അവിനാശി വാഹനാപകടം: ഡ്രൈവര്‍ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസ്

മനപൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അശ്രദ്ധമായി വാഹനമോടിച്ചതിനാണ് നടപടി.   

Ajitha Kumari | Updated: Feb 21, 2020, 08:57 AM IST
അവിനാശി വാഹനാപകടം: ഡ്രൈവര്‍ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസ്

തിരുപ്പതി: അവിനാശിയില്‍ KSRTC ബസും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ലോറി ഡ്രൈവര്‍ ഹേമരാജിനെതിരെ പൊലീസ് കേസെടുത്തു.

മനപൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അശ്രദ്ധമായി വാഹനമോടിച്ചതിനാണ് നടപടി. കൂടാതെ ഡ്രൈവറുടെ ലൈസന്‍സ് റദ്ദ്‌ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

കണ്ടെയ്നര്‍ ലോറി നിയന്ത്രണം വിട്ട് ദേശീയപാതയുടെ മീഡിയനിലൂടെ 50 മീറ്റര്‍ സഞ്ചരിച്ച ശേഷമാണ് എതിര്‍ദിശയില്‍ വന്ന ബസിലിടിച്ചതെന്ന് മോട്ടോര്‍ വാഹനവകുപ്പിന്‍റെ പ്രാഥമിക പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. 

മീഡിയനില്‍ കയറിയതിന് പിന്നാലെ കണ്ടെയ്നറിന്‍റെ ടയര്‍ പൊട്ടി. ഇതോടെ വശത്തേയ്ക്ക് ചരിഞ്ഞ ലോറി ബസിന്‍റെ വലതുവശത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. 

കൊച്ചി കടവന്ത്രയിലെ കോസ്റ്റ ഷിപ്പിങ്ങ് കമ്പനിയുടേതാണ് അപകടത്തിനിടയാക്കിയ ലോറി. വല്ലാര്‍പാടം ടെര്‍മിനലില്‍ നിന്ന് ടൈല്‍ നിറച്ച കണ്ടെയ്‌നറുമായി പോവുകയായിരുന്നു ലോറി. 

ഡ്രൈവിങ്ങിനിടെ തന്‍റെ ശ്രദ്ധ നഷ്ടപ്പെട്ടതായും ഡിവൈഡറില്‍ ഇടിച്ച ശേഷമാണ് നിയന്ത്രണം നഷ്ടപ്പെട്ടതായി തിരിച്ചറിഞ്ഞതെന്നും ഡ്രൈവര്‍ മൊഴി നല്‍കിയിട്ടുണ്ട്. 

ഡ്രൈവറുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഇതിനിടയില്‍ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധന സഹായം നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.

Also read: അവിനാശി അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം സഹായധനം

വ്യാഴാഴ്ച്ച പുലര്‍ച്ചെ മൂന്ന് മണിക്കുണ്ടായ അപകടത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടിരുന്നു. അപകടത്തില്‍ കൊല്ലപ്പെട്ട 18 പേരും മലയാളികളാണ്.  അപകടത്തില്‍ പരിക്കേറ്റ 25 പേര്‍ ചികിത്സയിലാണ്.

Also read: തമിഴ് നാട്ടില്‍ രണ്ട് വാഹനാപകടങ്ങളിലായി 18 മരണം;അപകടത്തില്‍ പെട്ടത്തില്‍ കെഎസ്ആര്‍ടിസി വോള്‍വോ ബസ്സും