കൂട്ടായ്മ കൈവിടരുത്, സര്‍ക്കാര്‍ ഒപ്പമുണ്ട്: മുഖ്യമന്ത്രി

പ്രളയബാധിതര്‍ക്ക് ആത്മവിശ്വാസം, എല്ലാ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും ഒന്നിച്ച് അതിജീവിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

Last Updated : Aug 13, 2019, 12:38 PM IST
കൂട്ടായ്മ കൈവിടരുത്, സര്‍ക്കാര്‍ ഒപ്പമുണ്ട്: മുഖ്യമന്ത്രി

വയനാട്: പ്രളയബാധിതര്‍ക്ക് ആത്മവിശ്വാസം, എല്ലാ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും ഒന്നിച്ച് അതിജീവിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഉരുള്‍പൊട്ടല്‍ നാശം വിതച്ച വയനാട്ടിലെ പ്രളയബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും  സന്ദര്‍ശിച്ച മുഖ്യമന്ത്രി സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന ഉറപ്പാണ് ജനങ്ങള്‍ക്ക് നല്‍കിയത്. ഒന്നിച്ചുനിന്നുകൊണ്ട് എല്ലാ കഷ്ടപ്പാടുകളെയും ബുദ്ധിമുട്ടുകളെയും അതിജീവിക്കാമെന്ന് മേപ്പാടി ദുരിതാശ്വാസ ക്യാമ്പിലെത്തിയ അദ്ദേഹം പറഞ്ഞു.  

ആദ്യം രക്ഷാപ്രവര്‍ത്തനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും പിന്നീട് പുനരധിവാസം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരന്തമുണ്ടായപ്പോള്‍ ഒത്തൊരുമയോടെ നേരിട്ട കൂട്ടായ്മ കൈവിടരുതെന്നും പുനരധിവാസത്തിനും കൂട്ടായ്മയോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച ശേഷം 12 മണിയോടെ കലക്ടറേറ്റില്‍ നടക്കുന്ന അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പങ്കെടുത്ത് കാര്യങ്ങള്‍ വിലയിരുത്തും. രാവിലെ വിമാനമാര്‍ഗം കരിപ്പൂരിലെത്തിയ മുഖ്യമന്ത്രി ഹെലികോപ്ടറിലാണ് വയനാട്ടിലേക്കെത്തിയത്.

മുഖ്യമന്ത്രിക്കൊപ്പം റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍, ഡിജിപി ലോക്‌നാഥ് ബെഹ്‌റ, ചീഫ് സെക്രട്ടറി ടോം ജോസ്, റവന്യൂസെക്രട്ടറി വി വേണു, ആഭ്യന്തര സെക്രട്ടറി വിശ്വാസ് മേത്ത എന്നിവരും ഉണ്ട്. 

ഉച്ചയോടെ മലപ്പുറത്തെ കവളപ്പാറയിലെ ഭൂതാനത്തെ ദുരിതാശ്വാസ ക്യാമ്പും മുഖ്യമന്ത്രി സന്ദര്‍ശിക്കും. 

മുഖ്യമന്ത്രി ആദ്യമായാണ് ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തുന്നത്.

 

Trending News