കലാഭവന്‍ മണിയുടേത്‌ സ്വാഭാവിക മരണമാകാനുള്ള സാധ്യത കുറവെന്ന് കേന്ദ്ര ലാബ് പരിശോധന ഫലം

നടൻ കലാഭവൻ മണിയുടെ മരണത്തിൽ ദുരൂഹതയേറുന്നു. മണിയുടേത് സ്വാഭാവിക മരണമാകാനുള്ള സാധ്യത കുറവാണെന്ന മെഡിക്കൽ സംഘത്തിന്‍റെ നിഗമനത്തോടെയാണ് മരണത്തിൽ ദുരൂഹതയേറിയത്. കേന്ദ്രലാബിൽ നടത്തിയ രാസപരിശോധനയിൽ മരണ കാരണമാകാവുന്ന അളവിൽ മെഥനോൾ കണ്ടെത്തി. 45 മില്ലിഗ്രാം മെഥനോളാണ് കണ്ടെത്തിയത്. കൊച്ചി കാക്കനാട്ടെ ലാബിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയതിലും ഇരട്ടിയിലധികമാണിത്.  

Updated: Jun 14, 2016, 12:27 PM IST
കലാഭവന്‍ മണിയുടേത്‌ സ്വാഭാവിക മരണമാകാനുള്ള സാധ്യത കുറവെന്ന് കേന്ദ്ര ലാബ് പരിശോധന ഫലം

ഹൈദരാബാദ്: നടൻ കലാഭവൻ മണിയുടെ മരണത്തിൽ ദുരൂഹതയേറുന്നു. മണിയുടേത് സ്വാഭാവിക മരണമാകാനുള്ള സാധ്യത കുറവാണെന്ന മെഡിക്കൽ സംഘത്തിന്‍റെ നിഗമനത്തോടെയാണ് മരണത്തിൽ ദുരൂഹതയേറിയത്. കേന്ദ്രലാബിൽ നടത്തിയ രാസപരിശോധനയിൽ മരണ കാരണമാകാവുന്ന അളവിൽ മെഥനോൾ കണ്ടെത്തി. 45 മില്ലിഗ്രാം മെഥനോളാണ് കണ്ടെത്തിയത്. കൊച്ചി കാക്കനാട്ടെ ലാബിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയതിലും ഇരട്ടിയിലധികമാണിത്.  

ബിയര്‍ കഴിച്ചതുകൊണ്ടാണ് മണിയുടെ ശരീരത്തിൽ മെഥനോളിന്‍റെ അംശം കണ്ടെത്തിയത് എന്നായിരുന്നു ആദ്യ നിഗമനം‍. എന്നാല്‍ ബിയര്‍ കഴിച്ചാല്‍ ഉണ്ടാകുന്നതിനേക്കാള്‍ വളരെകൂടിയ അളവിലാണ് ഇപ്പോള്‍ മെഥനോളിന്‍റെ അംശം കണ്ടെത്തിയിരിക്കുന്നത്. മെഥനോളിന്റെ അംശം നിര്‍ദേശിക്കപ്പെട്ടിട്ടുള്ള  അളവിനേക്കാള്‍ കൂടുതലാണെന്നാണ് ഹൈദരാബാദിലെ കേന്ദ്ര ലാബിലെ കണ്ടെത്തല്‍. അതായത് വ്യാജ മദ്യം ഉള്ളില്‍ ചെന്നാണ് കലാഭവന്‍ മണിയുടെ മരണമെന്നാണ് കേന്ദ്ര ലാബിലെ പരിശോധനാ ഫലം. ഇതോടെ കലാഭവന്‍ മണിയുടെ മരണം സ്വാഭാവികമെന്ന വാദവും അപ്രസക്തമാകും.

ഇതു സംബന്ധിച്ച് ശരിയായ നിഗമനത്തിലെത്തുന്നതിന് ഹൈദരാബാദിലെയും കാക്കനാട്ടിലെയും ലാബുകളിലെ പരിശോധന ഫലം വിദഗ്ധ മെഡിക്കൽ സംഘത്തെ ഏൽപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മണിയുടെ ശരീരത്തിൽ കണ്ടെത്തിയ മെഥനോൾ മരണ കാരണമാകാമെന്ന് മെഡിക്കൽ സംഘം വിലയിരുത്തിയത്.കാക്കനാട് ലാബില്‍ നടത്തിയ പരിശോധനയില്‍ കീടനാശിനിയുടെ അംശം കണ്ടെത്തിയിരുന്നു.  എന്നാൽ, ഹൈദരാബാദിലെ കേന്ദ്രലാബിൽ നടത്തിയ വിദഗ്ധ പരിശോധനയിൽ ഇതു തളളുകയും ചെയ്തു.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ മാർച്ച് ആറിനാണ് കലാഭവൻ മണി മരിച്ചത്. ചാലക്കുടിയിലെ വീടിനടുത്തുള്ള പാഡിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ മണിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടർന്ന് തലേന്ന് മദ്യസൽക്കാരത്തിൽ പങ്കെടുത്ത ഏറെപ്പേരെ പൊലീസ് ചോദ്യം ചെയ്തു.കലാഭവന്‍ മണിയുടെ മരണത്തില്‍ അസ്വാഭാവികതയൊന്നുമില്ലെന്ന നിലപാടിലായിരുന്നു അന്വേഷണ സംഘം. കരള്‍ രോഗമുള്ള മണിക്ക് സ്വാഭാവിക രോഗമെത്തിയതാണ് മരണ കാരണമെന്നാണ് വിലയിരുത്തി കേസ് എഴുതി തള്ളാനായിരുന്നു ശ്രമം.ഇതേ തുടര്‍ന്ന് മണിയുടെ മരണത്തിലെ ദുരൂഹത ചൂണ്ടികാട്ടി കുടുംബം ഉറച്ചുനിന്നതോടെ സിബിഐ അന്വേഷണത്തിനുള്ള വാദവും ശക്തമായി. കുടുംബത്തിന്റെ ആവശ്യം അംഗീകരിച്ച് സിബിഐയ്ക്ക് അന്വേഷണം വിടാനും തീരുമാനിച്ചു.