യൂറോപ്യന്‍ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി യാത്ര തിരിച്ചു

12 ദിവസം നീണ്ടുനില്‍ക്കുന്ന യൂറോപ്യന്‍ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ യാത്ര തിരിച്ചു.

Last Updated : May 8, 2019, 09:59 AM IST
യൂറോപ്യന്‍ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി യാത്ര തിരിച്ചു

തിരുവനന്തപുരം: 12 ദിവസം നീണ്ടുനില്‍ക്കുന്ന യൂറോപ്യന്‍ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ യാത്ര തിരിച്ചു.

നിരവധി പരിപാടികളാണ് മുഖ്യമന്ത്രിയുടെ യൂറോപ്യന്‍ പര്യടനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

ജനീവയിൽ നടക്കുന്ന ലോക പുനര്‍ നിര്‍മ്മാണ സമ്മേളനത്തിൽ പിണറായി വിജയൻ പങ്കെടുക്കും. മെയ് 13ന് നടക്കുന്ന സമ്മേളനത്തിൽ മുഖ്യ പ്രാസംഗികനായാണ് പിണറായി വിജയൻ പങ്കെടുക്കുന്നത്. കിഫ്ബി മസാല ബോണ്ട് ലിസ്റ്റ് ചെയ്യുന്ന ചടങ്ങിലും പിണറായി വിജയനാണ് മുഖ്യാതിത്ഥി.

നെതര്‍ലന്‍റ്സിലാണ് മുഖ്യമന്ത്രിയുടെ ആദ്യ പരിപാടി. 9ന് നടക്കുന്ന ഐടി സമ്മേളനത്തിൽ അദ്ദേഹം പങ്കെടുക്കും. പ്രകൃതി ക്ഷോഭത്തെ നേരിടാൻ നെതര്‍ലൻഡ് സര്‍ക്കാര്‍ ഏറ്റെടുത്ത് നടപ്പാക്കുന്ന പദ്ധതികൾ കാണാനും മലയാളികളുമായി സംവദിക്കാനും സമയം കണ്ടെത്തുന്നുണ്ട്. കെഎസ്എഫ്ഇയുടെ പ്രവാസി ചിട്ടികളിലേക്ക് യൂറോപ്യൻ മലയാളികളെ ആകർഷിക്കാനും പദ്ധതി ഉണ്ട്. കേരളത്തിലേക്ക് വ്യവസായ നിക്ഷേപം ആകര്‍ഷിക്കുന്നതിന് സംരംഭകരുമായി ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മെയ് 10ന് നെതര്‍ലന്‍റ്സ് ജലവിഭവ - അടിസ്ഥാനസൗകര്യ വികസന മന്ത്രിയുമായി ചര്‍ച്ച നടത്തും.

മെയ് 13ന് ജനീവയില്‍ നടക്കുന്ന ലോക പുനര്‍നിര്‍മാണ സമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രസംഗിക്കും. പരിസ്ഥിതി സൗഹൃദവും അതിജീവനശേഷിയുളളതുമായ പുനര്‍നിര്‍മ്മാണ പദ്ധതിയെക്കുറിച്ച് അദ്ദേഹം വിശദീകരിക്കും.

മെയ് 14ന് സ്വിറ്റ്സ്ര്‍ലാന്‍റിലെ ധനകാര്യം, വിദ്യാഭ്യാസം, ടൂറിസം മേഖലകളുടെ ചുമതല വഹിക്കുന്ന ഫെഡറല്‍ കൗണ്‍സിലര്‍ ഗൈ പാര്‍മീലിനുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും. സ്വിസ് പാര്‍ലമെന്‍റിലെ ഇന്ത്യന്‍ അംഗങ്ങളുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.

മെയ് 16ന് പാരിസ് സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി പ്രസിദ്ധ സാമ്പത്തിക വിദഗ്ധന്‍ തോമസ് പിക്കറ്റി, സാമ്പത്തിക അസമത്വങ്ങളെക്കുറിച്ചുള്ള പഠനത്തില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ ലൂക്കാസ് ചാന്‍സല്‍ എന്നിവരുമായി ചര്‍ച്ച നടത്തും. മെയ് 17ന് ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ കിഫ്ബിയുടെ മസാല ബോണ്ട് ലിസ്റ്റ് ചെയ്യുന്ന ചടങ്ങില്‍ മുഖ്യാതിഥിയായി മുഖ്യമന്ത്രി പങ്കെടുക്കും.

ലണ്ടനിലെ പരിപാടികളില്‍ ധനമന്ത്രി ഡോ. തോമസ് ഐസക്, കിഫ്ബി ചീഫ് എക്സിക്യൂട്ടീവ് ഡോ. കെ എം എബ്രഹാം, വ്യവസായ സെക്രട്ടറി ഡോ. ഇളങ്കോവന്‍ എന്നിവരും പങ്കെടുക്കും. യൂറോപ്യന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി വോട്ടെണ്ണലിന് മുന്‍പായി മെയ് 20ന് മുഖ്യമന്ത്രി തിരിച്ചെത്തും.

 

 

Trending News