close

News WrapGet Handpicked Stories from our editors directly to your mailbox

ജീപ്പില്‍ നിന്നും കുഞ്ഞ് തെറിച്ച് വീണ സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ കേസ്

രാജാമല വന പാതയില്‍ ഓടിക്കൊണ്ടിരിക്കുന്ന ജീപ്പില്‍ നിന്ന് ഒന്നര വയസുകാരിയായ കുഞ്ഞ് തെറിച്ച് വീണ സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ കേസെടുത്തു. 

Updated: Sep 10, 2019, 06:03 PM IST
ജീപ്പില്‍ നിന്നും കുഞ്ഞ് തെറിച്ച് വീണ സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ കേസ്

ഇടുക്കി: രാജാമല വന പാതയില്‍ ഓടിക്കൊണ്ടിരിക്കുന്ന ജീപ്പില്‍ നിന്ന് ഒന്നര വയസുകാരിയായ കുഞ്ഞ് തെറിച്ച് വീണ സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ കേസെടുത്തു. 

അശ്രദ്ധമായി കുഞ്ഞിനെ കൈകാര്യം ചെയ്തതിന് ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് മുന്നാര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവം നടന്നതിന് ശേഷം പൊലീസ് മാതാപിതാക്കളെ വിളിച്ചു വരുത്തുകയും മൊഴി രേഖപ്പെടുത്തിയതിന് ശേഷം വിട്ടയക്കുകയും ചെയ്തിരുന്നു.

അതേസമയം, കേസില്‍ പൊലീസ് തിടുക്കത്തില്‍ നടപടിയെടുത്തേക്കില്ലെന്നും എല്ലാ വശങ്ങളും പരിശോധിച്ച ശേഷം മാത്രമേ തുടര്‍ നടപടികളുണ്ടാവുകയുള്ളൂവെന്നുമാണ് റിപ്പോര്‍ട്ട്.

കുഞ്ഞിന്‍റെ അമ്മ ചില മരുന്നുകള്‍ കഴിച്ചിരുന്നതായും അതിനാല്‍ ഉറങ്ങിപ്പോയെന്നുമാണ് മാതാപിതാക്കള്‍ പോലീസിന് നല്‍കിയ മൊഴി. കമ്പിളിക്കണ്ടം സ്വദേശികളാണ് മാതാപിതാക്കള്‍.

 റോഡിലൂടെ ഇഴഞ്ഞു വരുന്ന കുഞ്ഞിനെ കണ്ട ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പ്രാഥമിക ശ്രുശൂഷ നല്‍കി ആശുപത്രിയിലെത്തിക്കുകയായിരുന്നു. കുഞ്ഞിനെ രക്ഷിച്ച ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍റെ മൊഴി പൊലീസ് എടുത്തിരുന്നു.

ഇക്കഴിഞ്ഞ ഞായറാഴ്ച്ച 10 മണിയോടെയാണ് സംഭവം നടക്കുന്നത്. പഴനിയില്‍ നിന്നും കമ്പിളിക്കണ്ടത്തിലേക്ക് വരികയായിരുന്ന കുടുംബം സഞ്ചരിച്ച ജീപ്പില്‍ നിന്നും കുഞ്ഞ് തെറിച്ച് റോഡില്‍ വീഴുകയായിരുന്നു. വന്യജീവികളുടെ സാന്നിധ്യമുള്ള വനമേഖലയില്‍ ഫോറസ്റ്റ് ചെക്ക് പോയന്‍റിന് സമീപമാണ് കുഞ്ഞ് തെറിച്ച് വീണത്‌. 

തെറിച്ചുവീണതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങള്‍ കണ്ട വനപാലകരാണ് കുഞ്ഞിനെ കണ്ടതും ആശുപത്രിയിലെത്തി രക്ഷപ്പെടുത്തിയതും. കുഞ്ഞ് നഷ്ടപ്പെട്ട കാര്യം വീട്ടിലെത്തിയതിന് ശേഷമാണ് മാതാപിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു.