ബാലഭാസ്‌കറിന്‍റെ മരണം: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പിതാവ്

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഭാര്യ ലക്ഷ്‌മിയും ഡ്രൈവര്‍ അര്‍ജ്ജുനും ഏറെ നാള്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Last Updated : Nov 23, 2018, 12:34 PM IST
ബാലഭാസ്‌കറിന്‍റെ മരണം: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പിതാവ്

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്‍റെ മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പിതാവ് സി.കെ.ഉണ്ണി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. 

മൊഴിയിലെ വൈരുധ്യങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രത്യേക സംഘം അന്വേഷിക്കണമെന്നാണ് പരാതിയിലെ ആവശ്യം.

പാലക്കാടുള്ള പൂന്തോട്ടം എന്ന ആയുര്‍വേദ ആശുപത്രിയുമായി ബാലുവിന് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്ന് സംശയമുണ്ടെന്നും ഇത് അന്വേഷിക്കണമെന്നും  പരാതിയില്‍ ആവശ്യപ്പെടുന്നു.

എന്തിനാണ് തിടുക്കപ്പെട്ട് ബാലഭാസ്‌കര്‍ രാത്രി തന്നെ തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചതെന്ന് അന്വേഷിക്കണമെന്നും പരാതിയില്‍ പറയുന്നു.

കൂടാതെ, അപകട സമയത്ത് ബാലുവിനൊപ്പമുണ്ടായിരുന്ന ഡ്രൈവര്‍ അര്‍ജ്ജുന്‍റെയും ഭാര്യ ലക്ഷ്മിയുടെയും മൊഴികള്‍ തമ്മിലുള്ള വൈരുധ്യവും അന്വേഷിക്കണമെന്ന് പിതാവ് ആവശ്യപ്പെട്ടിട്ടുണ്ട്.   

അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്കറായിരുന്നില്ല ഡ്രൈവര്‍ അര്‍ജ്ജുനായിരുന്നുവെന്നാണ് ഭാര്യ ലക്ഷ്മിയുടെ മൊഴി. എന്നാല്‍ കൊല്ലത്ത് എത്തി വിശ്രമിച്ച ശേഷം കാര്‍ ഓടിച്ചത് ബാലഭാസ്കര്‍ ആണെന്നായിരുന്നു അര്‍ജ്ജുന്‍റെ മൊഴി.

ദേശീയപാതയിൽ പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പ് ജംഗ്ഷന് സമീപ൦ സെപ്‌തംബർ 25ന് പുലർച്ചെ നാലോടെയായിരുന്നു അപകടം. തൃശൂരില്‍ നിന്നും ക്ഷേത്ര സന്ദര്‍ശനം കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങുമ്പോള്‍ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. 

ആശുപത്രിയിലെത്തിച്ചെങ്കിലും ബാലഭാസ്‌കറിന്‍റെ മകള്‍ രണ്ടുവയസ്സുകാരി  തേജസ്വിനി മരണപ്പെട്ടിരുന്നു.ഗുരുതരമായി പരിക്കേറ്റ ബാലഭാസ്കര്‍ ചികിത്സയിലിരിക്കെ ഒക്‌ടോബർ രണ്ടിനാണ് മരണപ്പെട്ടത്. 

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഭാര്യ ലക്ഷ്‌മിയും ഡ്രൈവര്‍ അര്‍ജ്ജുനും ഏറെ നാള്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Trending News