എല്ലാവരെയും തൃപ്തിപ്പെടുത്താനാകില്ല; ശബരിമലയില്‍ കണ്ടത് തന്‍റെ ജോലി മാത്രം: യതീഷ് ചന്ദ്ര

ശബരിമലയില്‍ കണ്ടത് തന്‍റെ ജോലി മാത്രമാണെന്ന് എസ്പി യതീഷ് ചന്ദ്ര. 

Updated: Dec 20, 2018, 01:04 PM IST
എല്ലാവരെയും തൃപ്തിപ്പെടുത്താനാകില്ല; ശബരിമലയില്‍ കണ്ടത് തന്‍റെ ജോലി മാത്രം: യതീഷ് ചന്ദ്ര

തിരുവനന്തപുരം: ശബരിമലയില്‍ കണ്ടത് തന്‍റെ ജോലി മാത്രമാണെന്ന് എസ്പി യതീഷ് ചന്ദ്ര. 

സര്‍ക്കാരിന്‍റെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥനാണ് ഞാന്‍. അവിടെ ഇഷ്ടങ്ങള്‍ക്കും അനിഷ്ടങ്ങള്‍ക്കും പ്രസക്തിയില്ല. വിശ്വാസങ്ങളും നിലപാടുകളും മാറ്റിവച്ചാണ് സര്‍ക്കാര്‍ നിര്‍ദേശം നടപ്പാക്കാന്‍ ഇറങ്ങുന്നത്, യതീഷ് ചന്ദ്ര വ്യക്തമാക്കി.

ശബരിമല വിഷയം ലോക്സഭയില്‍ അവതരിപ്പിച്ച് എസ്പി യതീഷ് ചന്ദ്രയ്‌ക്കെതിരെ കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്‍ അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എപ്പോഴും 50% ആളുകളെ മാത്രമേ സംതൃപ്തരാക്കാന്‍ പറ്റൂ. ഉദാഹരണത്തിന് വീട് ഒഴിപ്പിക്കുന്ന കേസുണ്ടായാല്‍ ഒഴിപ്പിച്ചുകിട്ടിയവര്‍ക്കു സ്‌നേഹം തോന്നും. ഒഴിഞ്ഞവര്‍ക്ക് അടങ്ങാത്ത അമര്‍ഷവും. സേനയുടെ ഗതികേടാണിത്. ജാതിയുടെയും മതത്തിന്‍റെയും പേരില്‍ ആളുകളിങ്ങനെ വേര്‍തിരിക്കുന്നതു കാണുമ്പോള്‍ അത്ഭുതം തോന്നും. നൂറ് ദിവസം ആയിട്ടേയുള്ളു നമ്മള്‍ പ്രളയം അതിജീവിച്ചിട്ട്. അന്ന് ആരും ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലിമും ആയിരുന്നില്ല, അദ്ദേഹം പറഞ്ഞു. 

പ്രളയസമയത്തു സ്വന്തം കുടുംബത്തിന്‍റെ അവസ്ഥപോലും നോക്കാതെയാണു പല പൊലീസ് ഉദ്യോഗസ്ഥരും കര്‍മനിരതരായത്. ഒടുവില്‍ എല്ലാം കഴിഞ്ഞപ്പോള്‍ പൊലീസുകാരുടെ ജാതിയും മതവും അന്വേഷിക്കുന്നത് എന്തിനാണ്?. അന്ന് നല്ലവരായിരുന്ന പൊലീസ് ഇപ്പോഴെങ്ങനെ മോശക്കാരാകും. കേരളത്തിലെ പൊലീസ് ഉദ്യോഗസ്ഥരുടെ മുഴുവന്‍ വേദനയാണിതെന്നും യതീഷ് ചന്ദ്ര പറഞ്ഞു.

ഇന്നലെയാണ് കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്‍ നിലയ്ക്കലില്‍ ഡ്യൂട്ടി ഓഫീസറായിരുന്ന എസ്പി യതീഷ് ചന്ദ്ര ഐപിഎസ് തന്നെ തടഞ്ഞു നിര്‍ത്തി അപമാനിച്ചു എന്ന് ലോക്സഭയില്‍ ആരോപണം ഉന്നയിച്ചത്. എസ്പി തന്നോട് ധിക്കാരത്തോടെയാണ് പെരുമാറിയതെന്നും കേന്ദ്രമന്ത്രിയെന്ന ബഹുമാനം തനിക്ക് തന്നില്ല എന്നും ചോ​ദ്യ​ങ്ങ​ള്‍​ക്ക് ഉ​ത്ത​രം ന​ല്‍​കി​യി​ല്ലെ​ന്നും പൊന്‍ രാധാകൃഷ്ണന്‍ ആരോപിച്ചിരുന്നു.