കലയെ വർഗീയത വളർത്താനുള്ള ആയുധമാക്കി മാറ്റുന്ന രാഷ്ട്രീയത്തിനെതിരെ അണിനിരക്കണമെന്നും മുഖ്യമന്ത്രി കുറിച്ചു.

തിരുവനന്തപുരം: 71ാമത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഏറെ വിവാദം സൃഷ്ടിച്ച ദി കേരള സ്റ്റോറി എന്ന സിനിമക്ക് മികച്ച സംവിധായകനുള്ള പുരസ്കാരം ജൂറി നൽകിയതിനെതിരെയാണ് മുഖ്യമന്ത്രിയുടെ വിമർശനം. ഇന്ത്യൻ സിനിമയുടെ ശ്രേഷ്ഠ പാരമ്പര്യത്തെയാണ് ഈ അവാർഡ് പ്രഖ്യാപനത്തിലൂടെ അവഹേളിച്ചതെന്ന് പിണറായി വിജയൻ കുറിച്ചു. വർഗീയ അജണ്ട നടപ്പാക്കാനുള്ള ആയുധമായി ചലച്ചിത്രത്തെ മാറ്റുക എന്ന സംഘപരിവാർ അജണ്ടയാണ് ഇതിലൂടെ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മികച്ച സഹനടൻ, സഹനടി എന്നീ പുരസ്കാരങ്ങൾ നേടിയ ഉർവശിയെയും, വിജയരാഘവനെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്
എഴുപത്തിയൊന്നാമത്തെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച നേട്ടമാണ് മലയാള സിനിമ കരസ്ഥമാക്കിയത്. തങ്ങളുടെ അതുല്യ പ്രതിഭയാൽ മലയാള സിനിമയെ സമ്പന്നമാക്കിയ ഉർവശിയും വിജയരാഘവനും മികച്ച സഹനടിക്കും സഹനടനുമുള്ള പുരസ്കാരങ്ങൾ നേടിയത് ഈ നിമിഷത്തിൻ്റെ തിളക്കം കൂട്ടുന്നു. കൂടുതൽ മികവുറ്റ സിനിമകളുമായി പുതിയ ഉയരങ്ങളിലേക്ക് കുതിക്കാൻ ഈ അവാർഡുകൾ മലയാള സിനിമയ്ക്ക് പ്രചോദനം പകരട്ടെ എന്ന് ആശംസിക്കുന്നു.
എന്നാൽ കേരളത്തെ അപകീർത്തിപ്പെടുത്താനും വർഗീയത പടർത്താനും നുണകളാൽ പടുത്ത ഒരു സിനിമയ്ക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചതിലൂടെ മത സാഹോദര്യത്തിനും ദേശീയോദ്ഗ്രഥനത്തിനുമായി നിലകൊണ്ട ഇന്ത്യൻ സിനിമയുടെ ശ്രേഷ്ഠപാരമ്പര്യത്തെയാണ് അവാർഡ് ജൂറി അവഹേളിച്ചിരിക്കുന്നത്. വർഗീയ അജണ്ട നടപ്പാക്കാനുള്ള ആയുധമായി ചലച്ചിത്രത്തെ മാറ്റുക എന്ന സംഘപരിവാർ അജണ്ടയാണ് ഇതിലൂടെ അവർ നടപ്പാക്കുന്നത്. ഈ നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നു. ഓരോ മലയാളിയും രാജ്യത്തെ ജനാധിപത്യ വിശ്വാസികളാകെയും ഈ അനീതിക്കെതിരെ സ്വരമുയർത്തണം. കലയെ വർഗീയത വളർത്താനുള്ള ആയുധമാക്കി മാറ്റുന്ന രാഷ്ട്രീയത്തിനെതിരെ അണിനിരക്കണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.