close

News WrapGet Handpicked Stories from our editors directly to your mailbox

പര്‍ദ ധരിച്ചെത്തുന്നവരെ വോട്ട് ചെയ്യാന്‍ അനുവദിക്കരുത്: എം.വി.ജയരാജന്‍

വരിയില്‍ നില്‍ക്കുമ്പോള്‍ തന്നെ മുഖപടം മാറ്റണമെന്നും ക്യാമറയില്‍ മുഖം കൃത്യമായി പതിയുന്ന തരത്തില്‍ മാത്രമേ വോട്ട് ചെയ്യാന്‍ അനുവദിക്കാവൂവെന്നും അദ്ദേഹം പറഞ്ഞു.  

Updated: May 18, 2019, 10:47 AM IST
പര്‍ദ ധരിച്ചെത്തുന്നവരെ വോട്ട് ചെയ്യാന്‍ അനുവദിക്കരുത്: എം.വി.ജയരാജന്‍

കണ്ണൂര്‍: പര്‍ദ ധരിച്ചെത്തുന്നവരെ വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍. വരിയില്‍ നില്‍ക്കുമ്പോള്‍ തന്നെ മുഖപടം മാറ്റണമെന്നും ക്യാമറയില്‍ മുഖം കൃത്യമായി പതിയുന്ന തരത്തില്‍ മാത്രമേ വോട്ട് ചെയ്യാന്‍ അനുവദിക്കാവൂവെന്നും അദ്ദേഹം പറഞ്ഞു.

ഇതു പോലെ വോട്ടെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറായാല്‍ യുഡിഎഫ് ജയിക്കുന്ന എല്ലാ പ്രധാന കേന്ദ്രങ്ങളിലും എല്‍.ഡി.എഫ് ജയിക്കുമെന്നും ജയരാജന്‍ വ്യക്തമാക്കി.

അതേസമയം കള്ളവോട്ട് തെളിഞ്ഞ കണ്ണൂരിലെ നാലും കാസര്‍ഗോട്ടെ മൂന്ന് ബൂത്തുകളിലും നാളെയാണ് റീപോളിംഗ്. കണ്ണൂര്‍, കാസര്‍ഗോഡ് മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളില്‍ ഇന്ന് നിശബ്ദ പ്രചാരണം നടക്കും. പ്രത്യേക നിരീക്ഷകരുടെ സാന്നിധ്യത്തില്‍ കനത്ത സുരക്ഷയിലായിരിക്കും റീ പോളിംഗ്.

ഇതിനിടയില്‍ എം.വി.ജയരാജന് പിന്തുണയുമായി കണ്ണൂര്‍ ലോക്സഭാ സ്ഥാനാര്‍ത്ഥി പി.കെ. ശ്രീമതിയും രംഗത്തെത്തി.  ശരീരമാകെ മറച്ചിരിക്കുന്നതിനാൽ ആണാണോ പെണ്ണാണോ എന്ന് പോലും അറിയാന്‍ കഴിയില്ലയെന്നും.  കള്ളവോട്ട് തടയാനാണ് എം വി ജയരാജൻ ഇതിനെതിരെ പ്രതികരിച്ചതെന്നും അല്ലാതെ ഇതൊരു മതപരമായ അധിക്ഷേപമല്ലെന്നും അവര്‍ പറഞ്ഞു. 

മാത്രമല്ല കള്ളവോട്ട് ആര് ചെയ്താലും അംഗീകരിക്കാനാകില്ലെന്നും പി.കെ. ശ്രീമതി വ്യക്തമാക്കി. പാമ്പുരുത്തിയിലും പുതിയങ്ങാടിയിലും പർദയിട്ടു വന്നവർ യുഡിഎഫിന് വേണ്ടി കള്ള വോട്ട് ചെയ്തെന്ന് എം വി ജയരാജൻ ആരോപിച്ചിരുന്നു. ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടും മുഖപടം മാറ്റാൻ അവർ തയ്യാറായില്ലെന്നും ജയരാജൻ ആരോപിച്ചു.