ലോക്‌സഭാ തിരഞ്ഞെടുപ്പ്: മുതിര്‍ന്ന നേതാക്കളെ രംഗത്തിറക്കാന്‍ ബിജെപി

ആദ്യം കോര്‍കമ്മിറ്റിയും പിന്നീട് സംസ്ഥാന ഭാരവാഹികളുടെയും ലോക്‌സഭാ മണ്ഡലങ്ങളുടെ ഇന്‍ചാര്‍ജ്ജ്മാരുടെയും യോഗങ്ങളാണ് ചേരുന്നത്.  

Last Updated : Jan 24, 2019, 08:11 AM IST
ലോക്‌സഭാ തിരഞ്ഞെടുപ്പ്: മുതിര്‍ന്ന നേതാക്കളെ രംഗത്തിറക്കാന്‍ ബിജെപി

തൃശൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാക്കളെ തന്നെ രംഗത്തിറക്കാന്‍ ബിജെപി ഒരുങ്ങുന്നു. പരമാവധി സീറ്റുകള്‍ നേടുകയെന്നതാണ് ബിജെപിയുടെ ലക്ഷ്യം. അതിനുള്ള ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനായി ബിജെപി നേതൃയോഗങ്ങള്‍ ഇന്ന് തൃശൂരില്‍ ചേരും. 

ആദ്യം കോര്‍കമ്മിറ്റിയും പിന്നീട് സംസ്ഥാന ഭാരവാഹികളുടെയും ലോക്‌സഭാ മണ്ഡലങ്ങളുടെ ഇന്‍ചാര്‍ജ്ജ്മാരുടെയും യോഗങ്ങളാണ് ചേരുന്നത്. കെ സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍, എഎന്‍ രാധാകൃഷ്ണന്‍,എംടി രമേശ് എന്നീ ജനറല്‍ സെക്രട്ടറിമാര്‍ മത്സരരംഗത്തുണ്ടാകുമെന്ന് ഉറപ്പിച്ചുകഴിഞ്ഞു. 

സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളക്ക് മേലും മത്സരിക്കാന്‍ സമ്മര്‍ദ്ദമുണ്ട്. പാര്‍ട്ടി ഏറെ പ്രതീക്ഷ അര്‍പ്പിക്കുന്ന എപ്ലസ് മണ്ഡലങ്ങളായ തിരുവനന്തപുരത്തും പത്തനംതിട്ടയിലും പ്രമുഖരുടെ നീണ്ടനിരയെയാണ് പരിഗണിക്കുന്നത്. 

കുമ്മനംരാജശേഖരന്‍, സുരേഷ് ഗോപി, കെപി ശശികല തുടങ്ങിയ പേരുകളാണ് മുന്‍നിരയിലുളളത്. ആറ്റിങ്ങലില്‍ ടിപി സെന്‍കുമാറിനെ ഉറപ്പിച്ചുകഴിഞ്ഞു. ശബരിമല കര്‍മ്മ സമിതിയുമായും ആലോചിച്ചാകും ബിജെപി സാധ്യതാ പട്ടിക കേന്ദ്ര നേതൃത്വത്തിന് നല്‍കുക. എട്ട് സീറ്റ് ചോദിച്ച ബിഡിജെഎസിന് നാലു സീറ്റാകും നല്‍കുക. പിസി തോമസിന് കോട്ടയം കൊടുക്കും.

ശബരിമല പ്രശ്‌നത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ സമരത്തെ കുറിച്ച് യോഗം ചര്‍ച്ചചെയ്യും. സമരം പൂര്‍ണ്ണവിജയമായില്ലെന്ന ശ്രീധരന്‍പിള്ളയുടെ പ്രസ്താവനക്കെതിരെ മുരളീധരപക്ഷം വിമര്‍ശനം ഉന്നയിക്കാനിടയുണ്ട്. സമരത്തോട് മുഖം തിരിച്ച മുരളീധരവിഭാഗത്തിനെതിരെയും വിമര്‍ശനം വരാനിടയുണ്ട്.

Trending News