മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളെ വഞ്ചിക്കുന്നു, എം കെ മുനീർ

മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളെ ഓരോ ദിവസവും വഞ്ചിക്കുകയാണെന്ന് മുസ്ലിം ലീഗ് നേതാവ് എം കെ മുനീർ.

Sheeba George | Updated: Jan 16, 2020, 07:05 PM IST
മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളെ വഞ്ചിക്കുന്നു, എം കെ മുനീർ

മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളെ ഓരോ ദിവസവും വഞ്ചിക്കുകയാണെന്ന് മുസ്ലിം ലീഗ് നേതാവ് എം കെ മുനീർ.

ദേശീയ പൗരത്വ പട്ടിക (NRC)യും ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (NPR) ഉം നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പരസ്യമായി പറയുന്നു, എന്നാൽ രഹസ്യമായി പദ്ധതി നടത്തിപ്പുമായി മുന്നോട്ടു പോകുന്നു. NPR നടപടികളുമായി മുന്നോട്ട് പോകാൻ ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.

പദ്ധതി നടപ്പാക്കുമെങ്കില്‍ അത് പരസ്യമായി പറയാൻ മുഖ്യമന്ത്രി തയാറാകണമെന്നും എം കെ മുനീർ ആവശ്യപ്പെട്ടു. 

ഭരണഘടന സംരക്ഷണം എന്ന സർക്കാരിന്‍റെ ഉമ്മാക്കി ശുദ്ധ കാപട്യമാണെന്നും മുഖ്യമന്ത്രിയുടെ നിലപാട് വഞ്ചനാപരമാണെന്നും മുസ്ലിംലീഗ് നേതാവ് പറഞ്ഞു.  

സംസ്ഥാനത്ത് NPR നടപടികൾ ആരംഭിച്ചെന്ന തെളിവുകൾ പുറത്ത് വന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിയെ വിമർശിച്ച് മുസ്ലിംലീഗ് നേതാവ് രംഗത്ത് വന്നിരിക്കുന്നത്.

കേരളത്തില്‍ NPR നോട് ബന്ധപ്പെട്ട നടപടികള്‍ നിര്‍ത്തിവച്ചുവെന്നും, NPR  നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവന ഇറക്കിയിരുന്നു. 

എന്നാല്‍, സ്‌കൂള്‍ അദ്ധ്യാപകരോട് NPR  നടപടികളില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ട് അധികൃതര്‍ നല്‍കിയ ഉത്തരവാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. 

ജനുവരി 13ന് താമരശ്ശേരി തഹസില്‍ദാര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ ഏപ്രില്‍ 15ന് ആരംഭിക്കുന്ന ജനസംഖ്യാ കണക്കെടുപ്പിന് വേണ്ടി അധ്യാപകരുടെ പേര് നിര്‍ദേശിക്കാന്‍ സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ മാര്‍ക്കും, പ്രധാന അധ്യാപകര്‍ക്കും നിര്‍ദ്ദേശം നല്‍കുന്നു. 

സൂപ്പര്‍ വൈസര്‍മാരെയും, എന്യുമറേറ്റര്‍മാരെയും നിയമിക്കാനുള്ള അധ്യാപകരുടെ പേര് നല്‍കാനാണ് ഉത്തരവ്. ഏപ്രില്‍ 15 മുതല്‍ മെയ് 29 വരെയാണ് എന്‍പിആര്‍ പരിഷ്‌ക്കരണത്തിന്‍റെ ഭാഗമായുള്ള സെന്‍സസ് നടക്കുകയെന്നും ഉത്തരവിലുണ്ട്. ഈ ഉത്തരവാണ് മുസ്ലിം ലീഗ് നേതാവ് എം കെ മുനീറിന്‍റെ പ്രസ്തവനയ്ക്ക് അടിസ്ഥാനം.