close

News WrapGet Handpicked Stories from our editors directly to your mailbox

ബാലഭാസ്കറിന്‍റെ മരണം; അര്‍ജ്ജുനെ അറസ്റ്റ് ചെയ്യും!!

 120 കിലോമീറ്റര്‍ വേഗത്തിലായിരുന്നു വാഹനം ഓടിച്ചിരുന്നതെന്നും ക്രൈം ബ്രാഞ്ച് സ്ഥിരീകരിച്ചു. 

Sneha Aniyan | Updated: Aug 24, 2019, 12:54 PM IST
ബാലഭാസ്കറിന്‍റെ മരണം; അര്‍ജ്ജുനെ അറസ്റ്റ് ചെയ്യും!!

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണത്തില്‍ ഡ്രൈവര്‍ അര്‍ജ്ജുനെ പൊലീസ് അറസ്റ്റ് ചെയ്യും. മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്താകും അര്‍ജ്ജുനെ അറസ്റ്റ് ചെയ്യുക. 

അപകടത്തില്‍പ്പെടുമ്പോള്‍ കാര്‍ ഓടിച്ചിരുന്നത് അര്‍ജ്ജുനാണെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ്‌ പൊലീസ് നടപടികളിലേക്ക് കടക്കുന്നത്.

സ്റ്റിയറി൦ഗിലെയും സീറ്റ് ബെല്‍റ്റിലെയും വിരലടയാളം, സീറ്റിലുണ്ടായിരുന്ന മുടിയിഴകള്‍, രക്തം തുടങ്ങിയവ പരിശോധിച്ചാണ് ഫോറന്‍സിക് വിദഗ്ധര്‍ ഈ നിഗമനത്തിലെത്തിയത്.

ഫൊറന്‍സിക് സയന്‍സ് ലബോറട്ടിയില്‍ നിന്നുള്ള പരിശോധനാ ഫലം ക്രൈംബ്രാഞ്ചിന് കൈമാറി. ഇതോടെ, അര്‍ജ്ജുന്‍ മൊഴി മാറ്റിയതിന് പിന്നിലെ കാരണം കണ്ടെത്താന്‍ ക്രൈം ബ്രാഞ്ചിന് വേഗത്തില്‍ കഴിയും. 

കൂടാതെ, 120 കിലോമീറ്റര്‍ വേഗത്തിലായിരുന്നു വാഹനം ഓടിച്ചിരുന്നതെന്നും ക്രൈം ബ്രാഞ്ച് സ്ഥിരീകരിച്ചു. 

യാത്ര അമിത വേഗതയിലായിരുന്നെന്ന് തെളിയിക്കുന്ന രേഖകള്‍ മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നും ക്രൈം ബ്രാഞ്ചിന് നേരത്തെ ലഭിച്ചിരുന്നു. 

അര്‍ജ്ജുനൊപ്പം മുന്‍പിലെ സീറ്റിലാണ് ലക്ഷ്മിയും കുഞ്ഞും ഇരുന്നിരുന്നത്. പിന്നിലെ സീറ്റില്‍ നടുവിലായാണ് ബാലഭാസ്കര്‍ ഇരുന്നിരുന്നത്.

കൂടാതെ, ലക്ഷ്മി മാത്രമാണ് സീറ്റ് ബെല്‍റ്റ്‌ ധരിച്ചിരുന്നത് എന്നും കണ്ടെത്താനായി.  
ദേശീയപാതയിൽ പള്ളിപ്പുറം സിആർപിഎഫ് ക്യാമ്പ് ജംഗ്ഷന് സമീപ൦ സെപ്‌തംബർ 25ന് പുലർച്ചെ നാലോടെയായിരുന്നു അപകടം. 

തൃശൂരില്‍ നിന്നും ക്ഷേത്ര സന്ദര്‍ശനം കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങുമ്പോള്‍ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. 

ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ബാലഭാസ്‌കറിന്‍റെ മകള്‍ രണ്ടുവയസ്സുകാരി  തേജസ്വിനി മരണപ്പെട്ടിരുന്നു. 

ഗുരുതരമായി പരിക്കേറ്റ ബാലഭാസ്കര്‍ ചികിത്സയിലിരിക്കെ ഒക്‌ടോബർ രണ്ടിനാണ് മരണപ്പെട്ടത്. 

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഭാര്യ ലക്ഷ്‌മിയും ഡ്രൈവര്‍ അര്‍ജ്ജുനും ഏറെ നാള്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.