തനിക്ക് ആരുടേയും സഹായം വേണ്ട: ആക്രമിക്കപ്പെട്ട നടി കോടതിയില്‍

അമ്മയുടെ എക്സിക്യൂട്ടീവ് അംഗങ്ങളായ ഹണി റോസും രചന നാരായണന്‍കുട്ടിയും കേസില്‍ കക്ഷി ചേര്‍ന്നതിനെ എതിര്‍ത്ത് ആക്രമിക്കപ്പെട്ട നടി.

Last Updated : Aug 3, 2018, 07:50 PM IST
തനിക്ക് ആരുടേയും സഹായം വേണ്ട: ആക്രമിക്കപ്പെട്ട നടി കോടതിയില്‍

മ്മയുടെ എക്സിക്യൂട്ടീവ് അംഗങ്ങളായ ഹണി റോസും രചന നാരായണന്‍കുട്ടിയും കേസില്‍ കക്ഷി ചേര്‍ന്നതിനെ എതിര്‍ത്ത് ആക്രമിക്കപ്പെട്ട നടി.

താന്‍ താരസംഘടനയില്‍ അംഗമല്ലെന്നും മറ്റുള്ളവരുടെ സഹായം വേണ്ടെന്നും നടിയുടെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ പറഞ്ഞു.

മാത്രമല്ല, തന്നോട് ആലോചിച്ചാണ് സര്‍ക്കാര്‍ പ്രോസിക്യൂട്ടറെ നിയമിച്ചതെന്നും പ്രോസിക്യൂട്ടറെ മാറ്റണമെന്ന എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ ഹര്‍ജിയോട് യോജിപ്പില്ലെന്നും അവര്‍ വ്യക്തമാക്കി.

കേസില്‍ പ്രോസിക്യൂട്ടറായി 25 വര്‍ഷമെങ്കിലും അനുഭവ സമ്പത്തുള്ള അഭിഭാഷകനെ നിയമിക്കണം, നടി അക്രമിക്കപ്പെട്ട കേസില്‍ വനിതാ ജഡ്ജി വേണം, തൃശൂരിലേക്ക് വിചാരണ കോടതി മാറ്റണം- ഇങ്ങനെ മൂന്ന് ആവശ്യങ്ങളാണ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ കോടതിയെ അറിയിച്ചത്. ഇതേ ആവശ്യങ്ങള്‍ ആക്രമിക്കപ്പട്ട നടിയും കോടതിയില്‍ ഉന്നയിച്ചിരുന്നു. 

എന്നാല്‍, കേസ് വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന നടിയുടെ ഹര്‍ജി സെഷന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു. തങ്ങളുടെ പരിധിയില്‍ വനിതാ ജഡ്ജിമാരില്ലെന്ന വസ്തുത ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി തള്ളിയത്.

തുടര്‍ന്ന് ഹൈക്കോടതിയില്‍ നടി നല്‍കിയ ഹര്‍ജിയില്‍ കക്ഷിചേരാനാണ് അമ്മ ഭാരവാഹികള്‍ അപേക്ഷ നല്‍കിയത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ആരോപണവിധേയനായ നടന്‍ ദിലീപിനെ താരസംഘടന കഴിഞ്ഞ ജനറല്‍ ബോഡിയില്‍ തിരിച്ചെടുത്തിരുന്നു. 

ആക്രമിക്കപ്പെട്ട നടിയേക്കാള്‍ ആരോപണവിധേയനായ നടനെ സംരക്ഷിക്കുന്ന സംഘടനയുടെ നിലപാട് പരസ്യമായി വിമര്‍ശിക്കപ്പെട്ട സാഹചര്യത്തിലാണ് നടിയുടെ ഹര്‍ജിയില്‍ പുതിയ വനിതാ എക്‌സിക്യുട്ടീവ് അംഗങ്ങള്‍ കക്ഷിചേരുന്നതും വിഷയത്തില്‍ അമ്മയ്ക്കുണ്ടായ പ്രതിച്ഛായ നഷ്ടം നികത്താന്‍ ശ്രമിക്കുന്നതും. 

അതേസമയം, സംഘടനയിലെ ദിലീപ് അനുകൂലികള്‍ ഈ നീക്കത്തില്‍ അതൃപ്തരാണ്. സംഘടനയിലെ രണ്ട് അംഗങ്ങള്‍ തമ്മിലുള്ള വിഷയത്തില്‍ മൗനം പാലിക്കണമെന്നാണ് ഇവരുടെ നിലപാട്. 

നടിയെ പിന്തുണയ്ക്കുന്ന വിധത്തിലാണ് ഹണി റോസും രചനാ നാരായണന്‍ കുട്ടിയും കേസില്‍ കക്ഷി ചേര്‍ന്നത്. അമ്മ എന്ന താര സംഘടന ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് എന്ന് അന്ന് വ്യക്തമാക്കിയിരുന്നെങ്കിലും ആദ്യമായാണ് സംഭവത്തില്‍ ഒരു നടപടി സ്വീകരിക്കാന്‍ തയ്യാറാകുന്നത്.

More Stories

Trending News