ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാന്‍ അനുവദിക്കില്ല: ദേവസ്വം മന്ത്രി

ദയവ് ചെയ്ത് മണ്ഡല മകരവിളക്ക് കാലത്ത് യുവതികള്‍ ശബരിമലയിലേക്ക് വരരുതെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.   

Last Updated : Dec 25, 2018, 03:35 PM IST
ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാന്‍ അനുവദിക്കില്ല: ദേവസ്വം മന്ത്രി

തിരുവനന്തപുരം: ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാന്‍ അനുവദിക്കില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അതിനുള്ള നടപടികളാണ് പൊലീസ് സ്വീകരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

അതിനിടെ ശബരിമലയില്‍ യുവതികള്‍ വരരുതെന്ന അഭ്യര്‍ത്ഥനയുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ രംഗത്തെത്തിയിരുന്നു. ദയവ് ചെയ്ത് മണ്ഡല മകരവിളക്ക് കാലത്ത് യുവതികള്‍ ശബരിമലയിലേക്ക് വരരുതെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. 

സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് അഭ്യര്‍ത്ഥിക്കുന്നതെന്നും പത്മകുമാര്‍ പറഞ്ഞിരുന്നു. ലക്ഷക്കണക്കിന് ഭക്തര്‍ വരുന്ന സാഹചര്യത്തില്‍ അപകടസാധ്യതയുണ്ട്. മണ്ഡല മകരവിളക്ക് കാലത്തിന് ശേഷം തീരുമാനമെടുക്കാം എന്നും അദ്ദേഹം പറഞ്ഞു. 

മാത്രമല്ല, ശബരിമലയില്‍ തുടര്‍ച്ചയായി യുവതികള്‍ വരുന്നതില്‍ ഗൂഢാലോചനയുണ്ടെന്നും ഇത് അന്വേഷിക്കണമെന്നും പത്മകുമാര്‍ ആവശ്യപ്പെട്ടു. ശബരിമലയില്‍ കനത്ത തിരക്കായതിനാല്‍ യാത്ര അസാധ്യമാണെന്ന് ഇരുവരെയും പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് ശബരിമലയിലേയ്ക്കുള്ള യാത്ര മാറ്റിവയ്ക്കാന്‍ തയ്യാറാണെന്ന് ബിന്ദുവും കനകദുര്‍ഗയും പൊലീസിനെ അറിയിച്ചിരുന്നു.

കോഴിക്കോട് കൊയിലാണ്ടി പൊയില്‍കാവ് സ്വദേശി ബിന്ദു ഹരിഹരന്‍, മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കനകദുര്‍ഗ എന്നിവര്‍ ഇന്നലെയായിരുന്നു ശബരിമല ദര്‍ശനത്തിനായി എത്തിയത്. 

Trending News