ദേശീയ പണിമുടക്ക്‌: തലസ്ഥാനത്ത് എസ്ബിഐ ട്രഷറി ബ്രാഞ്ച് ഓഫീസില്‍ ആക്രമണം

സംയുക്ത ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ദേശീയ പണിമുടക്കിന്‍റെ രണ്ടാം ദിവസം പണിമുടക്ക്‌ അനുകൂലികള്‍ കൂടുതല്‍ ആക്രമണങ്ങള്‍ അഴിച്ചുവിടുകയാണ്. 

Last Updated : Jan 9, 2019, 11:48 AM IST
ദേശീയ പണിമുടക്ക്‌: തലസ്ഥാനത്ത് എസ്ബിഐ ട്രഷറി ബ്രാഞ്ച് ഓഫീസില്‍ ആക്രമണം

തിരുവനന്തപുരം: സംയുക്ത ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ദേശീയ പണിമുടക്കിന്‍റെ രണ്ടാം ദിവസം പണിമുടക്ക്‌ അനുകൂലികള്‍ കൂടുതല്‍ ആക്രമണങ്ങള്‍ അഴിച്ചുവിടുകയാണ്. 

തിരുവനന്തപുരത്ത് എസ്ബിഐ ട്രഷറി ബ്രാഞ്ച് ഓഫീസില്‍ സമരാനുകൂലികള്‍ ആക്രമണം നടത്തി. മാനേജരുടെ ക്യാബിനും മേശയും കംപ്യൂട്ടറും അടിച്ചു തകര്‍ത്തു. സെക്രട്ടറിയേറ്റിന് സമീപത്തെ ഓഫീസിന് നേരെയാണ് സമരക്കാരുടെ ആക്രമണമുണ്ടായത്. ഇവിടെ ജോലി ചെയ്തിരുന്ന ജീവനക്കാരെ സമരക്കാര്‍ ഭീഷണിപ്പെടുത്തി.

അതേസമയം, ട്രഷറി ബ്രാഞ്ച് ഓഫീസ് ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. അക്രമികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. 

കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെയാണ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വിവിധ തൊഴിലാളി സംഘടനകള്‍ 48 മണിക്കൂര്‍ പണിമുടക്കിന് ഇന്നലെ തുടക്കമിട്ടത്. 

അതേസമയം സംയുക്ത ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ദേശീയ പണിമുടക്കിന്‍റെ രണ്ടാം ദിവസം ജനജീവിതം കൂടുതല്‍ ദുരിതമായിരിയ്ക്കുകയാണ്. ബസുകള്‍ ഒന്നും തന്നെ സര്‍വീസ് നടത്തുന്നില്ല. സമരാനുകൂലികള്‍ നടത്തുന്ന ട്രെയിന്‍ തടയല്‍ മൂലം ട്രെയിന്‍ ഗതാഗതം പൂര്‍ണ്ണമയും തടസ്സപ്പെട്ടിരിയ്ക്കുകയാണ്. പ്രതിഷേധത്തെ തുടര്‍ന്ന് ശബരിമല്‍ സര്‍വിസ് ഒഴികെ കെഎസ്ആര്‍ടിസിയും സര്‍വ്വീസ് നടത്തുന്നില്ല.

ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി യൂണിയനുകളെല്ലാം പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. മിനിമം വേതനം 18,000 രൂപയാക്കുക, കരാര്‍ തൊഴില്‍ അവസാനിപ്പിക്കുക, പൊതുമേഖലയെ സംരക്ഷിക്കുക, തൊഴിലാളികള്‍ക്ക് മിനിമം പെന്‍ഷന്‍ 3000 രൂപ വീതം പ്രതിമാസം ആക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ദേശീയ പണിമുടക്ക് നടത്തുന്നത്.

സംയുക്ത തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച്‌ നടത്തും. 1991 ന് ശേഷമുള്ള രണ്ടാമത്തെ ദ്വിദിന പണിമുടക്കില്‍ 20 കോടിയിലേറെ തൊഴിലാളികളാണ് അണിനിരന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തൊഴിലാളികള്‍ പണിമുടക്കി റാലികള്‍ സംഘടിപ്പിച്ചു.

 

 

Trending News