കെ.സുരേന്ദ്രനെ സന്ദര്‍ശിച്ച് പാര്‍ട്ടി കേന്ദ്ര സംഘം

ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദേശപ്രകാരം ശബരിമല പ്രക്ഷോഭം സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കാനെത്തിയ ബിജെപി ദേശീയ സംഘം ജയിലില്‍ കഴിയുന്ന പാര്‍ട്ടി സംസ്ഥാന ജനറല്‍സെക്രട്ടറി കെ.സുരേന്ദ്രനെ സന്ദര്‍ശിച്ചു.

Updated: Dec 3, 2018, 06:06 PM IST
കെ.സുരേന്ദ്രനെ സന്ദര്‍ശിച്ച് പാര്‍ട്ടി കേന്ദ്ര സംഘം

തിരുവനന്തപുരം: ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദേശപ്രകാരം ശബരിമല പ്രക്ഷോഭം സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കാനെത്തിയ ബിജെപി ദേശീയ സംഘം ജയിലില്‍ കഴിയുന്ന പാര്‍ട്ടി സംസ്ഥാന ജനറല്‍സെക്രട്ടറി കെ.സുരേന്ദ്രനെ സന്ദര്‍ശിച്ചു.

ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡേ എംപി, പ്രഹ്ലാദ് ജോഷി എംപി, പട്ടിക ജാതി മോര്‍ച്ച ദേശീയ അദ്ധ്യക്ഷന്‍ വിനോദ് ശങ്കര്‍ എംപി, നളിന്‍കുമാര്‍ കാട്ടീല്‍ എംപി എന്നിവരാണ് കെ.സുരേന്ദ്രനെ സന്ദര്‍ശിച്ചത്. 

രാഷ്ട്രീയ തടവുകാരോട് കാണിക്കേണ്ട മാന്യത പോലും സുരേന്ദ്രനോട് സര്‍ക്കാര്‍ കാണിച്ചില്ലെന്നും ബിജെപി പ്രവര്‍ത്തകരോടും നേതാക്കന്മാരോടും സര്‍ക്കാര്‍ കാണിക്കുന്നത് മനുഷ്യാവകാശ ലംഘനമാണന്നും പ്രഹ്ലാദ് ജോഷി ആരോപിച്ചു. സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കി ജയിലിലിട്ടത് ഗുഢാലോചനയുടെ ഭാഗമാണെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു. 

ശബരിമല സന്നിധാനത്തു ചിത്തിര ആട്ടവിശേഷദിവസം 52കാരിയായ ഭക്തയെ തടഞ്ഞ് ആക്രമിച്ച കേസിലാണ് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍ അറസ്റ്റിലായത്.

ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഉടലെടുത്ത പ്രശ്നങ്ങളും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകളുമടക്കം പരിശോധിച്ച് ബി.ജെ.പി കേന്ദ്രനേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കാനാണ് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെയുടെ നേതൃത്വത്തിലുളള സംഘം കേരളത്തിലെത്തിയിരിക്കുന്നത്.