നടിയെ ആക്രമിച്ച കേസ്: കക്ഷിചേരുന്ന തീരുമാനം രചനയും, ഹണിയും പിന്‍വലിച്ചു

കക്ഷി ചേരുന്നതിനെതിരെ അക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍ നിലപാട് വ്യക്തമാക്കിയിരുന്നു.   

Last Updated : Aug 5, 2018, 04:29 PM IST
നടിയെ ആക്രമിച്ച കേസ്: കക്ഷിചേരുന്ന തീരുമാനം രചനയും, ഹണിയും പിന്‍വലിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വനിതാ ജഡ്ജി വേണമെന്ന ഹര്‍ജിയില്‍ അമ്മ എക്‌സിക്യൂട്ടീവ് അംഗങ്ങളായ രചന നാരായണന്‍കുട്ടിയും ഹണി റോസും കക്ഷിചേരുന്ന തീരുമാനം പിന്‍വലിച്ചു. കക്ഷി ചേരുന്നതിനെതിരെ അക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍ നിലപാട് വ്യക്തമാക്കിയിരുന്നു. 

അതേസമയം, യുവനടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസുമായി ബന്ധപ്പെട്ട് താരസംഘടനയായ ‘അമ്മ’യില്‍ ആഭ്യന്തര കലഹമെന്ന് റിപ്പോര്‍ട്ട്. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്ന് അമ്മ എക്‌സിക്യൂട്ടിവിലെ നടിമാര്‍ ആവശ്യപ്പെട്ടിരുന്നു. 25 വര്‍ഷമെങ്കിലും അനുഭവ പരിചയമുള്ള പ്രോസിക്യൂട്ടറെ വെക്കണമെന്നാണ് നടിമാര്‍ ആവശ്യപ്പെട്ടത്.

അതേസമയം, തനിക്ക് ആരുടേയും സഹായം ആവശ്യമില്ലെന്ന് നടി വ്യക്തമാക്കി. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചത് തന്നോട് ആലോചിച്ചിട്ടാണെന്നും ഇരയായ നടി പറഞ്ഞു. വനിതാ ജഡ്ജിവേണമെന്ന ആവശ്യത്തെ സര്‍ക്കാര്‍ അനുകൂലിച്ചു. ചീഫ് ജസ്റ്റിസിന്‍റെ മറുപടി ലഭിക്കാനുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. 

കക്ഷി ചേരുന്നതില്‍ അമ്മ ഭാരവാഹികളായ നടിമാരുടെ താല്‍പ്പര്യം എന്താണെന്ന് കോടതി ചോദിച്ചു. വരുന്ന 17ന് ഹര്‍ജി വീണ്ടും പരിഗണിക്കും. ഇതിനിടെ നടിയെ ഉപദ്രവിച്ച കേസിലുള്ള അന്വേഷണം സിബിഐക്ക് വിടണം എന്നാവശ്യപ്പെട്ട് പ്രതിയായ നടൻ ദിലീപ് നൽകിയ ഹർജി ഓഗസ്റ്റ്‌ 16ലേക്ക് മാറ്റിവച്ചു.

ആക്രമിക്കപ്പട്ട നടിയുടെ അതേ ആവശ്യങ്ങള്‍ തന്നെയാണ് നടിമാര്‍ കോടതിയില്‍ ഉന്നയിച്ചിരുന്നത്. നടിയെ പിന്തുണയ്ക്കുന്ന വിധത്തിലാണ് ഹണി റോസും രചനാ നാരായണന്‍ കുട്ടിയും കേസില്‍ കക്ഷി ചേര്‍ന്നത്. 

കേസില്‍ കുറ്റാരോപിതനായി നടന്‍ ദിലീപിനെ തിരിച്ചെടുക്കാനുള്ള അമ്മയുടെ തീരുമാനത്തിനെതിരെ വലിയ രീതിയിലുള്ള എതിര്‍പ്പുകള്‍ ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ അമ്മ നടിക്ക് ഒപ്പമാണ് എന്ന് അന്ന് തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആദ്യമായാണ് അക്രമിക്കപ്പെട്ട നടിക്കുവേണ്ടി അമ്മ ഒരു നടപടി സ്വീകരിക്കാന്‍ തയ്യാറായത്.

കേസില്‍ വനിതാ ജഡ്ജി വേണമെന്നും കേസ് തൃശൂരിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ടുള്ള അക്രമിക്കപ്പെട്ട നടിയുടെ ഹര്‍ജിയില്‍ ഇന്നാണ് വിധി വരേണ്ടിയിരുന്നത്. ഈ സാഹചര്യത്തിലാണ് രണ്ട് നടിമാര്‍ കൂടി ആക്രമിക്കപ്പെട്ട നടിക്കുവേണ്ടി കക്ഷി ചേര്‍ന്നിരിക്കുന്നത്.

ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് സംഘടനയെന്ന് ഭാരവാഹികള്‍ ആവര്‍ത്തിച്ചെങ്കിലും അതിനെ സാധൂകരിക്കുന്ന പ്രകടമായ നിലപാടുകളൊന്നും സംഘടന കൈക്കൊണ്ടിരുന്നില്ല. ഇതിനെ ചൊല്ലിയാണ് സംഘടനയില്‍ പൊട്ടലും ചീറ്റലും ചേരിപ്പോരുമുണ്ടായത്. അവസാനം മോഹന്‍ലാല്‍ രാജിവെക്കുമെന്ന അവസ്ഥയിലാണ് കാര്യങ്ങള്‍.

Trending News