കെപിസിസി പുന:സംഘടന;ബെന്നി ബഹനാന്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനമൊഴിയും?

സംഘടനയില്‍ ഒരാള്‍ക്ക്‌ ഒരുപദവിയെന്ന നിര്‍ദേശം പാലിക്കുന്നതിന് എ ഗ്രൂപ്പ് തയ്യാറാണെന്ന് ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്.നിലവില്‍ എ,ഐ ഗ്രൂപ്പുകള്‍ ചര്‍ച്ച നടത്തി ജംബോ പട്ടികയില്‍ എണ്ണം കുറയ്ക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്.യുവാക്കളെ ഒഴിവാക്കിയാണ് പുന:സംഘടന നടത്തുന്നതെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രെസ് ഹൈക്കമാന്‍ഡിനെ സമീപിച്ചിരുന്നു.

Updated: Jan 19, 2020, 03:14 PM IST
കെപിസിസി പുന:സംഘടന;ബെന്നി ബഹനാന്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനമൊഴിയും?

കെപിസിസി പുന:സംഘടനയില്‍ ഒരാള്‍ക്ക്‌ ഒരുപദവിയെന്ന നിര്‍ദേശം പാലിക്കുന്നതിന് എ ഗ്രൂപ്പ് തയ്യാറാണെന്ന് ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്.നിലവില്‍ എ,ഐ ഗ്രൂപ്പുകള്‍ ചര്‍ച്ച നടത്തി ജംബോ പട്ടികയില്‍ എണ്ണം കുറയ്ക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്.യുവാക്കളെ ഒഴിവാക്കിയാണ് പുന:സംഘടന നടത്തുന്നതെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രെസ് ഹൈക്കമാന്‍ഡിനെ സമീപിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് നിലവിലെ പട്ടികയില്‍ വീണ്ടും മാറ്റംവരുത്തുന്നതിന് നേതാക്കള്‍ തയ്യാറെടുക്കുന്നത്.അതേസമയം ഒരാള്‍ക്ക്‌ ഒരു പദവിയെന്ന ഹൈക്കമാന്‍ഡ് നിര്‍ദേശം അംഗീകരിക്കുന്നതിന് ഐ ഗ്രൂപ്പ് തയ്യാറായിട്ടില്ല.എന്നാല്‍ ഈ നിര്‍ദേശം തങ്ങള്‍ക്ക് സ്വീകാര്യമാണെന്ന നിലപാടിലാണ് ഉമ്മന്‍‌ചാണ്ടി നേതൃത്വം നല്‍കുന്ന എ ഗ്രൂപ്പ്‌.നിലവില്‍ എംപി യായ ബെന്നിബഹനാന്‍ എഗ്രൂപ്പ്‌ പ്രതിനിധിയായാണ് യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത്  എത്തിയത്.

അതുകൊണ്ട് തന്നെ ഒരാള്‍ക്ക്‌ ഒരു പദവി എന്ന നിര്‍ദേശം എ ഗ്രൂപ്പ്‌ അംഗീകരിച്ചാല്‍ ബെന്നി ബഹനാന്‍ സ്ഥാനമോഴിയേണ്ടി വരും.അങ്ങനെ വന്നാല്‍ കണ്‍വീനര്‍ സ്ഥാനത്തേക്ക് കെപിസിസി മുന്‍ അധ്യക്ഷന്‍ എംഎം ഹസന്‍ എത്തുന്നതിനാണ് സാധ്യത.അതേസമയം ഐ ഗ്രൂപ്പ്‌ ആകട്ടെ എംപി മാരും എംഎല്‍എ മാരും അടക്കമുള്ളവരെ കെപിസിസി ഭാരവാഹികളാക്കുന്നതിനാണ് തയ്യാറെടുക്കുന്നത്.

വനിതാ,യുവ പ്രാതിനിധ്യം ഉറപ്പ് വരുത്തികൊണ്ടാകും പുന:സംഘടന.നിലവിലെ സാഹചര്യത്തില്‍ ഡിസിസി കളുടെ അടക്കം പുന:സംഘടനയിലും ഗ്രൂപ്പുകള്‍ തമ്മില്‍ ധാരണയിലെത്തിയിട്ടുണ്ട്.എന്നാല്‍ പാലക്കാട് എംപി വികെ ശ്രീകണ്ഠന്‍ ഡിസിസി അധ്യക്ഷസ്ഥാനത്ത് തുടരുന്നതിനാണ് സാധ്യത.