ആറ് ദിവസത്തിന് ശേഷം കണ്ണുതുറന്ന് ബാലഭാസ്‌കര്‍

മറ്റു രണ്ടുപേരുടേയും ആരോഗ്യ സ്ഥിതിയില്‍ കാര്യമായ പുരോഗതി രേഖപ്പെടുത്തിയപ്പോഴും ബാലഭാസ്‌കറിന്‍റെ നില ഗുരുതരമായി തന്നെ തുടര്‍ന്നിരുന്നു.   

Last Updated : Sep 30, 2018, 12:22 PM IST
ആറ് ദിവസത്തിന് ശേഷം കണ്ണുതുറന്ന് ബാലഭാസ്‌കര്‍

തിരുവനന്തപുരം: കാറപകടത്തില്‍ ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് ആറുദിവസമായി ചികിത്സയില്‍ കഴിയുന്ന പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കര്‍ കണ്ണുതുറന്നു‍. കഴിഞ്ഞ ചൊവ്വാഴ്ച്ച രാവിലെയായിരുന്നു ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ച് അപകടത്തില്‍പ്പെട്ടത്. ബാലഭാസ്‌കറിന്‍റെ മകള്‍ തേജസ്വിനി അപകട ദിവസം തന്നെ മരണപ്പെട്ടിരുന്നു.

ഗുരുതര പരിക്കുകളോടെയാണ് ബാലഭാസ്‌കറിനേയും ഭാര്യലക്ഷ്മിയേയും ഡ്രൈവര്‍ അര്‍ജ്ജുനനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മറ്റു രണ്ടുപേരുടേയും ആരോഗ്യ സ്ഥിതിയില്‍ കാര്യമായ പുരോഗതി രേഖപ്പെടുത്തിയപ്പോഴും ബാലഭാസ്‌കറിന്‍റെ നില ഗുരുതരമായി തന്നെ തുടര്‍ന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം അദ്ദേഹത്തിന് ബോധം തിരിച്ചു കിട്ടിയത് വലിയ പ്രതീക്ഷയോടെയാണ് ഉറ്റവര്‍ കാണുന്നത്. രക്തസമ്മര്‍ദവും സാധാരണനിലയിലേക്ക് എത്തിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ നല്‍കിയിരുന്ന സഹായ ഉപകരണം മാറ്റിയിട്ടുണ്ട്.

വെന്റിലേറ്ററില്‍ തുടരുകയാണെങ്കിലും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ജീവന്‍രക്ഷാ സംവിധാനങ്ങളുടെ സഹായത്തോടെയാണ് ഇപ്പോള്‍ ചികിത്സയിലുള്ളതെങ്കിലും ഇവയുടെ തോത് കുറച്ചുകൊണ്ട് വരികയാണെന്ന് ഡോക്ടര്‍മാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 

ഓര്‍മ്മ തിരിച്ചു കിട്ടിയതും രക്തസമ്മര്‍ദ്ദം കുറഞ്ഞതും മുന്‍നിര്‍ത്തി കാലില്‍ നടത്തേണ്ട ശസ്ത്രക്രിയ ശനിയാഴ്ച്ച നടത്തി. ബാലഭാസ്‌കറിന്‍റെ കഴുത്തിനും സുഷുമ്‌നാനാഡിക്കും ശ്വാസകാശോത്തിനും തകരാറുണ്ട്. കഴുത്തിലെ കശേരുക്കള്‍ക്ക് ക്ഷതമുണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ശസ്ത്രക്രിയ നടത്തിയിരുന്നു. അടുത്ത ദിവസങ്ങളില്‍ ആരോഗ്യനിലയില്‍ കൂടുതല്‍ പുരോഗതി ഉണ്ടാകുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ശ്വാസോച്ഛ്വാസത്തിനും മറ്റും നല്‍കിയിരിക്കുന്ന ജീവന്‍ രക്ഷാ സംവിധാനങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ട്.

Trending News