നായ്ക്കുരണപ്പൊടി ദേഹത്തെറിഞ്ഞ സഹപാഠികളുടെ ക്രൂരതയിൽ പരീക്ഷ പോലും എഴുതാനാവാതെ പത്താം ക്ലാസുകാരി. കൊച്ചി കാക്കനാട് തെങ്ങോട് സർക്കാർ സ്കൂളിലെ വിദ്യാര്‍ത്ഥിനിയാണ് സഹപാഠികളുടെ ക്രൂരതയിൽ രണ്ടാഴ്ചയായി ദുരിതമനുഭവിക്കുന്നത്. സഹപാഠികളായ വിദ്യാർഥിനികള്‍ നായ്ക്കുരണ പൊടി ദേഹത്തു വിതറിയതിനെ തുടർന്ന് ആരോഗ്യപ്രശ്നങ്ങളുണ്ടായ പെൺകുട്ടി ഇപ്പോഴും ചികിത്സയിലാണ്. പ്രശ്നങ്ങളെല്ലാം മറച്ചുവയ്ക്കാനും കുറ്റക്കാരെ സംരക്ഷിക്കാനുമാണ് സ്കൂൾ അധികൃതരും പൊലീസും ശ്രമിക്കുന്നത് എന്നും കുടുംബം ആരോപിക്കുന്നു.
ഈ മാസം 3നാണ് പെൺകുട്ടിയെ സഹപാഠികളായ മറ്റു പെൺകുട്ടികൾ ഉപദ്രവിക്കുന്നത്. മൂന്നാം തീയതി ഐടി പരീക്ഷ കഴിഞ്ഞ് ക്ലാസ് മുറിയിലെത്തിയ പെൺകുട്ടിയുടെ ദേഹത്ത് സഹപാഠികൾ നായ്ക്കുരണ ചെടിയുടെ കായ് ഇടുകയായിരുന്നു എന്നാണ് പരാതി. കുറച്ചു കഴിഞ്ഞതോടെ പെൺകുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. തുടർന്ന് സഹപാഠികൾ തന്നെയാണ് ദേഹത്തു വീണ പൊടി കഴുകി കളയാൻ പെൺകുട്ടിയോട് പറയുന്നത്. തുടർന്ന് സ്കൂൾ ടോയ്‍ലെറ്റിലെത്തി ദേഹവും വസ്ത്രങ്ങളും കഴുകി. ഇതിനിടെ, നായ്ക്കുരണ കായുടെ പുറത്തുള്ള പൊടി സ്വകാര്യ ഭാഗങ്ങളിലടക്കം ദേഹമാകെ പുരണ്ടിരുന്നു.
ഏറെ നേരത്തിന് ശേഷമാണ് സംഭവം അധ്യാപകരിൽ ഒരാൾ അറിയുന്നത്. പിന്നാലെ കുട്ടിയുടെ അമ്മയെ വിവരമറിയിച്ചു. തുടർന്ന് അമ്മ മറ്റൊരു വസ്ത്രവുമായി സ്കൂളിലെത്തിയാണ് കുട്ടിയെ ആശുപത്രിയിൽ കൊണ്ടു പോകുന്നത്. സ്വകാര്യ ഭാഗങ്ങളിൽ അണുബാധയുണ്ടായിട്ടുണ്ടെന്ന് ഡോക്ടർ കണ്ടെത്തുകയും മരുന്നു നൽകുകയും ചെയ്തു. കടുത്ത വേദനയുണ്ടായിരുന്നപ്പോഴും എസ്എസ്എൽസി പരീക്ഷ ചൂണ്ടിക്കാട്ടി സ്കൂളിൽ പോകാനും കുട്ടി നിർബന്ധിതയായി. ഈ സമയങ്ങളിലൊന്നും കുട്ടിയുടെ ആരോഗ്യത്തെക്കുറിച്ച് അധ്യാപകരോ പിടിഎ അംഗങ്ങളോ അന്വേഷിച്ചില്ലെന്നും പരാതിയുണ്ട്.
12ാം തീയതി ആയതോടെ കുട്ടിക്ക് നടക്കാൻ പോലും വയ്യാത്ത അവസ്ഥയായി. തുടർന്ന് ചില സാമൂഹിക പ്രവർത്തകരുടെ കൂടി സഹായത്തോടെ തൃക്കാക്കര സഹകരണ ആശുപത്രിയിൽ കുട്ടിയെ അഡ്മിറ്റ് ചെയ്തു. തുടക്കത്തിൽ പൊലീസിൽ പരാതിപ്പെടാൻ മടിയുണ്ടായിരുന്നെങ്കിലും ഫെബ്രുവരി 17ന് പരാതി കൊടുക്കാൻ തീരുമാനിക്കുകയായിരുന്നു. കുട്ടിയുടെ കുടുംബം സിറ്റി പൊലീസ് കമ്മിഷണർക്ക് അടക്കം പരാതി നൽകി. ഇതിനിടെ അധ്യാപകര്‍ 5000 രൂപയും പിടിഎ 7500 രൂപയും ആശുപത്രി ചെലവിനത്തിൽ നൽകി. കഴിഞ്ഞ വർഷം ഈ സ്കൂളിലേക്ക് മാറി വന്നപ്പോൾ മുതൽ പെൺകുട്ടിക്ക് നേരെ ചെറിയ തോതിലുള്ള റാഗിങ്ങും മറ്റും ഉണ്ടായിരുന്നതായി പറയപ്പെടുന്നു.
കടുത്ത ശാരീരിക അസ്വസ്ഥകൾക്കൊപ്പം സ്കൂളിലെ പ്രശ്നങ്ങൾ കുട്ടിയെ മാനസികമായും ബാധിച്ചിരുന്നു. തുടർന്ന് കൗൺസിലിങ് അടക്കം നടത്തിയാണ് കുട്ടി സാധാരണ നിലയിലേക്ക് തിരികെ വന്നുകൊണ്ടിരിക്കുന്നത്. തിങ്കളാഴ്ച എസ്എസ്എൽസി പരീക്ഷ ആരംഭിക്കുകയാണ്. ഇതിനുശേഷം സംഭവത്തിൽ നടപടി സ്വീകരിക്കാനാണ് പൊലീസ് ആലോചിക്കുന്നത്. വിഷയം കഴിഞ്ഞ ദിവസം തൃക്കാക്കര നഗരസഭ കൗൺസിൽ യോഗത്തിലും ചർച്ചയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









