തിരികളെല്ലാം ഒറ്റയ്ക്ക് തെളിച്ച് കണ്ണന്താനം!! ചെയ്തത് "ഹൈന്ദവ ശാസ്ത്രമനുസരിച്ച്"....

ശിവഗിരിയില്‍ ശ്രീനാരായണ ഗുരു തീര്‍ഥാടന ടൂറിസം സര്‍ക്യൂട്ട് പദ്ധതിയുടെ ഉദ്ഘാടന വേദിയില്‍ വിളക്കിലെ തിരികളെല്ലാം സ്വയം കത്തിച്ച്‌ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം!!

Last Updated : Feb 11, 2019, 10:42 AM IST
തിരികളെല്ലാം ഒറ്റയ്ക്ക് തെളിച്ച് കണ്ണന്താനം!! ചെയ്തത് "ഹൈന്ദവ ശാസ്ത്രമനുസരിച്ച്"....

തിരുവനന്തപുരം: ശിവഗിരിയില്‍ ശ്രീനാരായണ ഗുരു തീര്‍ഥാടന ടൂറിസം സര്‍ക്യൂട്ട് പദ്ധതിയുടെ ഉദ്ഘാടന വേദിയില്‍ വിളക്കിലെ തിരികളെല്ലാം സ്വയം കത്തിച്ച്‌ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം!!

ഉദ്ഘാടകനായ കണ്ണന്താനം തന്നെ നിലവിളക്കിലെ എല്ലാ തിരിയും ഒറ്റയ്ക്കു കത്തിക്കുകയായിരുന്നു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും എ. സമ്പത്ത് എംപിയും വേദിയില്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും അവസരം നല്‍കാതെ മന്ത്രിതന്നെ നിലവിളക്കിലെ തിരികള്‍ കത്തിച്ചു തീര്‍ത്തത് വലിയ പരിഹാസത്തിന് ഇടയാക്കിയിരുന്നു. 

എന്നാല്‍ തന്‍റെ പ്രവൃത്തിയെ ന്യായീകരിച്ച് മന്ത്രി കണ്ണന്താനംതന്നെ രംഗത്തെത്തി. നിലവിളക്കിലെ തിരികളെല്ലാം ഒറ്റയ്ക്ക് കത്തിച്ചത് ഹൈന്ദവ പ്രമാണങ്ങള്‍ പ്രകാരമാണെന്ന് കണ്ണന്താനം അഭിപ്രായപ്പെട്ടു. ഒരു നല്ല കാര്യത്തിന്‍റെ ആരംഭം കുറിയ്ക്കാനായി നിലവിളക്കു കൊളുത്തുമ്പോള്‍ അതിലെ എല്ലാ തിരികളും ഒരു വ്യക്തി തന്നെയാണ് തെളിയിക്കേണ്ടത് എന്നാണ് ഹൈന്ദവ ശാസ്ത്രങ്ങള്‍ പറയുന്നതെന്നാണ് വിശദീകരണം.

‘ക്ഷേത്ര വിജ്ഞാന കോശത്തിലും ഇതിനെ കുറിച്ച് ദീര്‍ഘമായി പ്രതിപാദിച്ചിട്ടുണ്ട്. ഞാന്‍ വിളക്കിലെ ആദ്യ തിരി തെളിയിച്ചു വിശുദ്ധാനന്ദ സ്വാമിജിക്ക് ദീപം നല്‍കുമ്പോള്‍ അദ്ദേഹം അത് വാങ്ങാന്‍ വിസമ്മതിക്കുകയും ഒരു കാര്യത്തിന്‍റെ ശുഭാരംഭത്തിന് ഒരാള്‍ മാത്രം വിളക്ക് കത്തിച്ചാല്‍ മതിയെന്ന് അദ്ദേഹം പറയുകയും ചെയ്തു. സ്വാമിജിയുടെ വാക്കുകള്‍ അവിടെ സന്നിഹിതനായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അനുകൂലിക്കുകയും ചെയ്തു. കൂടാതെ നിലവിളക്കില്‍ ആദ്യം തെളിയിക്കേണ്ടത് വടക്കു കിഴക്ക് ദിക്കിലെ തിരിയായിരിക്കണമെന്നും ശാസ്ത്രം പറയുന്നു. വടക്കു കിഴക്കില്‍ നിന്ന് തുടങ്ങി ഇടതു വശത്തുകൂടി കത്തിച്ചു വടക്ക് എത്തണമെന്നാണ് ഹൈന്ദവ പ്രമാണങ്ങള്‍ പറയുന്നത്. അത് പ്രകാരമാണ് ഞാന്‍ വിളക്കിലെ തിരി ഒറ്റയ്ക്ക് തെളിയിച്ചത്’ കണ്ണന്താനം ഫേസ്ബുക്കിലിട്ട കുറിപ്പില്‍ പറഞ്ഞു.

വിനോദ സഞ്ചാര മേഖലയ്ക്കായി കേന്ദ്ര സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ പണം അനുവദിച്ചത് കേരളത്തിനാണെന്നു തീര്‍ഥാടന ടൂറിസം സര്‍ക്യൂട്ട് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച കണ്ണന്താനം പറഞ്ഞു.

 

 

 

Trending News