വിനോദസഞ്ചാരികളുടെ മൃതശരീരം നാട്ടിലെത്തിക്കാനുള്ള നടപടി ആരംഭിച്ചതായി കേന്ദ്രമന്ത്രി വി മുരളീധരന്‍

നേപ്പാളില്‍ വിനോദയാത്രയ്ക്ക് പോയ 8 മലയാളികളുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. 

Sheeba George | Updated: Jan 21, 2020, 02:39 PM IST
 വിനോദസഞ്ചാരികളുടെ മൃതശരീരം നാട്ടിലെത്തിക്കാനുള്ള നടപടി ആരംഭിച്ചതായി കേന്ദ്രമന്ത്രി വി   മുരളീധരന്‍

ന്യൂഡല്‍ഹി: നേപ്പാളില്‍ വിനോദയാത്രയ്ക്ക് പോയ 8 മലയാളികളുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. 

ഇന്ത്യന്‍ എംബസി ഡോക്ടര്‍ സംഭവസ്ഥലം സന്ദര്‍ശിക്കുമെന്നും, പോസ്റ്റ്‌മോര്‍ട്ടം അടക്കമുള്ള നടപടികള്‍ക്ക് ശേഷം ഇവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. 

ദമനിലെ എവറസ്റ്റ് പനോരമ റിസോര്‍ട്ട് മുറിയിലാണ് 8 പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 15 പേരടങ്ങുന്ന സംഘത്തിലെ 8 പേരാണ് മരിച്ചത്. 4 കുടുംബങ്ങളാണ് വിനോദയാത്രയ്ക്ക് പോയത്. 

കാര്‍ബണ്‍ മൊണോക്സൈഡ് ശ്വസിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. തണുപ്പകറ്റാന്‍ ഇവര്‍ മുറിയിലെ ഗ്യാസ് ഹീറ്റര്‍ ഉപയോഗിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ശ്വാസം മുട്ടിയാകാം മരിച്ചത് എന്നാണ് പോലീസ് സംശയിക്കുന്നത്. 

2 കുടുംബത്തില്‍പ്പെട്ടവരാണ് മരിച്ചത്. തിരുവനന്തപുരം ചെങ്കോട്ടുകോണം, കോഴിക്കോട് കുന്ദമംഗലം സ്വദേശികളാണ് ഇവരെന്നാണ് റിപ്പോര്‍ട്ട്.

പ്രബിന്‍ കുമാര്‍ നായര്‍ (39), ശരണ്യ (34) രഞ്ജിത് കുമാര്‍ ടി.ബി (39) ഇന്ദു രഞ്ജിത് (34), ശ്രീഭദ്ര (9) അഭിനവ് സൂര്യ (9) അഭി നായര്‍(7), വൈഷ്ണവ് രഞ്ജിത് (2) എന്നിവരാണ് മരിച്ചത്. 

മൃതദേഹങ്ങൾ കാഠ്മണ്ഡുവിലെ ആശുപത്രിയിലേക്ക് മാറ്റിയിരിയ്കുകയാണ്.