Care And Share International Foundation: 'സ്നേഹപൂർവ്വം മമ്മൂട്ടി'; ആരാധകന്റെ വാട്സ്ആപ്പ് സന്ദേശത്തിന് മറുപടി കിട്ടി, കുഞ്ഞു നിദ പുഞ്ചിരിച്ചു ഇടറാത്തെ ഹൃദയത്തോടെ

Care And Share International Foundation: സ്നേഹപൂർവം മമ്മൂട്ടിയെന്ന് എഴുതിയ കടലാസും ചുവന്ന റോസാ പുഷ്പങ്ങളും മുറുകെപ്പിടിച്ച് ഒരു മൂന്നരവയസ്സുകാരി വിടർന്നുചിരിക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Apr 27, 2025, 02:33 PM IST
  • മലപ്പുറം തിരൂർക്കാട് സ്വദേശിനി നിദ ഫാത്തിമയ്ക്കാണ് പുതു ജീവിതം ലഭിച്ചത്
  • ജന്മനാ ഹൃദോ​ഗബാധിതയായ ഈ കുഞ്ഞിന്റെ ശസ്ത്രക്രിയ ആലുവ രാജ​ഗിരി ആശുപത്രിയിലാണ് നടത്തിയത്
Care And Share International Foundation: 'സ്നേഹപൂർവ്വം മമ്മൂട്ടി'; ആരാധകന്റെ വാട്സ്ആപ്പ് സന്ദേശത്തിന് മറുപടി കിട്ടി, കുഞ്ഞു നിദ പുഞ്ചിരിച്ചു ഇടറാത്തെ ഹൃദയത്തോടെ

കൊച്ചി: റിലീസ് ദിവസം തന്നെ മമ്മൂട്ടിയുടെ സിനിമകൾ കാണും. അദ്ദേഹത്തെ അഭിപ്രായം അറിയിക്കും. മറുപടി പ്രതീക്ഷിച്ചല്ലെങ്കിലും പത്തുവർഷമായി ഇത് തുടരുന്ന ആരാധകനാണ് ജസീർ. ഫെബ്രുവരി 27ന് ജസീർ ബാബു മമ്മൂട്ടിയ്ക്ക് പതിവുപോലെ ഒരു വാട്സാപ്പ് സന്ദേശമയച്ചു. എന്നാൽ, ആ സന്ദേശം സിനിമയെക്കുറിച്ചായിരുന്നില്ല. പതിവ് നിശബ്ദത മാത്രം പ്രതീക്ഷിച്ച ജസീറിന് പക്ഷേ ഒരുമണിക്കൂറിനുള്ളിൽ ഒരു ഫോൺവിളിയെത്തി. ഈ കഥയുടെ ക്ലൈമാക്സിൽ സ്നേഹപൂർവം മമ്മൂട്ടിയെന്നെഴുതിയ കടലാസും പൂക്കളും മുറുകെപ്പിടിച്ച് ഒരു മൂന്നരവയസ്സുകാരി വിടർന്നുചിരിക്കുന്നു, അവൾക്ക് ഇനി പുതുഹൃദയം ഇടറാതെ മിടിക്കും.

Add Zee News as a Preferred Source

ഫെബ്രുവരി 27ന് ജസീർ ബാബു അയച്ച സന്ദേശത്തിൽ നിറഞ്ഞത് ഒരു കുടുംബത്തിന്റെ ഹൃദയവേദനയാണ്. പെരിന്തൽമണ്ണ മമ്മൂട്ടി ഫാൻസ് അസോസിയേഷൻ അം​ഗമാണ് ജസീർ ബാബു. ഒരു വാട്സ്ആപ്പ് സന്ദേശത്തിലൂടെ ജീവിതം തിരികെക്കിട്ടിയത് മലപ്പുറം തിരൂർക്കാട് സ്വദേശിനി നിദ ഫാത്തിമയ്ക്കാണ്. ജന്മനാ ഹൃദ്രോ​ഗബാധിതയായ ഈ കുഞ്ഞിന്റെ ശസ്ത്രക്രിയ ആലുവ രാജ​ഗിരി ആശുപത്രിയിൽ മമ്മൂട്ടിയുടെ നിർദേശപ്രകാരം പൂർണമായും സൗജന്യമായാണ് നടത്തിയത്.

ജസീറിന്റെ സന്ദേശം കിട്ടി ഒരുമണിക്കൂറിനുള്ളിൽ മമ്മൂട്ടിയുടെ നിർദ്ദേശത്തിൽ അദ്ദേഹത്തിന്റെ ജീവകാരുണ്യ സ്ഥാപനമായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണലിന്റെ ഭാരവാഹികൾ ജസീറിനെ വിളിച്ചു. തുടർന്ന് ആലുവ രാജഗിരി ആശുപത്രിയിൽ സൗജന്യശസ്ത്രക്രിയ്ക്കുള്ള ക്രമീകരണങ്ങൾ ഒരുക്കി. ഏപ്രിൽ ഏഴിന് പീഡിയാട്രിക് കാർഡിയാക് സർജൻ ഡോ. മുസ്തഫ ജനീലിന്റെ നേതൃത്വത്തിലാണ് നിദയ്ക്ക് ശസ്ത്രക്രിയ നടത്തിയത്.

