ജനവിധി കഴിഞ്ഞു, ഇനി വിജയിക്കായുള്ള കാത്തിരിപ്പ്

കെ. എം. മാണിയുടെ നിര്യാണത്തോടെ ഒഴിവ് വന്ന പാലാ നിയോജകമണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ഇന്നലെ നടന്നു. പോളി൦ഗ് ശതമാനം 71.26. 

Sheeba George | Updated: Sep 24, 2019, 10:51 AM IST
ജനവിധി കഴിഞ്ഞു, ഇനി വിജയിക്കായുള്ള കാത്തിരിപ്പ്

പാലാ: കെ. എം. മാണിയുടെ നിര്യാണത്തോടെ ഒഴിവ് വന്ന പാലാ നിയോജകമണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ഇന്നലെ നടന്നു. പോളി൦ഗ് ശതമാനം 71.26. 

രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ആറ് മണിവരെയാണ് വോട്ടെടുപ്പ് നടന്നത്. വോട്ടര്‍മാരുടെ വലിയ നിര തന്നെ ബൂത്തുകളില്‍ ദൃശ്യമായിരുന്നു. എങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ പോളിംഗ് ശതമാനം കുറഞ്ഞത്‌ മൂന്നു മുന്നണികളിലും ആശങ്ക ഉളവാക്കിയിരിക്കുകയാണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ 77% ആയിരുന്നു മണ്ഡലത്തിലെ പോളിംഗ്. 

അതേസമയം, പാലായില്‍ പ്രതീക്ഷയ്ക്കൊത്ത പോളിംഗ് ശതമാനം ഇല്ലാത്തതില്‍ യുഡിഎഫ് ക്യാമ്പില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്. കാരണം, കേരള കോണ്‍ഗ്രസ്‌ എമ്മിലെ ഉള്‍പ്പോര് അവസാന നിമിഷം വരെ തുടര്‍ന്ന സാഹചര്യവും കൂടി കണക്കിലെടുക്കുമ്പോള്‍ ആശങ്ക തികച്ചും ഉചിതവുമാണ്.   

തിരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ  ചുക്കാന്‍ ഏറ്റെടുത്ത കോണ്‍ഗ്രസിന്, കേരളാ കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങളില്‍ വലിയ അതൃപ്തിയുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് ദിനം ജോയ് എബ്രഹാം നടത്തിയ പ്രതികരണത്തിലും കോണ്‍ഗ്രസ് നേതാക്കള്‍ അതൃപ്തരാണ്. എങ്കിലും വിജയപ്രതീക്ഷയില്‍ തന്നെയാണ് യു.ഡിഎഫ്!!

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിംഗ് 77% ആയിരുന്നുവെങ്കില്‍ ഉപതിരഞ്ഞെടുപ്പില്‍ അത് 71.26 എന്ന നിലയിലാണ്. പോളിംഗ് ശതമാനം മോശമല്ലെന്ന് യുഡിഎഫ് നേതാക്കള്‍ വിലയിരുത്തുമ്പോഴും ജോസഫ്, ജോസ് കെ. മാണി വിഭാഗത്തിന്‍റെ തമ്മിലടി പോളിംഗ് ശതമാനം കുറയ്ക്കാന്‍ പ്രധാന കാരണമായെന്ന് കോണ്‍ഗ്രസ് വിലയിരുത്തുന്നു. 

ബിജെപി കോട്ടയം ജില്ലാ കമ്മിറ്റിയിലുണ്ടായ വിള്ളല്‍ മുതലെടുക്കാനായെന്നും ശബരിമല വിഷയത്തിലെ വോട്ടുകളില്‍ നല്ലൊരു വിഭാഗം യുഡിഎഫ് സ്ഥാനാർഥിക്ക് എത്തിക്കാനായെന്നും യുഡിഎഫ് വിലയിരുത്തുന്നു.

176 ബൂത്തുകളിലായി 1,79,107 വോട്ടര്‍മാരാണ് മണ്ഡലത്തില്‍ ഉള്ളത്. ഏറ്റവും ആധുനികമായ എം 3 വോട്ടി൦ഗ് യന്ത്രങ്ങളാണ് ഇത്തവണ ഉപയോഗിച്ചത്. എല്ലാ ബൂത്തുകളിലും വിവിപാറ്റ് സൗകര്യവും ഒരുക്കിയിരുന്നു.
പ്രശ്ന ബാധിത ബൂത്തുകളിലെ മുഴുവന്‍ നടപടികളുടെയും വീഡിയോ ചിത്രീകരിച്ചിരുന്നു.

പാലാ നിയമസഭാ മണ്ഡലം രൂപീകരിച്ചതിന് ശേഷം ഇതുവരെ പാലാക്കാര്‍ക്ക് ഒരേയൊരു എംഎല്‍എയേ ഉണ്ടായിരുന്നുള്ളൂ. സാക്ഷാല്‍ കെ.എം മാണി. അദ്ദേഹത്തിന്‍റെ മരണത്തെത്തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വന്നിരിക്കുന്നത്. മാണിയ്ക്ക് ശേഷം പാലായെ ആര് നയിക്കും? പാലായുടെ പുതിയ നായകന്‍ ആരായിരിക്കും? 27 വരെ കാത്തിരിക്കാം.....