കോണ്‍ഗ്രസിലെ ജാതിപ്പോരില്‍ നെട്ടം ആര്‍ക്ക് ?

കെപിസിസി പുനസംഘടനയ്ക്ക് പിന്നാലെ സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ പുതിയ വിഷയങ്ങളില്‍ കലഹം ഉടലെടുത്തിരിക്കുകയാണ്.

Updated: Jan 30, 2020, 12:57 AM IST
കോണ്‍ഗ്രസിലെ ജാതിപ്പോരില്‍ നെട്ടം ആര്‍ക്ക് ?

കെപിസിസി പുനസംഘടനയ്ക്ക് പിന്നാലെ സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ പുതിയ വിഷയങ്ങളില്‍ കലഹം ഉടലെടുത്തിരിക്കുകയാണ്.
എ,ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള പോരിന് പുറമേ കെപിസിസി പുനസംഘടനയുടെ ആദ്യപട്ടിക പുറത്ത് വന്നതോടെ പ്രഖ്യാപിച്ച ഭാരവാഹികളെ ചൊല്ലിയാണ് കലഹം.

കെപിസിസി മുന്‍ അധ്യക്ഷനും വടകര എംപിയുമായ കെ മുരളീധരന്‍ തന്‍റെ വിമര്‍ശനം കെപിസിസി ഭാരവാഹികളുടെ കാര്യത്തില്‍ ഉയര്‍ത്തിയതോടെ വീണ്ടും നേതാക്കള്‍ 
തമ്മിലുള്ള കലഹം തുടങ്ങി.ഒരാള്‍ക്ക്‌ ഒരു പദവി എന്ന നിലപാടില്‍ ഉറച്ച് നിന്നുകൊണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ എ,ഐ ഗ്രൂപ്പുകള്‍ മുന്നോട്ട് വെച്ച പല പേരുകളും കെപിസിസി 
പുനഃസംഘടനയില്‍ ഒഴിവാക്കുകയും പുതിയ ചിലരെ ഹൈക്കമാണ്ട് അനുമതിയോടെ ഭാരവാഹികളാക്കുകയും ചെയ്തു.ഇതിന് പിന്നാലെ കെ.മുരളീധരന്‍ നടത്തിയ വിമര്‍ശനം 
വീണ്ടും കോണ്‍ഗ്രസില്‍ ജാതിചര്‍ച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്.

മുന്‍ മുഖ്യമന്ത്രി ആര്‍ ശങ്കറുടെ മകന്‍ മോഹന്‍ ശങ്കര്‍ കെപിസിസി വൈസ് പ്രസിഡണ്ട്‌ അയതിനോടുള്ള മുരളീധരന്‍റെ 
എതിര്‍പ്പ് കോണ്‍ഗ്രസില്‍ ജാതിച്ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.നിലവില്‍ കോണ്‍ഗ്രസ്‌ നേതൃത്വം എന്‍എസ്എസ് താല്‍പര്യങ്ങള്‍ അനുസരിച്ച് മുന്നോട്ട് പോകുന്നെന്ന ആക്ഷേപം 
നിലനില്‍ക്കുകയാണ്.ഈ സാഹചര്യത്തിലാണ് എസ്എന്‍ഡിപി യോഗം ജെനെറല്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രിയുമായ ആര്‍ ശങ്കറിന്‍റെ മകന്‍ മോഹന്‍ ശങ്കര്‍ കെപിസിസി ഉപാധ്യക്ഷനായതിനെ
കെ മുരളീധരന്‍ എതിര്‍ക്കുന്നത് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയാകുന്നത്.

ഒരിക്കല്‍ കോണ്‍ഗ്രസ്‌  ബന്ധം ഉപേക്ഷിച്ച് ബിജെപിക്കൊപ്പം പോയത് മോഹന്‍ ശങ്കറെ കെപിസിസി ഭാരവാഹി ആക്കുന്നതിന്
തടസമല്ലെന്നും കെപിസിസി അധ്യക്ഷനും വ്യക്തമാക്കുന്നു.എന്നാല്‍ കെ മുരളീധരന്റെ നിലപാടിനോട് എതിര്‍പ്പുള്ളവര്‍ ഡിഐസി രൂപീകരിച്ചതും എന്‍സിപിയില്‍ പോയതും ഒക്കെ എടുത്ത് പറഞ്ഞ് 
കെ മുരളീധരന് മറുപടി നല്‍കുന്നുമുണ്ട്.എന്തായാലും നിലവില്‍ ഇടത് പക്ഷത്തും ബിജെപിയിലുമായി എസ്എന്‍ഡിപി വിഭജിച്ചുനില്‍ക്കുന്ന സാഹചര്യമാണുള്ളത്,കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 
എസ്എന്‍ഡിപി ക്ക് സ്വാധീനമുള്ള ആറ്റിങ്ങല്‍ പാര്‍ലമെന്റ് സീറ്റ് കോണ്‍ഗ്രസിന്‌ ഇടത് പക്ഷത്തില്‍ നിന്നും പിടിച്ചെടുക്കാന്‍ കഴിഞ്ഞു.

എന്നാല്‍ നിലവിലെ അവസ്ഥയില്‍  കോണ്‍ഗ്രസില്‍ കെ മുരളീധരന്‍ നടത്തിയ പരാമര്‍ശങ്ങള്‍ ജാതിയുടെ നിറം പിടിപ്പിക്കുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ അത് കോണ്‍ഗ്രസിന്‌ തിരിച്ചടിയായേക്കും.

മുല്ലപ്പള്ളി രാമചന്ദ്രന്‍ ആര്‍ ശങ്കറുടെ മകനെ കെപിസിസി ഉപാധ്യക്ഷന്‍ ആക്കിയതില്‍ അഭിമാനമുണ്ടെന്ന് നിലപാട് വ്യക്തമാക്കുമ്പോഴും ഇക്കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ ആശങ്ക നിലനില്‍ക്കുകയാണെന്ന് ഉറപ്പാണ്.കാരണം മുരളീധരന്‍ 
നടത്തിയ പ്രസ്താവന എങ്ങനെ ബാധിക്കും എന്ന് മുതിര്‍ന്ന നേതാക്കള്‍ക്കുപോലും യാതൊരു ധാരണയും ഇല്ല.
അത് കൊണ്ട് തന്നെ പതിവ് ഗ്രൂപ്പ് പോരിനും അപ്പുറത്തേക്ക് ജാതിപോരായി ഈ കലഹം മാറരുതെന്നാണ് കോണ്‍ഗ്രസ്‌ നേതൃത്വവും ആഗ്രഹിക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിലും കുട്ടനാട് ഉപതെരെഞ്ഞെടുപ്പിലും ഒക്കെ പാര്‍ട്ടിക്കുള്ളില്‍ ജാതിപ്പോര് ഉടലെടുത്താല്‍ തിരിച്ചടിയാകുമെന്നും നേതാക്കള്‍ക്കറിയാം.