close

News WrapGet Handpicked Stories from our editors directly to your mailbox

അജാസ് സൗമ്യയെ ഭീഷണിപ്പെടുത്തിയിരുന്നു; മകന്‍റെ മൊഴി പുറത്ത്

തൃശൂരില്‍ പൊലീസ് സേനയിലെ പരിശീലന കാലത്ത് തുടങ്ങിയ സൗഹൃദം തകരുന്ന രീതിയില്‍ എന്തോ സംഭവിച്ചിട്ടുണ്ടെന്ന്‍ പൊലീസ് സംശയിക്കുന്നുണ്ട്.   

Updated: Jun 16, 2019, 12:45 PM IST
അജാസ് സൗമ്യയെ ഭീഷണിപ്പെടുത്തിയിരുന്നു; മകന്‍റെ മൊഴി പുറത്ത്

മാവേലിക്കര: മാവേലിക്കര വള്ളിക്കുന്നം പൊലീസ് സ്റ്റേഷനിലെ പൊലീസുദ്യോഗസ്ഥ സൗമ്യയെ നടുറോഡില്‍ പെട്രോളൊഴിച്ച് ചുട്ടുകൊന്ന കേസില്‍ സൗമ്യയുടെ മകന്‍റെ മൊഴി പുറത്ത്. 

അമ്മയെ അജാസ് നിരന്തരം ശല്യം ചെയ്യുമായിരുന്നുവെന്ന് സൗമ്യയുടെ മൂത്തമകന്‍ ഋഷികേശ് പൊലീസിന് മൊഴി നല്‍കി. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദി അജാസാണെന്നും ഇക്കാര്യം പൊലീസിനോട് പറയണമെന്നും അമ്മ തന്നെ പറഞ്ഞേൽപ്പിച്ചിരുന്നുവെന്ന് 12 വയസ്സുകാരനായ സൗമ്യയുടെ മകൻ പറഞ്ഞു. 

ഈ മൊഴിയില്‍ നിന്നും ഇങ്ങനൊരു ആക്രമണം സൗമ്യ പ്രതീക്ഷിച്ചിരുന്നുവെന്നാണ് വ്യക്തമാകുന്നത്. 

അമ്മ വല്ലാതെ പേടിച്ചിരുന്നുവെന്നും, ചില സാമ്പത്തിക ഇടപാടുകൾ അജാസുമായി ഉണ്ടായിരുന്നുവെന്നും കാശിന്‍റെ കാര്യമാണ് അമ്മയോട് അജാസ് ചോദിക്കുന്നത് എന്ന് തോന്നിയിട്ടുണ്ടെന്നും വിളിക്കരുതെന്ന് പറഞ്ഞ് അമ്മ അജാസിനോട് ദേഷ്യപ്പെടാറുണ്ടായിരുന്നുവെന്നും സൗമ്യയുടെ മകൻ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

തൃശൂരില്‍ പൊലീസ് സേനയിലെ പരിശീലന കാലത്ത് തുടങ്ങിയ സൗഹൃദം തകരുന്ന രീതിയില്‍ എന്തോ സംഭവിച്ചിട്ടുണ്ടെന്ന്‍ പൊലീസ് സംശയിക്കുന്നുണ്ട്. 

ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ ഡ്യൂട്ടി കഴിഞ്ഞ് ഇരുചക്ര വാഹനത്തില്‍ പോകുകയായിരുന്ന സിവിൽ പൊലീസുദ്യോഗസ്ഥയായ സൗമ്യയെ പൊലീസുദ്യോഗസ്ഥനായ അജാസ് കാറിടിച്ചു വീഴ്ത്തിയശേഷം കത്തികൊണ്ട് കുത്തി പെട്രോളൊഴിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സൗമ്യയെ അജാസ് വടിവാള്‍ കൊണ്ട് തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. വെട്ടേറ്റ് വീണ സൗമ്യയുടെ ദേഹത്തേയ്ക്ക് കുപ്പിയിലുണ്ടായിരുന്ന പെട്രോള്‍ ഒഴിച്ചു കത്തിച്ചു. മാവേലിക്കരയിലെ സ്വന്തം വീടിന് സമീപത്ത് വച്ചാണ് സൗമ്യയെ അജാസ് അതിക്രൂരമായി കൊലപ്പെടുത്തിയത്. 

പ്രാണരക്ഷാർത്ഥം ഓടിയ സൗമ്യ അജാസിനെ കെട്ടിപ്പിടിച്ചു. ഇതോടെ കൊലയാളിക്കും പൊള്ളലേറ്റു. പൊള്ളലേറ്റ പ്രതി അജാസ് ഇപ്പോള്‍ ചികിത്സയിലാണ്. പൊള്ളലുകള്‍ ഭേദമായത്തിന് ശേഷം അജാസിനെ കൂടുതൽ ചോദ്യം ചെയ്താലെ വ്യക്തത വരു എന്നാണ് പൊലീസ് പറയുന്നത്.