ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; തുഷാര്‍ തൃശൂരില്‍

അവശേഷിച്ച രണ്ടു സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെ പ്രചാരണം കൊഴുപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിഡിജെഎസ്.  

Last Updated : Mar 28, 2019, 12:47 PM IST
ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; തുഷാര്‍ തൃശൂരില്‍

ആലപ്പുഴ: ബിഡിജെഎസ് മത്സരിക്കുന്ന അഞ്ച് മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. തുഷാര്‍ വെള്ളാപ്പള്ളി തൃശൂരിലും പൈലി വാത്തിയാട്ട് വയനാട്ടിലും മത്സരിക്കും. അവശേഷിച്ച രണ്ടു സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെ പ്രചാരണം കൊഴുപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിഡിജെഎസ്.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പുറത്തുവന്നതോടെ വ്യാഴാഴ്ച രാവിലെ ഒമ്പത് മണിക്ക് ശിവഗിരി മഹാസമാധിയില്‍ പ്രണാമമര്‍പ്പിച്ച ശേഷം കൊല്ലത്ത് എസ്.എന്‍.ഡി.പി യോഗം ക്യാമ്പ് ഹൗസിലുള്ള പിതാവ് വെള്ളാപ്പള്ളി നടേശനെയും അമ്മ പ്രീതി നടേശനെയും കണ്ട് അനുഗ്രഹം വാങ്ങാന്‍ തുഷാര്‍ പുറപ്പെട്ടു. 

കൂടാതെ മാതാ അമൃതാനന്ദമയിയെ കണ്ട് അനുഗ്രഹം വാങ്ങി പന്മന ചട്ടമ്പി സ്വാമി സ്മാരകത്തില്‍ പുഷ്പാര്‍ച്ചനയും നടത്തും. അതിനുശേഷം കണിച്ചുകുളങ്ങരയിലെ വീട്ടില്‍ തങ്ങും. വെള്ളിയാഴ്ച രാവിലെ തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിനു മുന്നില്‍ നിന്ന് പ്രചാരണം ആരംഭിക്കും.

തൃശൂരില്‍ താന്‍ ജയിച്ചിരിക്കുമെന്നും അതില്‍ ഒരു സംശയവുമില്ലയെന്നും തോല്‍ക്കാന്‍വേണ്ടി അവിടെ പോയി മത്സരിക്കില്ലല്ലോയെന്നും തുഷാര്‍ പറഞ്ഞു. മാത്രമല്ല തനിക്ക് ഒരുപാട് ബന്ധങ്ങളുള്ള സ്ഥലമാണ് തൃശൂര്‍. ഇരിങ്ങാലക്കുട സ്‌കൂളിലാണ് താന്‍ പഠിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഒരുപാട് സുഹൃത്തുക്കളുണ്ട്. എസ്.എന്‍.ഡി.പി യോഗം, എന്‍.എസ്.എസ്, എഴുത്തച്ഛന്‍ വിഭാഗം തുടങ്ങി എല്ലാവരുമായി നല്ല ബന്ധമാണെന്നും തുഷാര്‍ പറഞ്ഞു.

Trending News