മൂന്നാഴ്ച ആശുപത്രിയിൽ കഴിഞ്ഞു. മമ്മൂട്ടി കൊടുത്തയച്ച സമ്മാനവുമായി കഴിഞ്ഞദിവസം നിദയും കുടുംബവും സന്തോഷത്തോടെ നാട്ടിലേക്ക് മടങ്ങി. നിദ ഫാത്തിമ ജനിച്ച് മൂന്നര വയസ്സ് ആകുന്നതിനിടയിൽ രണ്ടു ഹൃദയ ശസ്ത്രക്രിയകളിലൂടെ കടന്നുപോയി. ഹൃദയത്തിന് താഴെ രണ്ട് അറകൾ ഉണ്ടാകുമെങ്കിലും നിദയ്ക്ക് ജന്മനാ ഹൃദയത്തിൽ ഒരു അറ മാത്രമേ (ഇടത് വെൻട്രിക്കിൾ) ഉണ്ടായിരുന്നുളളു. നിദ ഫാത്തിമ ജനിച്ച് മൂന്ന് മാസത്തിൽ തന്നെ ആദ്യ സർജറി നടത്തി.

നാലാം വയസ്സിന് മുമ്പ് രണ്ടാമത്തെ സർജറി നടത്തണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. നിദയുടെ പിതാവ് അലി ഡ്രൈവർ ജോലി ചെയ്താണ് കുടുംബം പുലർത്തുന്നത്. മകളുടെ ശസ്ത്രക്രിയക്ക് വേണ്ടത്ര തുക കണ്ടെത്തുക എന്നത് ആ പിതാവിന് അസാധ്യമായിരുന്നു. മാസങ്ങൾക്ക് മുമ്പ് ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായ അലിക്ക് അത് താങ്ങാവുന്നതിലും അപ്പുറമായി. സുഹൃത്തും ടൈലറുമായ കുഞ്ഞാപ്പു വഴി നിദ ഫാത്തിമയുടെ രോഗവിവരം ജസീർ അറിഞ്ഞതോടെ മമ്മൂട്ടി ആ കുടുംബത്തിന് മുന്നിൽ കാരുണ്യദൂതനായെത്തുകയായിരുന്നു.

രാജഗിരിയിലെ കാർഡിയോളജി വിഭാഗം മേധാവി ഡോ. കെകെ പ്രദീപ്, പീഡിയാട്രിക് കാർഡിയോളജിസ്റ്റ് ഡോ. എസ് വെങ്കടേശ്വരൻ, പീഡിയാട്രിക് ഐസിയു വിഭാഗം മേധാവി ഡോ. സൗമ്യ മേരി തോമസ് എന്നിവർ ചികിത്സയിൽ പങ്കാളികളായി. രക്തത്തിൽ ഓക്സിജന്റെ അളവ് കുറയുന്നതിനെ തുടർന്ന് ശരീരം നീല നിറമാകുന്ന നിദയുടെ രോഗാവസ്ഥ പൂർണമായും ഭേദമായെന്ന് ഡോ. എസ് വെങ്കടേശ്വരൻ പറഞ്ഞു. കൃത്യസമയത്ത് ശസ്ത്രക്രിയ നടത്താൻ കഴിഞ്ഞത് നിദയുടെ ഭാവിയ്ക്ക് ഗുണകരമാണെന്ന് പീഡിയാട്രിക് കാർഡിയാക് സർജൻ ഡോ. മുസ്തഫ ജനീൽ എം പറഞ്ഞു.

ഏഴ് ലക്ഷത്തോളം രൂപ ചെലവ് വരുന്ന ശസ്ത്രക്രിയയാണ് പൂർണമായും സൗജന്യമായി നടത്തിയത്. കെയർ ആൻഡ് ഷെയർ ‘വാത്സല്യം’ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ ശസ്ത്രക്രിയ സൗജന്യമായി നടത്തുന്നതിനാണ്. ആദ്യഘട്ടത്തിൽ ആലുവ രാജഗിരി ആശുപത്രിയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നതെന്ന് കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൌണ്ടേഷൻ ചെയർമാൻ കെ മുരളീധരൻ (മുരളിയ) വ്യക്തമാക്കി.

പഴയ കളിയും ചിരിയും വീണ്ടെടുത്ത് മടങ്ങാൻ ഒരുങ്ങവെയാണ് നിദയെ തേടി അപ്രതീക്ഷിത സമ്മാനം എത്തിയത്. മമ്മൂക്ക കൊടുത്തയച്ച ബൊക്കയും, ആശംസാ കാർഡും ആയിരുന്നു അതിൽ. കെയർ ആൻഡ് ഷെയർ ഭാരവാഹികളും ജസീർ ബാബുവും ചേർന്ന് മമ്മൂട്ടിയുടെ സമ്മാനം നിദയ്ക്ക് കൈമാറി. മകളുമായി മടങ്ങുമ്പോൾ മമ്മൂക്കയുടെ ആരാധകൻ കൂടിയായ അലിക്ക് ഒരാഗ്രഹം മാത്രം, മമ്മൂക്കയെ കാണണം, കൂടെയൊരു ഫോട്ടോ എടുക്കണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News