ബിജെപി സംസ്ഥാന ഘടകത്തില്‍ ഭിന്നത രൂക്ഷം!

ആര്‍എസ്എസുമായി അടുപ്പമുള്ള ചില കേന്ദ്രങ്ങളില്‍ നിന്ന് വത്സന്‍ തില്ലങ്കരിയുടെ പേരും പ്രചരിക്കുന്നുണ്ട്. 

Updated: Nov 12, 2019, 06:34 PM IST
ബിജെപി സംസ്ഥാന ഘടകത്തില്‍ ഭിന്നത രൂക്ഷം!

ബിജെപി സംസ്ഥാന ഘടകത്തിലെ ഭിന്നത രൂക്ഷമായി തുടരുകയാണ്. 

പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷ പദവിയില്‍ നിന്നും അഡ്വ. ശ്രീധരന്‍ പിള്ളയെ മാറ്റുകയും അദ്ദേഹത്തെ മിസോറാം ഗവര്‍ണറായി കേന്ദ്ര സര്‍ക്കാര്‍ നിയമിക്കുകയും ചെയ്തു. 

എന്നാല്‍, പാര്‍ട്ടിയ്ക്ക് ഇതുവരെയും കേരളത്തില്‍ സംസ്ഥാന അധ്യക്ഷനെ കണ്ടെത്തുന്നതിന് കഴിഞ്ഞിട്ടില്ല. 

നിലവിലെ ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷനാകുമെന്നാണ് നല്ലൊരു വിഭാഗം പ്രവര്‍ത്തകരും പ്രതീക്ഷിക്കുന്നത്.  

എന്നാല്‍, സിനിമാ താരവും രാജ്യസഭാ൦ഗവുമായ സുരേഷ് ഗോപി ഡല്‍ഹിയിലെത്തി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതോടെ അദ്ദേഹത്തിന്‍റെ പേരും ചര്‍ച്ചകളില്‍ ഇടം പിടിച്ചു. 

സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍, ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ ജയകുമാര്‍ എന്നിവരെയും സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. 

ആര്‍എസ്എസുമായി അടുപ്പമുള്ള ചില കേന്ദ്രങ്ങളില്‍ നിന്ന് വത്സന്‍ തില്ലങ്കരിയുടെ പേരും പ്രചരിക്കുന്നുണ്ട്. 

സംസ്ഥാന അദ്ധ്യക്ഷനെ നിശ്ചയിക്കുന്നതിനായി ബിജെപി കോര്‍കമ്മിറ്റി അംഗങ്ങളുടെ യോഗം സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷിന്‍റെ സാന്നിധ്യത്തില്‍ കേരളത്തില്‍ നിശ്ചയിച്ചിരുന്നു. 

എന്നാല്‍, നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഉടലെടുത്ത ആര്‍എസ്എസ്-ബിജെപി ഭിന്നത പരിഹരിക്കാതെ തുടരുന്നതിനാല്‍ ഈ യോഗം നടന്നില്ല. 

ബിഎല്‍ സന്തോഷ്‌ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നെങ്കിലും അത് മാറ്റി വെയ്ക്കുകയായിരുന്നു. 

സംഘടനാപരമായ തിരക്കുകള്‍ കാരണം ബിഎല്‍ സന്തോഷ്‌ കേരളാ സന്ദര്‍ശനം ഒഴിവാക്കിയതായാണ് അറിയാന്‍ കഴിയുന്നത്. 

എന്നാല്‍, വട്ടിയൂര്‍കാവില്‍ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി ഇടഞ്ഞു നില്‍ക്കുന്ന ആര്‍എസ്എസിനെ അനുനയിപ്പിക്കാന്‍ ബിജെപി നേതൃത്വത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. 

ഈ സാഹചര്യത്തിലാണ് സംസ്ഥാന അദ്ധ്യക്ഷനെ പ്രഖ്യാപിക്കുന്നത് വൈകുന്നത്. ബിജെപി നേതൃ നിരയിലെ അഭിപ്രായ ഭിന്നതകളും ആര്‍എസ്എസ് കടുംപിടുത്തവും പരിഹരിച്ച ശേഷം പ്രസിഡന്‍റിനെ പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് ബിജെപി ദേശീയ നേതൃത്വം.