തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം പരാജയപ്പെട്ടു. സ്ത്രീ പ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ ഉറച്ചുനിന്നതോടെ യോഗം യുഡിഎഫ് ബഹിഷ്‌കരിച്ചു.
സര്‍വകക്ഷിയോഗം പ്രഹസനമാണെന്നും സര്‍ക്കാരിന് പിടിവാശിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കൂടാതെ ഈ വിഷയത്തില്‍ സാവകാശം തേടണമെന്നും ചെന്നിത്തല പറഞ്ഞു.
വിധി നടപ്പാക്കാന്‍ മുഖ്യമന്ത്രി എല്ലാ പാര്‍ട്ടികളുടെയും സഹായം അഭ്യര്‍ഥിച്ചു. സര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതിനിലാണ് യോഗം ബഹിഷ്കരിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
വിധി നടപ്പാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ സാവകാശം തേടണമെന്നായിരുന്നു പ്രതിപക്ഷ നിലപാട്. വിശ്വാസ സമൂഹത്തെ സര്‍ക്കാര്‍ വെല്ലുവിളിക്കുകയാണെന്ന് ചെന്നിത്തല വിമര്‍ശിച്ചു. ശബരിമല പ്രശ്നം പരിഹരിക്കാനുള്ള നല്ല അവസരമാണ് സര്‍ക്കാര്‍ പാഴാക്കിയത്. ശബരിമലയില്‍ ഉണ്ടാകാനിടയുള്ള അനിഷ്ട സംഭവങ്ങള്‍ക്ക് ഉത്തരവാദി സര്‍ക്കാരായിരിക്കുമെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
അതേസമയം ശബരിമല യുവതി പ്രവേശനത്തില്‍ സാവകാശ ഹരജിയുടെ സാധ്യത തേടുമെന്ന ദേവസ്വം കമ്മീഷണറുടെ നിലപാട് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പത്മകുമാര്‍ തള്ളി. സാവകാശ ഹരജി നല്‍കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിട്ടില്ല. സര്‍വക്ഷി യോഗത്തില്‍ എന്ത് തീരുമാനമെടുത്താലും അംഗീകരിക്കും. ബോര്‍ഡിനെ നിയന്ത്രിക്കാന്‍ കമ്മീഷണറെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും പത്മകുമാര്‍ പറഞ്ഞു.