കുരുക്കഴിക്കാന്‍ ബിജെപി കേന്ദ്ര നേതാക്കള്‍ സംസ്ഥാന നേതാക്കളെ കാണാൻ എത്തുന്നു

ആർ.എസ്.എസ്. നേതാക്കളെ മുകളിൽനിന്ന് സംസ്ഥാനത്തേക്ക് ഇറക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെങ്കിലും പാർലമെന്റ് തിരഞ്ഞെടുപ്പ് വരാനിരിക്കെ അത് തിരിച്ചടിയാവുമോ എന്ന  ആശങ്ക കേന്ദ്ര നേതൃത്വത്തിനുണ്ട്. 

Last Updated : Jun 8, 2018, 08:55 AM IST
കുരുക്കഴിക്കാന്‍ ബിജെപി കേന്ദ്ര നേതാക്കള്‍ സംസ്ഥാന നേതാക്കളെ കാണാൻ എത്തുന്നു

കൊച്ചി: ബി.ജെ.പി. സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഏകപക്ഷീയമായി ഒരാളെ പ്രഖ്യാപിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ചർച്ചകൾക്കായി കേന്ദ്ര നേതാക്കൾ സംസ്ഥാന നേതാക്കളെ കാണാൻ എത്തുന്നു. സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരനെ സ്ഥാനത്തു നിന്ന് നീക്കിയതിനു ശേഷം പുതിയ ആളെ പ്രഖ്യാപിക്കാൻ പാർട്ടി നേതൃത്വം പാടുപെടുകയാണ്. 

ചെങ്ങന്നൂർ ഉപ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ പുതിയ പാർട്ടി അധ്യക്ഷൻ ചുമതലയേൽക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഇതുവരെ ആളെ കണ്ടെത്താൻ കേന്ദ്ര നേതൃത്വത്തിന് കഴിഞ്ഞില്ല. സംസ്ഥാനത്തെ പാർട്ടിയിൽ ഗ്രൂപ്പ് ശക്തമായതിനാൽ എല്ലാവർക്കും സമ്മതനായ ഒരാളെ കണ്ടെത്താൻ നേതൃത്വത്തിന് സാധിച്ചിട്ടില്ലയെന്നതാണ് സത്യം.

ആർ.എസ്.എസ്. നേതാക്കളെ മുകളിൽനിന്ന് സംസ്ഥാനത്തേക്ക് ഇറക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെങ്കിലും പാർലമെന്റ് തിരഞ്ഞെടുപ്പ് വരാനിരിക്കെ അത് തിരിച്ചടിയാവുമോ എന്ന ആശങ്ക കേന്ദ്ര നേതൃത്വത്തിനുണ്ട്. അതിനാൽ സംസ്ഥാന നേതാക്കളുടെ മനസ്സറിഞ്ഞിട്ട് തീരുമാനം പ്രഖ്യാപിക്കാനാണ് ബി.ജെ.പി. നേതൃത്വം തീരുമാനിച്ചിട്ടുള്ളത്. 

ഇതിനായി കേരളത്തിന്‍റെ ചുമതലയുള്ള നേതാക്കളായ എച്ച്.രാജ, നളിൻകുമാർ കട്ടീൽ എം.പി. എന്നിവരാണ് ചർച്ചകൾക്കായി ഇന്ന് സംസ്ഥാനത്ത് എത്തുന്നത്. കൊച്ചി ബി.ടി.എച്ചിൽ ഇവർ പാർട്ടി കോർ കമ്മിറ്റി നേതാക്കളുമായി ആദ്യം ചർച്ച നടത്തും. തുടർന്ന് സംസ്ഥാന ഭാരവാഹികളിൽനിന്നും ജില്ലാ പ്രസിഡന്റുമാരിൽനിന്നും അഭിപ്രായം സ്വീകരിക്കും. മാത്രമല്ല, സംസ്ഥാനത്തെ ആർ.എസ്.എസ്. നേതാക്കളുമായും ഇവർ ആശയവിനിമയം നടത്തും.

കൃഷ്ണദാസ് പക്ഷം എം.ടി. രമേശിന്‍റെയും മുരളീധര വിഭാഗം കെ. സുരേന്ദ്രന്‍റെ'യും പേരുകളാവും നേതാക്കൾക്കു മുന്നിൽ വയ്ക്കുക. ഈ പേരുകളുമായാണ് നേതാക്കൾ വരുന്നതുതന്നെ. ഇക്കാര്യത്തിൽ ഒരു സമവായത്തിലെത്തിക്കാനാവും അവർ ശ്രമിക്കുക. അതിനു കഴിയുന്നില്ലെങ്കിൽ സീനിയർ വൈസ് പ്രസിഡന്റ് കെ.പി. ശ്രീശന് ചുമതല നൽകാനുള്ള സാധ്യതകളും നേതാക്കൾ കാണുന്നുണ്ട്. നിലവിലുള്ള കമ്മിറ്റിക്ക് ആറു മാസം കൂടി കാലാവധി ഉള്ളതിനാൽ അതിൽ അപാകമില്ല.

കുമ്മനം രാജശേഖരനെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവന്നതുപോലെ, ഇരു ഗ്രൂപ്പുകളെയും ഒന്നിച്ചു കൊണ്ടുപോകാൻ പുറമെ ആർ.എസ്.എസ്. നേതൃത്വത്തിലുള്ള ആളെ കൊണ്ടുവരുന്ന കാര്യവും കേന്ദ്ര നേതൃത്വത്തിനു മുന്നിലുണ്ട്. ആർ.എസ്.എസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിനു പുറത്ത് പ്രവർത്തിച്ചുവരുന്ന ജെ. നന്ദകുമാർ, ആർ. ബാലശങ്കർ, അരവിന്ദ് മേനോൻ എന്നിവർ നേതൃത്വത്തിലേക്ക് വന്നേക്കുമെന്ന് സംസ്ഥാന നേതാക്കൾ പ്രതീക്ഷിച്ചിരുന്നു. 

എന്നാൽ, ഇവിടത്തെ നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന ആളെ സംസ്ഥാനത്തിനകത്തുനിന്നുതന്നെ കണ്ടെത്തുന്നതിനും ആലോചന നടക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായി പാർട്ടി പത്രത്തിന്‍റെ ചുമതലയുള്ള സഹ കാര്യവാഹ് എം. രാധാകൃഷ്ണനെ നേതൃത്വം ഡൽഹിയിലേക്ക് വിളിപ്പിച്ച് ചർച്ചകൾ നടത്തിയിട്ടുണ്ട്.

അഭിപ്രായങ്ങൾ കേട്ട് മടങ്ങുന്ന കേന്ദ്രസംഘം, ദേശീയാധ്യക്ഷൻ അമിത് ഷായ്ക്ക് നൽകുന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ആയിരിക്കും പ്രഖ്യാപനം നടത്തുന്നതെന്നാണ് നേതാക്കൾ പ്രതീക്ഷിക്കുന്നത്.

Trending News