നാല്‍, കേസില്‍ യു.എ.പി.എ നിലനില്‍ക്കുമെന്ന പോലീസിന്‍റെ വാദം ഉന്നത ഉദ്യോഗസ്ഥര്‍ അംഗീകരിച്ചിരിക്കുകയാണ്. 

കോഴിക്കോട് പന്തീരാങ്കാവിൽ നിന്നാണ് അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവര്‍ അറസ്റ്റിലായത്. സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളാണ് ഇരുവരും. മാവോയിസ്റ്റ് ലഘുലേഖ കൈയ്യിൽ വച്ചതിനായിരുന്നു ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. മുന്‍പ് ഈ പ്രദേശത്ത് വ്യാപകമായി മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുകയും പോലീസ് നിരീക്ഷണം ശക്തമാക്കുകയും ചെയ്തിരുന്നിരുന്നു.

അതേസമയം പ്രതികളുടെ കയ്യില്‍ നിന്ന് കണ്ടെടുത്തത് മാവോയിസ്റ്റ് ലഘുലേഖകള്‍ തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ജമ്മു-കശ്മീരിലെ സ്വതന്ത്ര പോരാട്ടത്തെ പിന്തുണയ്ക്കുക, ബ്രാഹ്മണ്യ ഹിന്ദുത്വ ഫാസിസത്തിനെതിരെ കലാപം ചെയ്യുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ഇതില്‍ എഴുതിയിരിക്കുന്നത്. സി.പി.ഐ മാവോയിസ്റ്റിന്‍റെ  ഏരിയ കമ്മറ്റി പുറത്തിറക്കിയവയാണ് ഈ ലഘുലേഖകളെന്നാണ് സൂചന.