അഭിമന്യു വധം: മുൻകൂട്ടി നിശ്ചയിച്ച തീരുമാനമെന്ന് പോലിസ്

ഒരു ഏറ്റുമുട്ടലിന്‍റെയോ പെട്ടെന്നുണ്ടായ പ്രകോപനത്തിന്‍റെയോ ഭാഗമല്ലാതെ മുൻകൂട്ടി എടുത്ത തീരുമാനമാണ്‌ അഭിമന്യുവിന്‍റെ കൊല എന്ന നിഗമനത്തിലാണ് പോലീസ്. 

Last Updated : Jul 6, 2018, 08:16 AM IST
അഭിമന്യു വധം: മുൻകൂട്ടി നിശ്ചയിച്ച തീരുമാനമെന്ന് പോലിസ്

തിരുവനന്തപുരം: മഹാരാജാസ് കോളേജ് വിദ്യാർഥി അഭിമന്യുവിന്‍റെ കൊലപാതകികളുടെമേൽ യു.എ.പി.എ. ചുമത്താൻ പോലീസ് ആലോചിക്കുന്നത് ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലോന്നുമല്ല മറിച്ച് ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് ഉന്നത പോലീസ് കേന്ദ്രങ്ങൾ സൂചന നൽകി.

ഒരു ഏറ്റുമുട്ടലിന്‍റെയോ പെട്ടെന്നുണ്ടായ പ്രകോപനത്തിന്‍റെയോ ഭാഗമല്ലാതെ മുൻകൂട്ടി എടുത്ത തീരുമാനമാണ്‌ അഭിമന്യുവിന്‍റെ കൊല എന്ന നിഗമനത്തിലാണ് പോലീസ്.

മഹാരാജാസ് കോളേജ് സംഭവം കൊലക്കുറ്റത്തിനപ്പുറം ഭീകരപ്രവർത്തനമാണെന്ന് സർക്കാരും പോലീസും കരുതുന്നു. തുടർനടപടികളുടെ കാര്യത്തിൽ യാതൊരു ദാക്ഷിണ്യവും വേണ്ട എന്ന നിർദേശമാണ് ആഭ്യന്തര വകുപ്പിൽനിന്ന് പോലീസിനു ലഭിച്ചിട്ടുള്ളത്.

അഭിമന്യുവിനെ കൊലപ്പെടുത്താൻ മുൻകൂട്ടി നിശ്ചയിച്ചിരുന്നു എന്നതിന്‍റെ തെളിവുകൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഈ വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിനെയും ധരിപ്പിച്ചതായാണ് സൂചന. തിടുക്കത്തിലുള്ള ശക്തമായ പോലീസ് നടപടികൾക്ക് പിന്നിൽ രാഷ്ട്രീയ തീരുമാനവുമുണ്ട്. സംസ്ഥാന പോലീസ് മേധാവി നേരിട്ട് കൊച്ചിയിലെത്തി പ്രതികളെ ചോദ്യം ചെയ്തതൊക്കെ രാഷ്ട്രീയ കൊലപാതകത്തിനപ്പുറത്ത് ഈ സംഭവത്തിനു പോലീസ് നൽകിയിട്ടുള്ള ഗൗരവം വ്യക്തമാക്കുന്നു.

മുഖ്യധാരാ രാഷ്ട്രീയത്തിൽ സജീവമല്ലാതിരിക്കുകയും പൊതുപ്രശ്നങ്ങളിൽ ഇടപെടൽ നടത്തുന്നു എന്നപേരിൽ കലാപത്തിനു ശ്രമിക്കുകയും ചെയ്യുന്നു എന്ന ആരോപണം എസ്.ഡി.പി.ഐ.യ്ക്കുമേൽ പോലീസ് ചുമത്തുന്നുണ്ട്. ഇപ്പോഴത്തെ നടപടികൾവഴി നക്സൽ മോഡൽ അടിച്ചമർത്തലാണ് പോലീസ് ലക്ഷ്യമിടുന്നതും. ഇടതുസർക്കാർ അധികാരത്തിലെത്തിയശേഷം നടന്ന ചില ബഹുജന പ്രക്ഷോഭങ്ങളിൽ എസ്.ഡി.പി.ഐ. പോലുള്ള സംഘടനകളുടെ പങ്ക് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. മഹാരാജാസ് കോളേജ് സംഭവം ഉപയോഗപ്പെടുത്തി, ഇത്തരം സംഭവങ്ങളിലെ കുറ്റക്കാരെ പിടികൂടണമെന്ന നിർദേശം ജില്ലാ പോലീസ് മേധാവികൾക്ക് കഴിഞ്ഞദിവസം നൽകിയിട്ടുണ്ട്.

അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ മറുപക്ഷത്തുള്ള ആർക്കും ചെറിയ പോറൽപോലും ഏറ്റിട്ടില്ല. സംസ്ഥാനത്ത് മുമ്പ് കലാലയങ്ങളിൽ അരങ്ങേറിയിട്ടുള്ള കൊലപാതകങ്ങളെല്ലാം ഏറ്റുമുട്ടലിന്‍റെ ഫലമോ മുമ്പ് നടന്ന സംഭവങ്ങളുടെ തുടർച്ചയോ ആണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, അഭിമന്യുവിന്റേത് രാഷ്ട്രീയ കൊലപാതകമല്ല എന്ന് പോലീസ് കേന്ദ്രങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. അഭിമന്യു കേസിന് തീവ്രവാദ സ്വഭാവമുള്ളതിനാൽ യു.എ.പി.എ.യ്ക്ക് കൂടുതൽ സാധ്യതയുണ്ടെന്നാണ് പോലീസ് കേന്ദ്രങ്ങൾ പറയുന്നത്.

Trending News