കെ.സുരേന്ദ്രനെ കള്ളക്കേസുകളിൽ കുടുക്കുന്നതിനെതിരേ ബി.ജെ.പി. ഹൈക്കോടതിയിലേക്ക്

ഇപ്പോള്‍ സുരേന്ദ്രനെതിരെ ഏഴ് കേസുകളാണുള്ളത്. ഏറ്റവും ഒടുവില്‍ രജിസ്റ്റര്‍ ചെയ്തത് നെടുമ്പാശേരി പൊലീസാണ്.   

Updated: Dec 1, 2018, 08:36 AM IST
കെ.സുരേന്ദ്രനെ കള്ളക്കേസുകളിൽ കുടുക്കുന്നതിനെതിരേ ബി.ജെ.പി. ഹൈക്കോടതിയിലേക്ക്

പത്തനംതിട്ട: സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ കള്ളക്കേസുകളിൽ കുടുക്കുന്നതിനെതിരേ ബി.ജെ.പി. ഹൈക്കോടതിയിലേക്ക്. ഇതിനായി പ്രമുഖ അഭിഭാഷകരെ കൊണ്ടുവരുമെന്നും ജാമ്യം അനുവദിച്ചാലും നിയമപോരാട്ടം തുടരുമെന്നും സംസ്ഥാനപ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു.

ശബരിമല സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ച കേസിൽ പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണിത്. ജാമ്യം ലഭിക്കാതിരിക്കാൻ സി.പി.എം സമ്മർദത്തിനുവഴങ്ങി പോലീസ് കൃത്രിമതെളിവുകൾ സൃഷ്ടിക്കുകയാണ്. കേസിൽ കെ.സുരേന്ദ്രൻ നിരപരാധിയാണെന്നും കള്ളക്കേസുകൾ പിൻവലിക്കണമെന്നും ബി.ജെ.പി. ആവശ്യപ്പെട്ടു.

നിരോധനാജ്ഞ ലംഘിച്ച കേസിൽ 21-ന് ജാമ്യം ലഭിച്ചിട്ടും കെ.സുരേന്ദ്രനെ അനധികൃതമായി തടങ്കലിൽ പാർപ്പിച്ചതായി അഭിഭാഷകൻ കെ.രാംകുമാർ കോടതിയിൽ വാദിച്ചു. നവംബർ 20 നുതന്നെ പ്രൊഡക്‌ഷൻ വാറന്റുണ്ടെന്ന് പോലീസ് കോടതിയെ അറിയിച്ചു.  പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് സുരേന്ദ്രന്‍റെ ജാമ്യാപേക്ഷ തള്ളിയത്. റിപ്പോർട്ടിൻമേൽ വ്യാഴാഴ്ച കോടതി വാദം കേട്ടിരുന്നു. സുരേന്ദ്രനെ കൂടാതെ സൂരജ് ഇലന്തൂർ, ഹരികൃഷ്ണ, കൃഷ്ണപ്രസാദ്, കൃഷ്ണകുമാർ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.

ഇപ്പോള്‍ സുരേന്ദ്രനെതിരെ ഏഴ് കേസുകളാണുള്ളത്. ഏറ്റവും ഒടുവില്‍ രജിസ്റ്റര്‍ ചെയ്തത് നെടുമ്പാശേരി പൊലീസാണ്. ശബരിമലയിലേക്ക് വന്ന തൃപ്തി ദേശായിയെ വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കാത്ത തരത്തില്‍ തടഞ്ഞുവെച്ചുവെന്നാണ് കേസ്. 

പിണറായി വിജയൻ പകപോക്കുകയാണെന്ന് കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോൾ കെ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് ക്രൂരമായാണ് പെരുമാറുന്നതെന്നും എല്ലാ പൗരാവകാശങ്ങളും ലംഘിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.