സ്വര്‍ണ്ണം കടത്താന്‍ ശ്രമം; ജീവനക്കാരന്‍ അറസ്റ്റില്‍

ദുബായില്‍ നിന്നും എമിറെറ്റ്സ് വിമാനത്തില്‍ എത്തിച്ച സ്വര്‍ണ്ണം എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തേക്ക് കടത്താന്‍ ശ്രമിക്കവെയാണ് അനീഷ്‌ പിടിയിലായത്.   

Last Updated : Apr 30, 2019, 10:02 AM IST
സ്വര്‍ണ്ണം കടത്താന്‍ ശ്രമം; ജീവനക്കാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരത്തെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച കരാര്‍ ജീവനക്കാരന്‍ അറസ്റ്റില്‍.  എസി മെക്കാനിക്കായ അനീഷില്‍ നിന്നാണ് 10 കിലോ സ്വര്‍ണ്ണം പിടിച്ചെടുത്തത്. 

ദുബായില്‍ നിന്നും എമിറെറ്റ്സ് വിമാനത്തില്‍ എത്തിച്ച സ്വര്‍ണ്ണം എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തേക്ക് കടത്താന്‍ ശ്രമിക്കവെയാണ് അനീഷ്‌ കസ്റ്റംസ് ഇന്റലിജന്‍സിന്‍റെ പിടിയിലായത്.  സ്വര്‍ണ്ണ കടത്തിനായി ജീവനക്കാരെ ഒത്താശ ചെയ്യുന്നതായി ഡിആര്‍ഐയ്ക്ക് സംശയമുണ്ടായിരുന്നു ഇതിന്‍റെ അടിസ്ഥാനത്തില്‍ എയര്‍പോര്‍ട്ടില്‍ പരിശോധന കര്‍ശനമാക്കുകയും ചെയ്തിരുന്നു. 

ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. അനീഷിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ അയാളെ പരിശോധിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ പിന്‍തുടര്‍ന്ന് പിടിക്കുകയും പരിശോധനയില്‍ മുഴുവന്‍ സ്വര്‍ണ്ണവും കണ്ടെടുക്കുകയും ചെയ്തു.

എയര്‍പോര്‍ട്ടിലെ ടോയിലറ്റില്‍ നിന്നാണ് തനിക്ക് സ്വര്‍ണ്ണം ലഭിച്ചതെന്ന് അനീഷ്‌ പറഞ്ഞെങ്കിലും ദുബായില്‍ നിന്നെത്തിയ ഒരു യാത്രാക്കാരന്റെ കൈയില്‍ നിന്നും അനീഷ്‌ സ്വര്‍ണ്ണം വാങ്ങുന്നത് സിസിടിവിയില്‍ നിന്നും പോലീസ് കണ്ടെടുത്തു. മൊബൈല്‍ ഫോണിന്‍റെ രൂപത്തിലാണ് 82 സ്വര്‍ണ്ണ ബിസ്ക്കറ്റുകള്‍ കടത്താന്‍ ശ്രമിച്ചത്.

തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ ഇത് അഞ്ചാമത്തെ തവണയാണ് താന്‍ സ്വര്‍ണ്ണം കടത്തുന്നതെന്ന് അനീഷ്‌ പൊലീസിനോട് സമ്മതിക്കുകയും ചെയ്തു. 

Trending News