നടിയെ ആക്രമിച്ച കേസ്: നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്‍റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷാ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. 

Last Updated : Sep 8, 2017, 09:07 AM IST
നടിയെ ആക്രമിച്ച കേസ്: നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്‍റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷാ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അതേസമയം ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ക്കുമെന്നാണ് വിവരം. അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെ ചികിത്സ തേടിയ നാദിര്‍ഷ ഇപ്പോഴും ആശുപത്രിയിലാണ്.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ 13 മണിക്കൂര്‍ ചോദ്യം ചെയ്തതിനൊപ്പം നാദിര്‍ഷായെയും പോലീസ് വിശദമായി ചോദ്യം ചെയ്തിട്ടുണ്ടായിരുന്നു. വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനു പിന്നാലെയാണ് നെഞ്ചുവേദനയെ തുടര്‍ന്ന് ഇന്നലെ രാവിലെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. നാദിര്‍ഷ നേരത്തെ നല്‍കിയ മൊഴികള്‍ പലതും കളവാണെന്ന് തെളിഞ്ഞതോടെയാണ് വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതെന്നാണ് സൂചന. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച ശേഷമായിരിക്കും ചോദ്യം ചെയ്യല്‍. ദിലീപിനൊപ്പം നാദിര്‍ഷയെ പോലീസ് ചോദ്യം ചെയ്തിരുന്നു സമയത്ത് നാദിര്‍ഷയെ മാപ്പുസാക്ഷിയാക്കുമെന്നും പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ താന്‍ നിരപരാധിയാണെന്നും കേസില്‍ കുടുക്കാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നതെന്നും ജാമ്യാപേക്ഷയില്‍ നാദിര്‍ഷ പറയുന്നു.  എന്നാല്‍ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന നാദിര്‍ഷയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ആലുവ റൂറല്‍ എസ്.പി എ.വി. ജോര്‍ജ് പറഞ്ഞു.

ദിലീപിന്‍റെ അറസ്റ്റോടെ കേസിന്‍റെ ഒരു ഘട്ടമേ പൂര്‍ത്തിയായിട്ടുള്ളൂ. അന്വേഷണം ഇനിയും മുന്നോട്ടുപോകേണ്ടതുണ്ടെന്നും അതിനാല്‍ നാദിര്‍ഷായെ ചോദ്യം ചെയ്തു വിവരം ശേഖരിച്ചേ മതിയാകൂ എന്നും പോലീസ് ഹൈക്കോടതിയെ അറിയിച്ചേക്കും. മാത്രമല്ല നടിയെ ആക്രമിച്ച കേസിന്‍റെ വസ്തുതകള്‍ മറച്ചുവയ്ക്കാന്‍ നാദിര്‍ഷാ ശ്രമിച്ചിട്ടുണ്ട് എന്നുതന്നെയാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. ഇതു ഫലത്തില്‍ അന്വേഷണം പരാജയപ്പെടുത്താനും ദിലീപിനെ രക്ഷിക്കാനുമുള്ള ശ്രമമായിരിക്കുമെന്നും പൊലീസ് കണക്കുകൂട്ടുന്നു. അതുകൊണ്ടുതന്നെ ദിലീപിനൊപ്പം നാദിര്‍ഷായെയും  പ്രതിചേര്‍ക്കാമെന്നും സൂചനകളുണ്ട്.

Trending News