ശബരിമല സ്ഥിതിഗതികള്‍ പഠിക്കാന്‍ ബിജെപി എം.പിമാരുടെ സംഘം കേരളത്തില്‍

15നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദേശം. 

Updated: Dec 2, 2018, 04:01 PM IST
ശബരിമല സ്ഥിതിഗതികള്‍ പഠിക്കാന്‍ ബിജെപി എം.പിമാരുടെ സംഘം കേരളത്തില്‍

കൊച്ചി: ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദേശപ്രകാരം ശബരിമല പ്രക്ഷോഭം സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കാനെത്തിയ ബിജെപി ദേശീയ സംഘം സംസ്ഥാനത്തെത്തി.

ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡേ എംപിയുടെ നേതൃത്വത്തില്‍ പ്രഹ്ലാദ് ജോഷി എംപി, പട്ടിക ജാതി മോര്‍ച്ച ദേശീയ അദ്ധ്യക്ഷന്‍ വിനോദ് ശങ്കര്‍ എംപി, നളിന്‍കുമാര്‍ കാട്ടീല്‍ എംപി എന്നിവരാണ് സംഘത്തിലുള്ളത്.

കോര്‍കമ്മിറ്റിയംഗങ്ങളായ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള, ഒ.രാജഗോപാല്‍ എംഎല്‍എ, ശോഭ സുരേന്ദ്രന്‍, എ.എന്‍. രാധാകൃഷ്ണന്‍, എം.ഗണേഷ് എന്നിവരുമായി സംഘം ചര്‍ച്ച നടത്തി. കോര്‍ കമ്മിറ്റി യോഗത്തിനുശേഷം ശബരിമല കര്‍മസമിതി നേതാക്കളുമായി സംഘം ചര്‍ച്ച നടത്തി. വിശ്വാസ സംരക്ഷണത്തിന് പാര്‍ട്ടിയും കേന്ദ്രസര്‍ക്കാരും ഒപ്പമുണ്ടാകുമെന്ന് കേന്ദ്രസംഘം കര്‍മസമിതി നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി.

കൂടാതെ, സംഘം ഗവര്‍ണര്‍ പി. സദാശിവത്തിനെ കാണും. പിന്നീടു ശബരിമലയില്‍ പൊലീസ് അതിക്രമത്തിനിരയായവരില്‍നിന്നു വിവരങ്ങള്‍ ശേഖരിക്കും. പന്തളം കൊട്ടാരത്തിലെത്തി പ്രതിനിധികളുമായും ചര്‍ച്ച നടത്തും

15നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദേശം. 

ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഉടലെടുത്ത പ്രശ്നങ്ങളും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകളുമടക്കം പരിശോധിച്ച് ബി.ജെ.പി കേന്ദ്രനേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കാനാണ് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെയുടെ നേതൃത്വത്തിലുളള സംഘം കേരളത്തിലെത്തിയത്.