ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ നിര്‍ദ്ദേശിച്ചത് കേന്ദ്രം: പിണറായി വിജയന്‍

കണ്ണൂരില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്ര ഉത്തരവ് മുഖ്യമന്ത്രി ഉയര്‍ത്തി കാണിച്ചു.  

Last Updated : Apr 21, 2019, 02:26 PM IST
ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ നിര്‍ദ്ദേശിച്ചത് കേന്ദ്രം: പിണറായി വിജയന്‍

കണ്ണൂര്‍: ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ നിര്‍ദ്ദേശിച്ചത് കേന്ദ്രമാണ് എന്നതിന് വെളിവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്ര ഉത്തരവ് മുഖ്യമന്ത്രി ഉയര്‍ത്തി കാണിച്ചു.

നിരോധനാജ്ഞ നിര്‍ദ്ദേശിച്ചത് കേന്ദ്രമാണെന്ന് പറഞ്ഞപ്പോള്‍ ബിജെപി തെളിവ് ആവശ്യപ്പെട്ടു, ആ ചോദ്യത്തിന് മറുപടിയായിട്ടാണ്ണ് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ ഉത്തരവ് വായിച്ചത്. 

ക്രമസമാധാന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശബരിമലയുടെ വെളിച്ചത്തില്‍ കൃത്യമായ നടപടി എടുക്കണം എന്നാണ് 11034/01/2018 ഐഎസ് ഐബി, കേന്ദ്ര അഭ്യന്തരമന്ത്രാലയം, അഭ്യന്തര സുരക്ഷ, ഫസ്റ്റ് ഡിവിഷന്‍ എന്ന സര്‍ക്കുലറില്‍ പറയുന്നത്. 

ഇതേ സമയം  തെളിവുണ്ടോ എന്ന ബിജെപിയുടെ ചോദ്യം മാധ്യമ പ്രവര്‍ത്തകരും ചോദിച്ചപ്പോള്‍ താന്‍ നരേന്ദ്രമോദിയാണെന്ന് കരുതിയാണ് ഈ ചോദ്യം ചോദിക്കുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി താന്‍ കള്ളം പറയാറില്ലയെന്നും പറഞ്ഞു.

മാത്രമല്ല നിങ്ങള്‍ ഇത് ചോദിക്കും എന്നതിനാലാണ് തെളിവുമായി വന്നത് എന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേ സമയം കേരളത്തില്‍ വര്‍ഗ്ഗീയ ധ്രുവീകരണത്തിനാണ് ബിജെപി ശ്രമിക്കുന്നത് എന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

വംശഹത്യയുടെ വക്താക്കളെ എത്തിച്ച് റോഡ് ഷോ നടത്തുകയാണ് കേരളത്തില്‍ എന്ന് മുഖ്യമന്ത്രി അമിത് ഷായെ പരോക്ഷമായി പരാമര്‍ശിച്ച് അഭിപ്രായപ്പെട്ടു.

Trending News