ആനക്കൊമ്പ് കേസില്‍ കുറ്റപത്രം; മോഹന്‍ലാല്‍ പ്രതി!!

കേസ് നീണ്ടുപോകുന്നതില്‍ ഹൈക്കോടതി അടുത്തിടെ വിമര്‍ശനം ഉന്നയിച്ചിരുന്നു. 

Last Updated : Sep 20, 2019, 10:49 AM IST
ആനക്കൊമ്പ് കേസില്‍ കുറ്റപത്രം; മോഹന്‍ലാല്‍ പ്രതി!!

കൊച്ചി: ആനക്കൊമ്പ് കൈവശം വച്ച കേസില്‍ നടന്‍ മോഹന്‍ലാലിനെതിരെ വനംവകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചു. 

മോഹന്‍ലാലിനെ പ്രതിയാക്കി തയാറാക്കിയ കുറ്റപത്രം പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയിലാണ് സമര്‍പ്പിച്ചത്. 

വന്യജീവി സംരക്ഷണ നിയമം ലംഘിച്ചു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ മോഹന്‍ലാലിനെതിരെ വനംവകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസ് നീണ്ടുപോകുന്നതില്‍ ഹൈക്കോടതി അടുത്തിടെ വിമര്‍ശനം ഉന്നയിച്ചിരുന്നു. 

എന്തുകൊണ്ടാണ് കാലതാമസമെന്നും വനം വകുപ്പ് രജിസ്റ്റർ ചെയ്ത കേസ് എന്തുകൊണ്ട് തീർപ്പാക്കിയില്ലെന്നും ചോദിച്ച ഹൈക്കോടതി പെരുമ്പാവൂർ മജിസ്ട്രേറ്റിനോട് റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെടുകയുണ്ടായി. 

ഇതേതുടര്‍ന്നാണ് മോഹന്‍ലാലിനെതിരെ കേസെടുത്തതിന് ഏഴുവര്‍ഷങ്ങള്‍ക്ക് ശേഷ൦ കുറ്റപത്രം സമര്‍പ്പിച്ചത്. 

ആനക്കൊമ്പ് കൈവശം വെച്ചതും കൈമാറ്റം ചെയ്തതും വന്യജീവി സംരക്ഷണ നിയമപ്രകാരം നിയമവിരുദ്ധമാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

2012 ജൂണിലാണ് രഹസ്യ വിവരത്തെ തുടര്‍ന്ന് മോഹന്‍ലാലിന്‍റെ വസതിയില്‍ ആദായനികുതി വകുപ്പിന്‍റെ റെയ്‍ഡ് നടന്നത്.  

മോഹൻലാലിന്‍റെ തേവരയിലെ വീട്ടിൽ നടത്തിയ റെയ്ഡില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ നാല് ആനക്കൊമ്പുകൾ കണ്ടെടുക്കുകയായിരുന്നു. 

കെ. കൃഷ്ണകുമാര്‍ എന്നയാളില്‍ നിന്ന് 65,000 രൂപക്ക് വാങ്ങിയതാണ് ആനക്കൊമ്പുകൾ എന്നായിരുന്നു മോഹൻലാലിന്‍റെ വിശദീകരണ൦.

ആനക്കൊമ്പ് സൂക്ഷിക്കാൻ ലൈസൻസ് ഇല്ലാത്ത മോഹന്‍ലാല്‍ മറ്റ് രണ്ട് പേരുടെ ലൈസൻസിലാണ് ആനക്കൊമ്പുകള്‍ സൂക്ഷിച്ചതെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

ഇതേതുടര്‍ന്ന്, വനം വകുപ്പ് ആദ്യം കേസെടുത്തെങ്കിലും പിന്നീട് അതു റദ്ദാക്കി. പിന്നാലെ നിലവിലെ നിയമം പരിഷ്‌കരിച്ച് മോഹന്‍ലാലിന് ആനക്കൊമ്പുകള്‍ കൈവശം വെയ്ക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുകയും ചെയ്തു. 

എന്നാൽ ആനക്കൊമ്പുകളുടെ ഉടമസ്ഥതാ സര്‍ട്ടിഫിക്കറ്റ് മോഹന്‍ലാലിനു നല്‍കിയ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്ററുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സ്വദേശി എഎ പൗലോസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Trending News