കള്ളവോട്ട്: റീപോളിംഗ് വേണമെന്ന് യുഡിഎഫ്, റിപ്പോർട്ട് നൽകുമെന്ന് ടിക്കാറാം മീന

കാസർഗോഡ് ജില്ലയില്‍ നടന്ന കള്ളവോട്ടിനെതിരെ ശക്തമായ നടപടികളുമായി യുഡിഎഫ് നേതൃത്വം.

Last Updated : Apr 29, 2019, 01:37 PM IST
കള്ളവോട്ട്: റീപോളിംഗ് വേണമെന്ന് യുഡിഎഫ്, റിപ്പോർട്ട് നൽകുമെന്ന് ടിക്കാറാം മീന

കാസർഗോഡ്: കാസർഗോഡ് ജില്ലയില്‍ നടന്ന കള്ളവോട്ടിനെതിരെ ശക്തമായ നടപടികളുമായി യുഡിഎഫ് നേതൃത്വം.  

ലോക്സഭാ തിരഞ്ഞെടുപ്പിൽ വ്യാപകമായി കള്ളവോട്ട് നടന്ന കാസർഗോഡ് ജില്ലയിലെ 110 ബൂത്തുകളിൽ റീപോളിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ്. ഈ വിഷയവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർക്ക് പരാതി നൽകാനാണ് യുഡിഎഫിന്‍റെ തീരുമാനം.

ഇതുമായി ബന്ധപ്പെട്ട് 110 ഓളം ബൂത്തുകളുടെ ലിസ്റ്റ് തയ്യാറാക്കിയാണ് യുഡിഎഫ് പരാതി നല്‍കാന്‍ ഒരുങ്ങുന്നത്. 

കാസർഗോഡ് മണ്ഡലത്തിലെ എരമംകുറ്റൂർ പഞ്ചായത്തിലും ചെറുതാഴം പഞ്ചായത്തിലും വ്യാപകമായി കള്ളവോട്ട് നടന്നതായാണ് കോൺഗ്രസിന്‍റെ ആരോപണം. ചെറുതാഴം പഞ്ചായത്തിലെ പത്തൊൻപതാം നമ്പര്‍ ബൂത്തിൽ വ്യാപകമായി കള്ളവോട്ട് നടന്നിട്ടുണ്ടെന്നും കോൺഗ്രസ് പറയുന്നു. 

ദൃശ്യങ്ങള്‍ പുറത്ത് വിട്ടായിരുന്നു യുഡിഎഫ് ആരോപണമുന്നയിച്ചത്. ജനപ്രതിനിധികൾ, മുൻപഞ്ചായത്ത് അംഗങ്ങൾ, വ്യാപാരി - വ്യവസായി പ്രതിനിധികൾ എന്നിവരൊക്കെയും കള്ളവോട്ടിന് നേതൃത്വം നൽകിയിട്ടുണ്ടെന്നാണ് ദൃശ്യങ്ങള്‍ ചൂണ്ടിക്കാട്ടി കോൺഗ്രസ് ആരോപിക്കുന്നത്. തിരിച്ചറിയൽ കാർഡുകൾ ഒരാൾ ഒന്നിച്ചു കൈമാറുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ തന്നെ വെബ് കാസ്റ്റിംഗിലെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

അതേസമയം, കോണ്‍ഗ്രസ്‌ ഉന്നയിച്ച കള്ളവോട്ട് ആരോപണത്തില്‍ നടപടി സ്വീകരിക്കനൊരുങ്ങുകയാണ് സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീന. 

സംഭവം സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് നൽകാൻ നടപടി ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. കള്ളവോട്ട് ആരോപണത്തിൽ കണ്ണൂരിൽ നിന്ന് പ്രാഥമിക റിപ്പോർട്ട് ലഭിച്ചുകഴിഞ്ഞു. കാസർഗോഡ് നിന്നുള്ള റിപ്പോർട്ടും ഉടൻ പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം അറിയിച്ചു. 

കള്ളവോട്ടു ചെയ്തുവെന്ന വാർത്തകളെ കമ്മീഷൻ ഗൗരവത്തോടെയാണ് കാണുന്നത്. കള്ളവോട്ട് നടന്നുവെന്ന് തെളിഞ്ഞാൽ ഇന്ത്യൻ ശിക്ഷാ നിയമവും ജനപ്രാതിനിധ്യ നിയമവും അനുസരിച്ച് ശക്തമായ ടപടി സ്വീകരിക്കുമെന്നും ടിക്കാറാം മീന പറഞ്ഞു. 

 

 

Trending News