തിരുവനന്തപുരം: ഒമ്പതാം ക്ലാസിലെ പരീക്ഷ കഴിഞ്ഞില്ല, പക്ഷെ പത്താം ക്ലാസിലെ പാഠപുസ്തകങ്ങൾ കിട്ടി! വേറെങ്ങുമല്ല, കേരളത്തില്‍. കേരള പൊതുവിദ്യാഭ്യാസ ചരിത്രത്തിൽ ആദ്യമായി ഒമ്പതാം ക്ലാസിലെ പരീക്ഷ കഴിയുന്നതിന് മുമ്പ് പത്താം ക്ലാസിലെ പാഠപുസ്തകങ്ങൾ വിദ്യാർത്ഥികള്‍ക്ക് വിതരണം ചെയ്തു. പരിഷ്കരിച്ച പത്താം ക്ലാസ് പാഠപുസ്തകങ്ങളുടെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. തിരുവനന്തപുരത്ത് നിയമസഭയിലെ ചേംബറിൽ വച്ച് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്ക് മുഖ്യമന്ത്രി പുസ്തകങ്ങൾ കൈമാറി.
സംസ്ഥാനത്തെ പ്രീപ്രൈമറി മുതൽ ഹയർസെക്കൻഡറി വരെയുളള പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങൾ എസ്.സി.ഇ.ആർ.ടി.യുടെ നേതൃത്വത്തിൽ പുരോഗമിച്ചുവരികയാണ്. ആദ്യഘട്ടത്തിൽ ഒന്നു മുതൽ പത്താം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങളുടെ പരിഷ്കരണം പൂർത്തീകരിച്ചതായും ഹയർസെക്കൻഡറി പാഠപുസ്തകങ്ങളുടെ പരിഷ്കരണം അടുത്ത വർഷം നടക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
ജനകീയ, വിദ്യാർത്ഥി ചർച്ചകളുടെ ഭാഗമായി നാല് മേഖലയിൽ സ്കൂൾ വിദ്യാഭ്യാസം, പ്രീപ്രൈമറി വിദ്യാഭ്യാസം, മുതിർന്നവരുടെ വിദ്യാഭ്യാസം, അധ്യാപക വിദ്യാഭ്യാസം, പാഠ്യപദ്ധതി ചട്ടക്കൂടുകൾ വികസിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പാഠപുസ്തകങ്ങൾ വികസിപ്പിക്കുന്നത്. കഴിഞ്ഞ വർഷം 1, 3, 5, 7, 9 ക്ലാസുകളിൽ മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ ഭാഷകളിലായി 238 ടൈറ്റിൽ പാഠപുസ്തകങ്ങൾ തയ്യാറാക്കുകയും സമയബന്ധിതമായി വിതരണം പൂർത്തീകരിക്കുകയും ചെയ്തു. ഈ വർഷം 2, 4, 6, 8, 10 ക്ലാസുകളിലെ 205 ടൈറ്റിൽ പാഠപുസ്തകങ്ങൾ പരിഷ്കരിച്ചു. അതിൽ പത്താം ക്ലാസിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട്അച്ചടി വേഗത്തിൽ പൂർത്തീകരിക്കുകയും വിതരണത്തിന് തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്.
ഈ വർഷം പരിഷ്കരണത്തിന്റെ ഭാഗമായി തൊഴിൽ ഉദ്ഗ്രഥിത വിദ്യാഭ്യാസത്തിനും, കലാവിദ്യാഭ്യാസത്തിനും പ്രാധാന്യം നൽകുകയും ചെയ്തു. കൂടാതെ 1, 2 ക്ലാസുകളിൽ കുട്ടികളുടെ അടിസ്ഥാനശേഷി വർദ്ധിപ്പിക്കാൻ എല്ലാ വിഷയങ്ങളിലും പ്രത്യേകം പ്രവർത്തന പുസ്തകങ്ങളും തയ്യാറാക്കി വിതരണം ചെയ്തു. സംസ്ഥാനത്തെ ഒന്നു മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് പാഠപുസ്തകങ്ങൾ സൗജന്യമായാണ് വിതരണം ചെയ്യുന്നത്. 40 ലക്ഷത്തോളം വരുന്ന കുട്ടികൾക്ക് 3.8 കോടി പാഠപുസ്തകങ്ങളാണ് കെ.ബി.പി.എസിന്‍റെ നേതൃത്വത്തിൽ അച്ചടിക്കുന്നത്. ഇത് കുടുംബശ്രീ മുഖേന വിദ്യാലയങ്ങളിലെത്തിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.