ശബരിമലയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥ: ബിജെപി കേന്ദ്ര സംഘം

സംസ്ഥാന സര്‍ക്കാരിനെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയ സംഘം സർക്കാരിൽ നിന്ന് റിപ്പോർട്ട് തേടുമെന്ന് ഗവർണർ പി സദാശിവം ഉറപ്പ് നൽകി. ശബരിമലയിലെ പ്രശ്നങ്ങൾക്കെല്ലാം കാരണം സംസ്ഥാന സർക്കാരാണെന്നും, കേന്ദ്ര മന്ത്രിമാരോടടക്കം സംസ്ഥാന സർക്കാർ നിയോഗിച്ച പൊലീസ് ഉദ്യോഗസ്ഥർ മോശമായി പെരുമാറിയെന്നും സംഘം ആരോപിച്ചു.

Updated: Dec 2, 2018, 06:21 PM IST
ശബരിമലയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥ: ബിജെപി കേന്ദ്ര സംഘം

കൊച്ചി: ശബരിമല വിഷയത്തെ മുറുകെപ്പിടിച്ച്‌ ബിജെപി. ശബരിമലയില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് കേന്ദ്ര സംഘം ഗവര്‍ണറെ അറിയിച്ചു. 

സംസ്ഥാന സര്‍ക്കാരിനെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയ സംഘം സർക്കാരിൽ നിന്ന് റിപ്പോർട്ട് തേടുമെന്ന് ഗവർണർ പി സദാശിവം ഉറപ്പ് നൽകിയതായും അറിയിച്ചു. ശബരിമലയിലെ പ്രശ്നങ്ങൾക്കെല്ലാം കാരണം സംസ്ഥാന സർക്കാരാണെന്നും, കേന്ദ്ര മന്ത്രിമാരോടടക്കം സംസ്ഥാന സർക്കാർ നിയോഗിച്ച പൊലീസ് ഉദ്യോഗസ്ഥർ മോശമായി പെരുമാറിയെന്നും സംഘം ആരോപിച്ചു.

അതേസമയം സുരക്ഷയുടെ പേരില്‍ തീര്‍ത്ഥാടകരെ പോലീസ് മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണ്. സമാധാനം പുനസ്ഥാപിക്കാന്‍ ഗവര്‍ണര്‍ അടിയന്തരമായി ഇടപെടണമെന്നും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. കെ സുരേന്ദ്രന്‍ അടക്കമുള്ളവരുടെ അറസ്റ്റാണ് ഇപ്പോഴത്തെ നീക്കത്തിന് ബിജെപിയെ പ്രേരിപ്പിച്ചത്. ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കെല്ലാം പൂര്‍ണ ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണെന്ന് ബിജെപിയുടെ പരാതിയില്‍ ആരോപിക്കുന്നുണ്ട്. 

കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്നു. കെ സുരേന്ദ്രനെതിരെ തെറ്റായ കേസാണ് എടുത്തിട്ടുള്ളതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും തന്നെ ഒരുക്കിയിട്ടില്ല. ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തിയിരുന്ന ശബരിമല ഇപ്പോള്‍ ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ കറുത്ത ഇടമായിരിക്കുകയാണെന്ന് ബിജെപി ആരോപിക്കുന്നു. 

ശബരിമല വിഷയം പഠിക്കാന്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ നിയോഗിച്ച എംപിമാരുടെ സംഘമാണ് കേരളത്തില്‍ എത്തിയത്. ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡേ എംപിയുടെ നേതൃത്വത്തില്‍ പ്രഹ്ലാദ് ജോഷി എംപി, പട്ടിക ജാതി മോര്‍ച്ച ദേശീയ അദ്ധ്യക്ഷന്‍ വിനോദ് ശങ്കര്‍ എംപി, നളിന്‍കുമാര്‍ കാട്ടീല്‍ എംപി എന്നിവരാണ് സംഘത്തിലുള്ളത്.

15നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദേശം.