)
കോഴിക്കോട്: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പ്രഖ്യാപനത്തിൽ തന്റെ അതൃപ്തി പ്രകടമാക്കി അബിൻ വർക്കി. കേരളത്തിൽ തന്നെ പ്രവർത്തനം തുടരണമെന്നാണ് ആഗ്രഹിച്ചിരുന്നത്. അതിനുള്ള അവസരം തരണമെന്ന് നേതാക്കളോട് അഭ്യർത്ഥിക്കുന്നുവെന്ന് അബിൻ പറഞ്ഞു. യൂത്ത് കോൺഗ്രസിലെ എല്ലാ പ്രവർത്തകരും എല്ലാ പദവികൾക്കും അർഹരാണ്. എല്ലാവരും മതേതരത്വം മുറുകെ പിടിക്കുന്നവരാണ്. ക്രിസ്ത്യാനി ആയത് പ്രശ്നം ആണോ എന്നും പാർട്ടി അങ്ങനെ കാണുന്നുണ്ടോ എന്ന് അറിയില്ലെന്നും അബിൻ പറഞ്ഞു.
പാർട്ടി ആവശ്യപ്പെട്ടതെല്ലാം ചെയ്തിട്ടുണ്ട്. പാർട്ടി സമരം ചെയ്യാൻ പറഞ്ഞപ്പോൾ അത് ചെയ്തു, ജയിലിൽ പോയി, കേസ് ഉണ്ടാക്കാൻ പറഞ്ഞപ്പോൾ അത് ചെയ്തു. പേരിനൊപ്പം കോൺഗ്രസ് എന്നുകൂടി വരുമ്പോൾ മാത്രമെ ഒരു മേൽവിലാസം ഉണ്ടാകുകയുള്ളൂ. അതുകൊണ്ട് തന്നെ ആ മേൽവിലാസത്തെ കളങ്കപ്പെടുത്തുന്നതൊന്നും തന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്നും അബിൻ വർക്കി വ്യക്തമാക്കി.
വിവിധ ഘടകങ്ങൾ പരിശോധിച്ച് പാർട്ടിയെടുത്ത തീരുമാനമാണിത്. തീരുമാനം വന്ന സമയത്ത് തന്നെ സംസ്ഥാനത്ത് തുടരാൻ അനുവദിക്കണമെന്ന അഭ്യർത്ഥന മുന്നോട്ട് വെച്ചിരുന്നു. സുപ്രധാനമായ ഈ സമയത്ത് കേരളത്തിൽ നിൽക്കാനാണ് ആഗ്രഹം. പിണറായി വിജനെതിരെ പോരാടണം. പാർട്ടിയുടെ തീരുമാനം തെറ്റായി എന്ന് പറയില്ലെന്നും തന്റെ താൽപര്യം നേതൃത്വത്തെ അറിയിക്കുമെന്നും അബിൻ പറഞ്ഞു. കോൺഗ്രസ് എന്ന വികാരം മാത്രമാണുള്ളത്. അതുകൊണ്ട് തന്നെ പാർട്ടിയെടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്നും അബിൻ പറഞ്ഞു.
സ്ഥാനമല്ല പ്രശ്നമെന്നായിരുന്നു അബിൻ പ്രതികരിച്ചത്. ഒരു സ്ഥാനമില്ലെങ്കിലും സാധാരണ യൂത്ത് കോൺഗ്രസ് പ്രവർത്തകനായി അടികൊള്ളാൻ താൻ ഇവിടെ തന്നെയുണ്ടാകും. ഒരു പദവി കിട്ടിയില്ല എന്നോർത്തോ കിട്ടി എന്നോർത്തോ അമിതമായി ആഹ്ലാദിക്കുകയോ ദുഃഖിക്കുകയോ ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു പാർട്ടി പ്രവർത്തകൻ എന്ന നിലയിൽ പാർട്ടി നൽകുന്ന ഉത്തരവാദിത്തങ്ങൾ കൃത്യമായി നിറവേറ്റാൻ മാത്രമാണ് ശ്രമിക്കുക. താനൊരു ഉത്തരവാദിത്വപ്പെട്ട പാർട്ടി പ്രവർത്തകനാണെന്നും പാർട്ടിയോട് അഭ്യർത്ഥിക്കാനുള്ള എല്ലാവിധ അവകാശങ്ങളും തനിക്കുണ്ടെന്നും അബിൻ പറഞ്ഞു. പാർട്ടിയെ ചലഞ്ച് ചെയ്യുകയല്ല, അഭ്യർത്ഥിക്കുക മാത്രമാണെന്നും അബിൻ വർക്കി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.