നാളെ കൊട്ടിക്കലാശം; വിജയമുറപ്പിച്ച്‌ മൂന്നു മുന്നണികളും!!

മൂന്നാം ഘട്ട ലോക്സഭാ തിരഞ്ഞെടുപ്പിനായുള്ള പരസ്യ പ്രചരണം നാളെ അവസാനിക്കുകയാണ്. കേരളം അടക്കം 13 സംസ്ഥാനങ്ങളിലെയും 2 കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 116 ലോക സഭാ മണ്ഡലങ്ങളിലെ പരസ്യപ്രചരണം ആണ് നാളെ അവസാനിക്കുക. ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ് നടക്കുക. 

Last Updated : Apr 20, 2019, 05:58 PM IST
നാളെ കൊട്ടിക്കലാശം; വിജയമുറപ്പിച്ച്‌ മൂന്നു മുന്നണികളും!!

തിരുവനന്തപുരം: മൂന്നാം ഘട്ട ലോക്സഭാ തിരഞ്ഞെടുപ്പിനായുള്ള പരസ്യ പ്രചരണം നാളെ അവസാനിക്കുകയാണ്. കേരളം അടക്കം 13 സംസ്ഥാനങ്ങളിലെയും 2 കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 116 ലോക സഭാ മണ്ഡലങ്ങളിലെ പരസ്യപ്രചരണം ആണ് നാളെ അവസാനിക്കുക. ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ് നടക്കുക. 

അതിനിടെ ശേഷിച്ച അവസാന മണിക്കൂറുകളില്‍ സാധ്യമായ അവസാന വോട്ടും ഉറപ്പിക്കനുറച്ച് പ്രചാരണം കൂടുതല്‍ ശക്തമാക്കിയിരിയ്ക്കുകയാണ് മൂന്നു മുന്നണികളും... ദേശീയ നേതാക്കളെ സംസ്ഥാനത്ത് എത്തിച്ച് പ്രചാരണം കൊഴുപ്പിക്കുകയാണ് മൂന്നു മുന്നണികളും... 

കഴിഞ്ഞ 30 ദിവസമായി തുടരുന്ന ശബ്ദ പ്രചാരണ പരിപാടികള്‍ മുഖ്യമായും ആരോപണ പ്രത്യാരോപണങ്ങള്‍ നിറഞ്ഞതായിരുന്നു. തുടക്കത്തിലേ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പ്രചാരണത്തില്‍ മുന്‍പന്തിയില്‍ നിന്നിരുന്നത് എല്‍ഡിഎഫ് ആയിരുന്നുവെങ്കില്‍ ഒടുക്കം സ്ഥാനാര്‍ഥികളെ അങ്കത്തിനിറക്കി കളം നിറഞ്ഞുകളിയ്ക്കുകയായിരുന്നു ബിജെപി. 

സീറ്റു തര്‍ക്കങ്ങള്‍ മൂലം സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകിയ കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് ഓഖി, പ്രളയം തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഇടതുപക്ഷത്തെ പ്രതിരോധിക്കേണ്ടി വന്നു. ഈ രണ്ടു ദുരന്തത്തിലും സര്‍ക്കാര്‍ വേണ്ടരീതിയില്‍ പ്രവര്‍ത്തിച്ചില്ലെന്നും ഇരകള്‍ക്ക് സര്‍ക്കാര്‍ സഹായം എത്തിച്ചില്ലെന്നും പുനരധിവാസം നടപ്പാക്കിയില്ലെന്നുമാണ് കോണ്‍ഗ്രസ് ആരോപിച്ചത്.

സര്‍ക്കാരില്‍ ജങ്ങള്‍ക്കുള്ള വിശ്വാസം വര്‍ദ്ധിച്ചുവെന്നും അതിനുള്ള തെളിവാണ് കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായ നേട്ടംമെന്നും ഭരണപക്ഷം പറയുന്നു.

എന്നാല്‍ ശബരിമല വിഷയം പ്രദാനം ചെയ്ത പുത്തന്‍ ഉണര്‍വ്വോടെ തിരഞ്ഞെടുപ്പിനെ നേരിടുന്ന ബിജെപി തികഞ്ഞ പ്രതീക്ഷയിലാണ്. ഈ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂര്‍ എന്നീ മണ്ഡലങ്ങളാണ് പാര്‍ട്ടിയ്ക്ക് മുഖ്യമായും വിജയപ്രതീക്ഷ നല്‍കുന്നത്. നാമജപയജ്ഞം സംഘടിപ്പിക്കുകയും എന്‍എസ്‌എസിന്‍റെ പിന്തുണ ലഭിക്കുകയും ചെയ്തത് ഈ തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന് നേതാക്കള്‍ പറയുന്നു.
 
ശബരിമല പ്രചാരണ വിഷയമാക്കരുതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ഉത്തരവിട്ടെങ്കിലും അവസാന ദിവസങ്ങളില്‍ സംസ്ഥാനത്തുടനീളം ശബരിമല തന്നെയാണ് വോട്ടര്‍മാര്‍ക്ക് മുന്നില്‍ ഉയര്‍ന്ന് നില്‍ക്കുന്നത്.

അതേസമയം മൂന്നാംഘട്ട പ്രചരണം നാളെ അവസാനിക്കുന്ന പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുരക്ഷാ ക്രമീകരണങ്ങള്‍ നാളെ അവലോകനം ചെയ്യും.

 

 

 

 

 

Trending News