മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് തട്ടിപ്പ്: സെക്രട്ടറിയെയും മുന്‍ പ്രസിഡന്‍റിനെയും അറസ്റ്റ് ചെയ്തു

മാവേലിക്കരയിലെ താലൂക്ക് സഹകരണ ബാങ്ക് തഴക്കര ശാഖയില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ മുന്‍ പ്രസിഡന്‍റിനെയും സെക്രട്ടറിയെയും ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. 

Last Updated : Dec 13, 2017, 06:27 PM IST
മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് തട്ടിപ്പ്: സെക്രട്ടറിയെയും മുന്‍ പ്രസിഡന്‍റിനെയും അറസ്റ്റ് ചെയ്തു

മാവേലിക്കര: മാവേലിക്കരയിലെ താലൂക്ക് സഹകരണ ബാങ്ക് തഴക്കര ശാഖയില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ മുന്‍ പ്രസിഡന്‍റിനെയും സെക്രട്ടറിയെയും ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. താലൂക്ക് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്‍റ് മാവേലിക്കര കണ്ടിയൂര്‍, കോട്ടപ്പുറത്ത് വി.പ്രഭാകരന്‍ പിള്ള(86), സെക്രട്ടറി തഴക്കര, തൊമ്മന്‍ പറമ്പില്‍ വീട്ടില്‍ അന്നമ്മ മാത്യു (56) എന്നിവരെയാണ് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ ചോദ്യം ചെയ്യലിനായി തിരുവല്ലയിലെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വരുത്തിയ ശേഷം ഉച്ചയ്ക്ക് ഒന്നോടെ അറസ്റ്റ് രേഖപ്പെടുത്തി.

2016 ഡിസംബറിലാണ് താലൂക്ക് സഹകരണ ബാങ്ക് തഴക്കര ശാഖയില്‍ കോടികളുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 34 കോടി രൂപയുടെ ക്രമക്കേട് നടന്നതായി കണ്ടെത്തിയിരുന്നു. ക്രമക്കേട് കണ്ടെത്തിയതിന് പിന്നാലെ ബാങ്കിലെ മാനേജരായ ജ്യോതി മധു, കാഷ്യര്‍ ബിന്ദു ജി. നായര്‍, കമ്ബ്യൂട്ടര്‍ ഓപ്പറേറ്റര്‍ കുട്ടിസീമ ശിവം എന്നിവരെ സര്‍വീസില്‍ നിന്ന് പുറത്താക്കിയിരുന്നു. 

തട്ടിപ്പില്‍ മാവേലിക്കര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് കഴിഞ്ഞ മേയിലാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. നവംബര്‍ നാലിന് തഴക്ക ശാഖ മാനേജര്‍ ജ്യോതി മധുവിനെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ മാവേലിക്കര സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. ഗൂഡാലോചന, വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, വ്യാജരേഖ ഉപയോഗിച്ചുള്ള കൃതൃമം നടത്തല്‍, ഐടി ആക്‌ട് പ്രകാരമുള്ള കുറ്റങ്ങള്‍ എന്നിവയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ക്രൈംബ്രാഞ്ച് ഡിവൈഎസ്പി മുഹമ്മദ് കബീര്‍ റാവുത്തരുടെ മേല്‍നോട്ടത്തില്‍ വി.ജോഷി, അനില്‍കുമാര്‍, വിനോദ് കുമാര്‍, ഷാനവാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Trending News