തിരുവോണ ദിനത്തില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉപവസിക്കും

കവയിത്രി സുഗതകുമാരി, എം.കെ.സാനു, ഷാജി എന്‍ കരുണ്‍, സി.രാധാകൃഷ്ണന്‍ എന്നിവര്‍ അന്നേദിവസം വീടുകളില്‍ നിരാഹാരമിരിക്കുന്നുണ്ട്.  

Last Updated : Sep 9, 2019, 02:42 PM IST
തിരുവോണ ദിനത്തില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉപവസിക്കും

തിരുവനന്തപുരം: കേരളാ അഡ്‌മിനിസ്ട്രേറ്റീവ് പരീക്ഷ ഉള്‍പ്പെടെ എല്ലാ തൊഴില്‍ പരീക്ഷകളും മലയാളത്തിലും നടത്തണമെന്നാവശ്യപ്പെട്ട് സംയുക്തസമര സമിതിയുടെ നേതൃത്വത്തിലുള്ള നിരാഹാര സമരം 12 മത്തെ ദിവസവും തുടരുന്നു.

പി.എസ്.സി ഓഫീസിനു മുന്നിലാണ് നിരാഹാരസമരം നടക്കുന്നത്. ഇപ്പോഴിതാ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ രംഗത്തെത്തിയിരിക്കുകയാണ്.

അടൂര്‍ ഗോപാലകൃഷ്ണന്‍ തിരുവോണദിവസം പി.എസ്.സി ഓഫീസിനു മുന്നില്‍ ഉപവാസമിരിക്കും. കവയിത്രി സുഗതകുമാരി, എം.കെ.സാനു, ഷാജി എന്‍ കരുണ്‍, സി.രാധാകൃഷ്ണന്‍ എന്നിവര്‍ അന്നേദിവസം വീടുകളില്‍ നിരാഹാരമിരിക്കുന്നുണ്ട്.

കഴിഞ്ഞമാസം 29 മുതലാണ് ഐക്യമലയാളം പ്രസ്ഥാനത്തിന്‍റെ നേതൃത്വത്തിലുള്ള നിരാഹാരസമരം ആരംഭിച്ചത്. നിരാഹാരം തുടങ്ങിവച്ചത് രൂപിമ, മലയാള ഐക്യവേദി സംസ്ഥാന സെക്രട്ടറി എന്‍.പി പ്രിയേഷ്‌, ശ്രേയ എന്നിവരായിരുന്നു.

ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് രൂപിമയെ അറസ്റ്റ് ചെയ്ത് നീക്കിയതിന് പിന്നാലെയാണ് ശ്രേയ നിരാഹാരമിരുന്നത്. 

ഇന്നലെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന്‍ എന്‍.പി പ്രിയേഷിനെ പൊലീസ് അറസ്റ്റുചെയ്ത് മെഡിക്കല്‍കോളേജിലേക്ക് മാറ്റിയിരുന്നു. അതിനുശേഷം മലയാളവേദി സംസ്ഥാന സെക്രട്ടറി പി.സുഭാഷ്‌ കുമാര്‍ നിരാഹാരമാരംഭിക്കുകയായിരുന്നു.

Trending News