കൂടത്തായി: ആല്‍ഫൈനെ കൊന്നത് ബാധ്യതയൊഴിവാക്കാന്‍!!

കൂടത്തായി കൊലപാതകങ്ങളില്‍ മൂന്നാമത്തെ കുറ്റപത്രവും സമര്‍പ്പിച്ചു. താമരശ്ശേരി മജിസ്ട്രേറ്റ് കോടതിയിലാണ് 500-ഓളം പേജുകളുള്ള കുറ്റപത്രം സമര്‍പ്പിച്ചത്.

Last Updated : Jan 25, 2020, 06:20 PM IST
കൂടത്തായി: ആല്‍ഫൈനെ കൊന്നത് ബാധ്യതയൊഴിവാക്കാന്‍!!

കോഴിക്കോട്: കൂടത്തായി കൊലപാതകങ്ങളില്‍ മൂന്നാമത്തെ കുറ്റപത്രവും സമര്‍പ്പിച്ചു. താമരശ്ശേരി മജിസ്ട്രേറ്റ് കോടതിയിലാണ് 500-ഓളം പേജുകളുള്ള കുറ്റപത്രം സമര്‍പ്പിച്ചത്.

മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്‍റെ മകള്‍ ആല്‍ഫൈനെ കൊലപ്പെടുത്തിയ കേസിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 

ജോളിക്ക് പുറമെ സയനൈഡ് നൽകിയ എം.എസ്.മാത്യു, കെ. പ്രജികുമാർ എന്നിവരും കേസില്‍ പ്രതികളാണ്. 129 സാക്ഷികളും 130 രേഖകളും അടങ്ങുന്നതാണ് കുറ്റപത്രം. കേസില്‍ റോയി തോമസിന്‍റെ സഹോദരന്‍ റോജോ തോമസ് മുഖ്യസാക്ഷിയാണ്.

ഷാജുവിനെ വിവാഹം കഴിക്കാനായി 2014 മേയ് മൂന്നിനാണ് ബ്രഡിൽ സയനൈഡ് പുരട്ടി നൽകി ആൽഫൈനെ ജോളി കൊലപ്പെടുത്തിയത്. 

സിലി-ഷാജു ദമ്പതികളുടെ മൂത്ത കുട്ടിയുടെ ആദ്യകുര്‍ബാന ദിവസമായിരുന്നു അത്. സ്ഥിരമായി സയനൈഡ് കൊണ്ടുനടക്കുന്ന ജോളി തന്‍റെ ബാഗില്‍ കരുതിയ സയനൈഡ് കുപ്പിയില്‍ വിരല്‍ തൊട്ട് ബ്രെഡില്‍ തേച്ച് നല്‍കുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യാഗസ്ഥര്‍ വ്യക്തമാക്കി. 

തുടര്‍ന്ന് അപസ്മാര ലക്ഷണങ്ങള്‍ കാണിച്ച കുഞ്ഞ് പിന്നീട് ചികിത്സയിലിരിക്കെയാണ് മരിച്ചത്. ആല്‍ഫൈന് ഭക്ഷണം നല്‍കാന്‍ ആവശ്യപ്പെട്ട സിലിയുടെ സഹോദരി ആന്‍സിയുടെ മൊഴിയാണ് കേസില്‍ വഴിത്തിരിവായത്. 

ഷാജുവിനെ വിവാഹം ചെയ്യുമ്പോള്‍ പെണ്‍കുഞ്ഞ് എന്ന നിലയില്‍ ആല്‍ഫെന്‍ ബാധ്യതയാകും എന്ന ചിന്തയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കെ.ജി സൈമണ്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സങ്കീർണമായ കേസാണെന്നും സാക്ഷിമൊഴികൾ കൂട്ടിയോജിപ്പിച്ചാണ് കൊലപാതകം തെളിയിച്ചതെന്നും എസ്പി കെ.ജി.സൈമൺ പറഞ്ഞു.

Trending News