ഉപതിരഞ്ഞെടുപ്പ്: ഇന്ന് കലാശക്കൊട്ട്

5 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്‍റെ ഒരു മാസം നീണ്ട പരസ്യ പ്രചരണം ഇന്ന് അവസാനിക്കും. വൈകിട്ട് 6 മണി വരെയാണ് പരസ്യപ്രചാരണം അനുവദിച്ചിരിക്കുന്നത്.

Sheeba George | Updated: Oct 19, 2019, 11:51 AM IST
ഉപതിരഞ്ഞെടുപ്പ്: ഇന്ന് കലാശക്കൊട്ട്

തിരുവനന്തപുരം: 5 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്‍റെ ഒരു മാസം നീണ്ട പരസ്യ പ്രചരണം ഇന്ന് അവസാനിക്കും. വൈകിട്ട് 6 മണി വരെയാണ് പരസ്യപ്രചാരണം അനുവദിച്ചിരിക്കുന്നത്.

അതേസമയം, കലാശക്കൊട്ട് ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പിലാണ് മൂന്നു മുന്നണികളും. 

ഭരണ-പ്രതിപക്ഷ നേതൃത്വങ്ങളെ ഒരു പോലെ പ്രതികൂട്ടിലാക്കിയ വിഷയങ്ങള്‍ ചര്‍ച്ചയായ ഈ ഉപതിരഞ്ഞെടുപ്പിന്‍റെ ഫലം മൂന്ന് മുന്നണികള്‍ക്കും ഒരേപോലെ പ്രധാനപ്പെട്ടതാണ്.

നിലവിലെ സ്ഥിതി വിലയിരുത്തിയാല്‍, അരൂര്‍, എറണാകുള൦ മണ്ഡലങ്ങളില്‍ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ ഇഞ്ചോടിഞ്ച് പോരാടുമ്പോള്‍ വട്ടിയൂര്‍ക്കാവ്, മഞ്ചേശ്വരം, കോന്നി എന്നിവിടങ്ങളില്‍ ശക്തമായ ത്രികോണ മത്സരമാണ് നടക്കുക.

കൊട്ടിക്കലാശത്തില്‍ സംഘര്‍ഷ സാധ്യത മുന്നില്‍ക്കണ്ട് പോലീസ് എല്ലായിടങ്ങളിലും മുന്‍കരുതലെടുത്തിട്ടുണ്ട്. കൊട്ടിക്കലാശം നടക്കുന്ന പ്രധാന സ്ഥലങ്ങളിലെല്ലാം മുന്നണികള്‍ക്കു സ്ഥലം വീതിച്ച് നല്‍കിയിട്ടുണ്ട്.

വട്ടിയൂര്‍ക്കാവിലെ തിരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലെത്തുമ്പോള്‍ യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുക എന്നാണ് വിലയിരുത്തപ്പെടുന്നത്. കൂടാതെ, തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മുന്‍പേ എന്‍എസ്എസ് നിലപാട് വ്യക്തമാക്കിയതോടെ യു ഡി എഫിന് നേരിയ മുന്‍‌തൂക്കം രാഷ്ട്രീയ നിരീക്ഷകര്‍ കല്‍പ്പിക്കുന്നു.

പരസ്യപ്രചാരണം അവസാനിക്കാനിരിക്കെ പ്രചാരണം ശക്തമാക്കിയിരിക്കുകയാണ് 5 മണ്ഡലത്തിലേയും സ്ഥാനാര്‍ഥികള്‍. മുന്നണി പ്രവര്‍ത്തകര്‍ നാടിളക്കി പ്രചാരണം കൊഴുപ്പിക്കുമ്പോള്‍ വോട്ടര്‍മാരെ നേരില്‍ക്കണ്ട് വോട്ടുറപ്പിക്കാനുള്ള തിരക്കിലാണ് സ്ഥാനാര്‍ഥികള്‍.